ഒഐസിസി കുവൈറ്റ് പുനഃസംഘടന അട്ടിമറിച്ചതിൽ കടുത്ത പ്രതിഷേധവുമായി ഒഐസിസി പ്രവർത്തകർ

Nov 3, 2025 - 11:59
 0  4
ഒഐസിസി കുവൈറ്റ് പുനഃസംഘടന അട്ടിമറിച്ചതിൽ കടുത്ത പ്രതിഷേധവുമായി ഒഐസിസി പ്രവർത്തകർ



ഴിഞ്ഞ 11 വർഷമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പോഷക സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) കുവൈറ്റിന്റെ പുനഃസംഘടന നാളിതുവരെയായും നടത്താത്തതിൽ വലിയരീതിയിലുള്ള പ്രതിഷേധങ്ങൾ പ്രവർത്തകർ നടത്തിയിരുന്നു. കെപിസിസി നേതൃത്വത്തോട് നിരന്തരമായും പ്രവർത്തകർ നടത്തിയ പരാതികളുടെ അടിസ്ഥാനത്തിൽ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയും പുതിയ നാഷണൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

നാഷണൽ കമ്മിറ്റി രൂപീകരണ സമയത്തുള്ള  നാഷണൽ കമ്മിറ്റി ഭാരവാഹികളിൽ പലരും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും,  നാഷണൽ പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചുകൊണ്ടു ചില നാഷണൽ കമ്മിറ്റി അംഗങ്ങൾ രാജിവെക്കുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുള്ള നാഷണൽ കമ്മിറ്റിയിൽ 8 നാഷണൽ ഭാരവാഹികൾ മാത്രമാണ് ബാക്കിയുള്ളത്. ഓർക്കണം 14 ജില്ലാ കമ്മിറ്റികൾ നിയന്ത്രിക്കേണ്ട നാഷണൽ കമ്മിറ്റിയിൽ 8 പേര് മാത്രമാണ് അവശേഷിക്കുന്നത്. ഇവരുടെ സ്വാർത്ഥലാഭത്തിന്റെ ഫലമായി അയ്യായിരത്തോളം അംഗങ്ങൾ ഉള്ളിടത് ഇപ്പോൾ ആയിരത്തി അഞ്ഞൂറ് അംഗങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്.

ഒഐസിസിയുടെ ഈ ദുരവസ്ഥയെക്കുറിച്ചു സേവ് ഒഐസിസിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ യോഗം കൂടുകയും ഈ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിൽ നാഷണൽ പ്രസിഡന്റ് ഒരു പത്ര സമ്മേളനം വിളിക്കുകയും പുനഃസംഘടന ഉടനെ ഉണ്ടാകുമെന്നും താൻ ഇനി പ്രസിഡന്റ് സ്ഥാനത്തു തുടരാൻ ഇല്ലാ എന്നും ഉറപ്പു നൽകിയിരുന്നു. അതോടൊപ്പം ഉയർന്നു വന്ന പ്രധാന ആക്ഷേപം വയനാട് ദുരിതബാധിതർക്കായി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരിച്ച തുക കൈമാറാതെ വകമാറ്റി ചിലവഴിച്ചു എന്നതായിരുന്നു, ഇതിന് മറുപടിയായി ഈ തുക ഉടനെ കൈമാറാം എന്നും ഉറപ്പുനൽകിയിരുന്നു.

പക്ഷേ ഇപ്പോൾ ഏല്ലാ മാനദണ്ഡങ്ങളും കാറ്റില്പറത്തികൊണ്ട് ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിനെ പോലും നോക്കുകുത്തിയാക്കികൊണ്ട് കഴിഞ്ഞ ദിവസം പുനഃസംഘടന നാടകം നടത്തി യാതൊരു കൂടിയാലോചനകളും നടത്താതെ നാഷണൽ പ്രസിഡന്റ് താൻ തയ്യാറാക്കിയ ലിസ്റ്റ് മുത്തലിബിനെ ഏൽപ്പിച്ചു മടക്കി അയച്ചു.

ഒരു ഗൾഫ് രാജ്യങ്ങളിലും നടക്കാത്ത രീതിയിൽ അസാധാരണമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കഴിഞ്ഞ ദിവസം കുവൈറ്റിൽ അരങ്ങേറിയത്. ഈ കഴിഞ്ഞ ജനുവരിയിൽ 14 ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു  നാഷണൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. പക്ഷെ നാഷണൽ കമ്മിറ്റിയുടെ പുനഃസംഘടന ഓരോ കാരണങ്ങൾ പറഞ്ഞു നാഷണൽ പ്രസിഡന്റ് നീട്ടി നീട്ടി ഇപ്പോൾ ഈ കഴിഞ്ഞ ബുധനാഴ്ച്ച ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ മുത്തലിബ് കുവൈറ്റിൽ എത്തിച്ചേരുകയും ചർച്ച എന്ന പേരിൽ പൊറാട്ടു നാടകം കളിച്ചു മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളെയും വിഡ്‌ഡികളാക്കികൊണ്ടു നാഷണൽ പ്രസിഡന്റ് തയ്യാറാക്കിയ ലിസ്റ്റുമായി മടങ്ങി.

പുതിയതായി നാഷണൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിന്റെ സാനിധ്യത്തിൽ പുനഃസംഘടന യോഗം ഉണ്ടാകും എന്ന് അറിയിപ്പ് ലഭിക്കുകയുണ്ടായി . അതിനു മുന്നേ 14 ജില്ലാ കമ്മിറ്റി പ്രസിഡന്റും ജനറൽ സെക്രട്ടറിമാരുമായി 5 മിനിറ്റ് മാത്രം അനുവദിച്ചുകൊണ്ട് നാഷണൽ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒരു യോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് ബുധനാഴ്ച കൂടുകയുണ്ടായി. ഈ യോഗത്തിൽ നാഷണൽ പ്രസിഡന്റിന്റെ സാനിധ്യം മൂലം ജില്ലാ കമ്മിറ്റികൾക്ക് അവരവരുടെ അഭിപ്രായം മുത്തലിബിനോട് രേഖപ്പെടുത്താൻ സാധിച്ചില്ല, ഇത് വ്യാപകമായ പരാതികൾക്ക് കാരണമായി. തുടർന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 6 മണിക്ക് യോഗം ചേർന്നപ്പോൾ പുനഃസംഘടന യോഗം അല്ല എന്നും പ്രധിനിധി യോഗം മാത്രമാണെന്നും മനസിലാക്കാൻ കഴിഞ്ഞു.  ഈ യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുത്ത മുത്തലിബിന് ഷാൾ അണിയിച്ചു സ്വീകരണം നൽകുകയും, മുത്തലിബിന് സ്വീകരണം നൽകി എന്ന് കാണിച്ചു പത്രമാധ്യമങ്ങളിൽ വാർത്തകൊടുക്കുകയും ചെയ്തു.  ഈ യോഗത്തിൽ കഴിവുകെട്ട മുഴുവൻ നാഷണൽ ഭാരവാഹികളും മാറണമെന്നും പുതിയ ഊർജസ്വലമായ നേതൃത്വം വരണം എന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പക്ഷെ ഭാരവാഹികളുടെ ലിസ്റ്റ് യോഗത്തിൽ വായിക്കാൻ സാധിക്കില്ല എന്നും നവംബർ 1 ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കും എന്ന ഉറപ്പ് നൽകി യോഗം അവസാനിപ്പിച്ചു മുത്തലിബ് നാട്ടിലേക്കു മടങ്ങി.

കുവൈറ്റ് ഒഐസിസി പ്രവർത്തകരുടെ ഏറെ നാളത്തെ ആവശ്യമാണ് നിർജീവമായി, പ്രവർത്തിക്കാത്ത മുഴുവൻ നാഷണൽ ഭാരവാഹികളെയും മാറ്റി പുതിയ ഊർജസ്വലമായ കമ്മിറ്റി ഉണ്ടാകണമെന്നുള്ളത്.
എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന കണക്കേ പഴയ മുഴുവൻ ഭാരവാഹികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ലിസ്റ്റ് മുത്തലിബ് കെപിസിസിക്ക് കൈമാറുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു. നാഷണൽ പ്രസിഡന്റിന്റെ പാത പൂജ ചെയ്തു ഭയ ഭക്തി ബഹുമാനത്തോടെ ഓച്ഛാനിച്ചു നിൽക്കുന്ന ഈ നാഷണൽ ഭാരവാഹികളെ ചുമക്കാൻ ഒഐസിസി പ്രവർത്തകർ തയ്യാറല്ല. കെപിസിസി നിർദ്ദേശാനുസരണം 25 അംഗങ്ങളെ ചേർക്കുന്നവർ മാത്രമേ നാഷണൽ കൗൺസിലിലും തുടർന്ന് നാഷണൽ ഭാരവാഹി ആകാനും സാധിക്കു. പക്ഷെ ഇതിൽ പഴയ നാഷണൽ കമ്മിറ്റി ഭാരവാഹികളിൽ പലരും 25 അംഗങ്ങളെ ചേർത്തിട്ടില്ല. അതോടൊപ്പം പ്രാദേശീയ സംഘടനയിൽ ഭാരവാഹിതമുള്ളവർക്ക് നാഷണൽ കമ്മിറ്റി ഭാരവാഹി ആകാൻ സാധിക്കില്ല എന്ന കെപിസിസിയുടെ കർശന നിർദ്ദേശം ഇരിക്കെ പല നാഷണൽ ഭാരവാഹികളും ഇപ്പോളും പ്രാദേശീയ സംഘനകയിൽ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്.
ഇവർ ചേർത്തിത്തിട്ടുള്ള അംഗങ്ങളുടെ ലിസ്റ്റും പ്രാദേശിയ സംഘനകളിൽ വഹിക്കുന്ന സ്ഥാനങ്ങളും കെപിസിസിക്ക് നേരിട്ട് രേഖാമൂലം നല്കാൻ ഇരിക്കുകയാണ് സേവ് ഒഐസിസി പ്രവർത്തകർ.

സേവ് ഒഐസിസി പ്രവർത്തകർ കെപിസിസിക്ക് സമർപ്പിച്ച പരാതിയിൽ ഉന്നയിച്ച ചില ചോദ്യങ്ങൾ / ആവശ്യങ്ങൾ.

1. മറ്റൊരു ഗൾഫ് രാജ്യത്ത് ഒഐസിസി/ഇൻകാസ് കമ്മിറ്റി 11 വര്ഷത്തോളം തുടരാൻ കെപിസിസി അനുവാദം കൊടുക്കുമോ.
2.  ഏതൊരു കമ്മിറ്റി നിലവിൽ വന്നാലും അതിനൊരു നിശ്ചിത കാലയളവുണ്ട്,  എന്തുകൊണ്ട് കെപിസിസി 11 വര്ഷം തുടരാൻ കുവൈറ്റ് ഒഐസിസിക്ക് അനുവാദം കൊടുത്തു.
3.  തീർത്തും നിർജീവമായി വര്ഷങ്ങളോളം പ്രവർത്തന രഹിതമായ നാഷണൽ കമ്മിറ്റിയെ എന്തുകൊണ്ട് തുടരാൻ അനുവദിച്ചു.
4.  നാഷണൽ കമ്മിറ്റി പ്രസിഡന്റിന് അനാരോഗ്യം മൂലം വര്ഷങ്ങളായി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എന്തുകൊണ്ട് പുനഃസംഘടന നടത്തി പുതിയ കമ്മിറ്റി എടുക്കുന്നതിൽ ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾ തയ്യാറായില്ല.
5.   11 വര്ഷങ്ങള്ക്കു ശേഷം ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ 5000 അംഗങ്ങളിൽ നിന്നും എങ്ങനെ മെമ്പർഷിപ്പ് 1500 ആയി
6.  ഒഐസിസിയുടെ ഭാഗമായ യൂത്ത് വിങ്, വനിതാ വിങ്, വെൽഫെയർ വിങ്, മീഡിയ വിങ്, സ്പോർട്സ് വിങ് തുടങ്ങി മറ്റു ഘടകങ്ങൾക്ക് കമ്മിറ്റികളോ അംഗങ്ങളോ ഇല്ലാ. ഈ നാഷണൽ കമ്മിറ്റി എന്തുകൊണ്ട് ഒഐസിസിയുടെ ഭാഗമായ ഈ ഘടകങ്ങൾക്ക് കമ്മിറ്റി ഉണ്ടാക്കിയില്ല.
7.  നാട്ടിൽ നിന്നും നേതാക്കന്മാരെ കൊണ്ടുവന്ന് വ്യാപകമായ പണപ്പിരിവ് നടത്തി മെഗാ ഇവന്റ് എന്ന പേരിൽ നാഷണൽ കമ്മിറ്റി നടത്തിയ വിവിധ പരിപാടികളുടെ കണക്കുകൾ കെപിസിസി ഇടപെട്ടുകൊണ്ട് ഒരു ഓഡിറ്റിന് വിധേയമാക്കണം.
8. നാഷണൽ കമ്മിറ്റി പ്രസിഡന്റിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കെപിസിസി നേരിട്ട് അന്വേഷിക്കണം.
9. ഒഐസിസി മുൻ നാഷണൽ കമ്മിറ്റി ട്രഷറർ, കൊല്ലം ജില്ലാ മുൻ പ്രസിഡന്റ് എന്നിവരെ ഒഐസിസിയിൽ നിന്നും പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണം.
10. നാഷണൽ കമ്മിറ്റി പിരിച്ച വയനാട് ഫണ്ട് ആർക്കു കൈമാറി എന്നതിന് വ്യക്തത വരുത്തണം.

സേവ് ഒഐസിസി കുവൈറ്റ് പ്രവർത്തകർ മേഖലാടിസ്ഥാനത്തിൽ യോഗങ്ങൾ കൂടുകയും അസംതൃപ്തരായ നിരവധി പ്രവർത്തകരെ ഒന്നിപ്പിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങളും ആദർശങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവാസലോകത്തു‌ കരുത്തുറ്റ സംഘടനകളിൽ ഒന്നായി സേവ് ഒഐസിസി കുവൈറ്റിനെ മാറ്റുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മെമ്പർഷിപ് ക്യാമ്പയിൻ നടത്തി മേഖലാടിസ്ഥാത്തിൽ കമ്മിറ്റികൾ രൂപീകരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നനും സേവ് ഒഐസിസി കുവൈറ്റ് പ്രവർത്തകർ അറിയിച്ചു.