റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധാകേന്ദ്രമായി യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ: ഇന്ത്യൻ പരമ്പരാഗത വസ്ത്രത്തിൽ തിളങ്ങി ഉർസുല

Jan 26, 2026 - 19:30
 0  5
റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധാകേന്ദ്രമായി യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ: ഇന്ത്യൻ പരമ്പരാഗത വസ്ത്രത്തിൽ തിളങ്ങി ഉർസുല

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ   വസ്ത്രധാരണത്തിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗത ഇന്ത്യൻ ശൈലിയും ആധുനികതയും ഒത്തുചേരുന്ന മെറൂൺ-സ്വർണ്ണ നിറങ്ങളിലുള്ള ബ്രോക്കേഡ് ബന്ദ്ഗാല ജാക്കറ്റും ഓഫ്-വൈറ്റ് പാന്റും ധരിച്ചായിരുന്നു അവർ പരേഡിന് എത്തിയത്. 

അന്താരാഷ്ട്ര വേദികളിൽ സാധാരണയായി പാൻറ് സ്യൂട്ടുകൾ ധരിക്കാറുള്ള ഉർസുല, പരമ്പരാഗത ഇന്ത്യൻ സംസ്കാരങ്ങളോട് ഇണങ്ങിച്ചേരുന്ന വസ്ത്രം തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ ബഹുമാനമാണ് ഇതിലൂടെ പ്രകടമായത്. 

രാഷ്ട്രപതി ദ്രൗപതി മുർമു, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലസ് സാന്റോസ് ഡാ കോസ്റ്റ എന്നിവർക്കൊപ്പം പരമ്പരാഗത കുതിരവണ്ടിയിൽ കർത്തവ്യ പഥിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഉർസുല തൻറെ സന്തോഷം എക്സിൽ പങ്കുവച്ചു. "റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാകാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. ഇന്ത്യയുടെ വിജയം ലോകത്തിന് കൂടുതൽ സ്ഥിരതയും സമൃദ്ധിയും സുരക്ഷയും നൽകുന്നു. നമുക്കെല്ലാവർക്കും അതിൻറെ പ്രയോജനം ലഭിക്കും," അവർ കുറിച്ചു.

രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ അകമ്പടിയോടെ നടന്ന ആചാരപരമായ കുതിരവണ്ടി ഘോഷയാത്ര റിപ്പബ്ലിക് ദിന പരേഡിന്റെ ഏറ്റവും ആകർഷകമായ ചടങ്ങുകളിൽ ഒന്നായിരുന്നു.