ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു

Jan 27, 2026 - 13:08
 0  4
ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയിൽ ഗൗരിനന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനത്തുവെച്ച് ഇടഞ്ഞ ആന, അവിടെ പാർക്ക് ചെയ്തിരുന്ന പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.

പടിഞ്ഞാട്ടുമുറി ശാഖയുടെ എഴുന്നള്ളിപ്പിനായാണ് ആനയെ കൊണ്ടുവന്നത്. മൈതാനത്ത് നിലയുറപ്പിച്ചിരുന്ന ആന പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ആന കാർ കുത്തിമറിക്കുന്നത് കണ്ട് ഉത്സവത്തിനെത്തിയ ആളുകൾ ചിതറിയോടിയത് വലിയ പരിഭ്രാന്തിക്ക് കാരണമായി. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

സംഭവം നടന്ന ഉടൻ തന്നെ എലിഫന്റ് സ്ക്വാഡ് പ്രവർത്തകരും പാപ്പാന്മാരും ചേർന്ന് ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ ശാന്തനാക്കി തളച്ചു. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആനയെ ഉത്സവപ്പറമ്പിൽ നിന്നും മാറ്റി. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു.