'കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് കോടികൾ സമ്പാദിച്ചു, 'ഗ്ലിസറിൻ കണ്ണീർ' ഒഴുക്കി അനുശോചന പരിപാടികൾ സംഘടിപ്പിക്കുന്നു '; വിജയ്ക്കെതിരെ രൂക്ഷവിമർശനം ഉയർ‌ത്തി എഐഎഡിഎംകെ

Jan 26, 2026 - 19:49
 0  5
'കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് കോടികൾ സമ്പാദിച്ചു, 'ഗ്ലിസറിൻ കണ്ണീർ' ഒഴുക്കി  അനുശോചന പരിപാടികൾ സംഘടിപ്പിക്കുന്നു '; വിജയ്ക്കെതിരെ  രൂക്ഷവിമർശനം ഉയർ‌ത്തി എഐഎഡിഎംകെ
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ ആദ്യമായി കടുത്ത ആക്രമണം നടത്തി എഐഎഡിഎംകെ. വിജയ് എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായിട്ടാണ് പാർട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്.
ടിവികെ നേതാവിന്‍റെ ആരോപണങ്ങൾ പൂർണമായും തള്ളിയ എഐഎഡിഎംകെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.
'ബ്ലാക്ക് ടിക്കറ്റ്' വിജയ് എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു എഐഎഡിഎംകെയുടെ മറുപടി. വിജയ് കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വലിയ രീതിയില്‍ പണം സമ്പാദിച്ച വലിയ അഴിമതിക്കാരനാണ്. കടുത്ത ആത്മരതിയാണ് വിജയ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിന് വിജയ് ഭാഗികമായി ഉത്തരവാദിയാണെന്നും എഐഎഡിഎംകെ ആരോപിച്ചു.
ദുരന്തത്തിനു ശേഷം 72 ദിവസത്തിലധികം വിജയ് സ്വന്തം വീട്ടില്‍ ഒളിച്ചിരുന്നുവെന്നും പാർട്ടി ഓഫീസ് അടച്ചുപൂട്ടിയെന്നും അവർ ആരോപിച്ചു.
 ദുരിതബാധിത കുടുംബങ്ങളെ സന്ദർശിക്കാതെ, അവരെ തന്റെ അടുത്തേക്ക് വരാൻ നിർബന്ധിച്ചത് 'അഹങ്കാരം' ആണ്. വിജയ് യുടെ രാഷ്ട്രീയ പെരുമാറ്റം അപകടകരമായ നാർസിസിസ്റ്റിക് പെരുമാറ്റമാണ്. അദ്ദേഹം "ഗ്ലിസറിൻ കണ്ണീർ" ഒഴുക്കി കൊണ്ട് അനുശോചന പരിപാടികൾ സംഘടിപ്പിക്കുകയും സ്വയം പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നും എഐഎഡിഎംകെ ആരോപിച്ചു.