കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച് പി കെ ശശി; നാളെ മാധ്യമങ്ങളെ കണ്ടേക്കും

Feb 19, 2026 - 09:05
Feb 19, 2026 - 09:06
 0  5
കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച് പി കെ ശശി;  നാളെ മാധ്യമങ്ങളെ കണ്ടേക്കും

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശിയുടെ രാജി. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

എം വി ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി കുറേ നാളുകളായി അകന്നു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ശശിക്ക് സ്വാധീനമുണ്ട്. സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്ന കാര്യമാണ്.