നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു

നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷകള്‍ നടക്കുക.

മുന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈനായാണ് ഇപ്രാവശ്യം പരീക്ഷ നടക്കുക.

സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയുടെയും തീയതികള്‍ ഒപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 25 മുതല്‍ 27 വരെയുള്ള തീയതികളിലാണ് അവ നടക്കുക.

ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജൂണ്‍ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് കൈമാറാനും തീരുമാനിച്ചിരുന്നു.
സിഎസ്‌ഐആര്‍യുജിസി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായും ആരോപണമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്.