രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം

Oct 14, 2025 - 20:23
 0  4
രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം
രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ വെന്ത്  മരിച്ചു. 
57 യാത്രക്കാരുമായി   ഉച്ചകഴിഞ്ഞ് 3 മണിയോടെ ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത് . ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ബസ്  തീയിൽ മുങ്ങി.
 
നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി, അഗ്നിശമന സേനാംഗങ്ങളും പോലീസും ഉടൻ എത്തി. പരിക്കേറ്റ യാത്രക്കാരെ ആദ്യം ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഗുരുതരമായി പരിക്കേറ്റ 16 പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
 
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
 
ജയ്സാൽമീറിൽ ഉണ്ടായ അപകടത്തിൽ20  ജീവനുകൾ  നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകൾ ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
 
"രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉണ്ടായ ദാരുണമായ ബസ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു" എന്ന് ഇന്ത്യൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ദുഃഖം രേഖപ്പെടുത്തി.