മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി

Jan 31, 2026 - 11:41
 0  4
മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി

കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ കണ്ടുകെട്ടിയ മരങ്ങൾ വിട്ടുനൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. മുറിച്ചുമാറ്റിയ 104 ഈട്ടിമരങ്ങൾ വനംവകുപ്പ് കണ്ടുകെട്ടിയ ഡി.എഫ്.ഒയുടെ നടപടി വയനാട് അഡീഷണൽ ജില്ലാ കോടതി ശരിവച്ചു. മരങ്ങൾ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച പതിനഞ്ചോളം ഹർജികളാണ് കോടതി നിരസിച്ചത്.

നിയമവിരുദ്ധമായ ഒരു ഉത്തരവിന്റെ മറവിൽ നിയമവിരുദ്ധമായാണ് മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് കോടതി നിരീക്ഷിച്ചു. 2020-21 കാലയളവിൽ സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി 500 വർഷത്തിലധികം പഴക്കമുള്ള സംരക്ഷിത മരങ്ങൾ ഉൾപ്പെടെയാണ് പ്രതികൾ മുറിച്ചുകടത്തിയത്. പിന്നീട് സർക്കാർ ഈ ഉത്തരവ് തിരുത്തുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി മുറിച്ച മരങ്ങൾ വിട്ടുനൽകാൻ വനംവകുപ്പിനോട് ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

കോടികൾ വിലമതിക്കുന്ന മരംമുറി കേസിൽ ഡി.എൻ.എ പരിശോധനയിലൂടെയാണ് മുറിച്ചുമാറ്റിയത് സംരക്ഷിത മരങ്ങളാണെന്ന് വനംവകുപ്പ് തെളിയിച്ചത്. വനംവകുപ്പിന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. ജയപ്രമോദ് കോടതിയിൽ ഹാജരായി. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ പന്ത്രണ്ടോളം പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.