വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്റെ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമെടുത്തത്. നേരത്തെ ഛത്തീസ്ഗഢ് സർക്കാർ രാംനാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പ്രതികൾ രാംനാരായണിനെ മർദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് വ്യക്തമാക്കുന്ന പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. കേസിലെ ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ് എന്നിവർ വടികൊണ്ടും കൈകൾകൊണ്ടും രാംനാരായണിന്റെ തലയ്ക്കും മുതുകിനും ക്രൂരമായി മർദ്ദിച്ചു. മൂന്നാം പ്രതി മുരളി മുഖത്ത് അടിച്ചതായും നാലാം പ്രതി ആനന്ദനും അഞ്ചാം പ്രതി ബിപിനും വയറ്റിൽ ചവിട്ടുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സാക്ഷിമൊഴികളും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്