കാറോൾട്ടൺ ഇരട്ടക്കൊലക്കേസിൽ പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

May 20, 2026 - 10:27
 0  6
കാറോൾട്ടൺ ഇരട്ടക്കൊലക്കേസിൽ പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

  പ്രസാദ് തീയാടിക്കൽ

കാരോൾട്ടൻ, ടെക്സാസ് : ടെക്സസിലെ കാറോൾട്ടണിൽ ഈ മാസം നടന്ന ഇരട്ട വെടിവെപ്പ് കൊലപാതക കേസിൽ പ്രധാന പ്രതിയായ സെയൂങ് ഹോ ഹാൻ ന്റെ ഭാര്യ എയ് സോൺ ഹാൻ നെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം കൊലപാതകത്തിൽ സഹായിച്ചെന്നാരോപണം ഉണ്ടായിരുന്നു. മിന്നസോട്ടയിൽ നിന്നാണ് യു.എസ്. മാർഷൽസ് സർവീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.

കേസന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളും തുടർചോദ്യം ചെയ്യലുകളും അടിസ്ഥാനമാക്കി, വെടിവെപ്പ് നടന്ന സമയത്ത് ഏ സോൻ ഹാൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും രണ്ടാമത്തെ കൊലപാതകത്തിൽ ഭർത്താവിനെ സഹായിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ടെക്സസിലേക്ക് തിരിച്ചുകൊണ്ടുവന്ന് നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കാറോൾട്ടൺ പൊലീസ്.

മെയ് 5-നായിരുന്നു കാറോൾട്ടണിലെ കൊറിയൻ വ്യാപാരമേഖലയായ കെ-ടൗൺ പ്ലാസയ്ക്ക് സമീപം വെടിവെപ്പ് ഉണ്ടായത്. ആദ്യ ആക്രമണത്തിൽ നാല് പേർക്ക് വെടിയേറ്റു. പിന്നീട് സമീപത്തെ ഒരു അപാർട്ട്മെന്റിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാൾ കൊല്ലപ്പെട്ടു. ആകെ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

69-കാരനായ സ്യൂങ് ഹോ ഹാൻ പൊലീസ് ചോദ്യം ചെയ്യലിൽ വെടിവെപ്പ് നടത്തിയതായി സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാൾ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ രണ്ട് ക്യാപിറ്റൽ മർഡർ കുറ്റങ്ങളും മൂന്ന് അഗ്രവേറ്റഡ് അസോൾട്ട് കുറ്റങ്ങളും നിലവിലുണ്ട്.

സംഭവം കാറോൾട്ടണിലെ കൊറിയൻ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. ഇത് യാദൃശ്ചിക ആക്രമണമല്ലെന്നും വ്യക്തിപരമായ വ്യാപാര തർക്കങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യബദ്ധമായ ആക്രമണമാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.