നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ തമിഴ്‌നാട്

Oct 11, 2026 - 18:08
 0  4
നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ തമിഴ്‌നാട്

ചെന്നൈ ; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും മാത്രം പാടി തമിഴ്‌നാട്. ഐ ഐ ടി മദ്രാസില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരം പാടാതിരുന്നത്. വൈകിട്ട് ജയ്‌ഗോപാല്‍ ഗരോഡിയ സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് നരേന്ദ്രമോദി മടങ്ങിയത്. 13,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.

തമിഴ് നാട്ടിലെ വിവിധ മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചുവെന്നും സംസ്ഥാനത്തിന്റെ വികസനമാണ് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു.

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട സര്‍വീസ് നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വടപളനിമുതല്‍ പൂനമല്ലി വരെയാണ് പുതിയ ലൈന്‍. പതിനൊന്ന് മണിയോടെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സി ജോസഫ് വിജയ് സ്വീകരിച്ചു. പിന്നീട് റോഡ് ഷോയായി പോരൂര്‍ ബൈപാസ് മെട്രോ സ്റ്റേഷനിലേക്ക്. രണ്ടാംഘട്ട സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം, പോരൂര്‍ മുതല്‍ പൂനമല്ലിവരെ മെട്രോയില്‍ യാത്ര ചെയ്തു. 

ഐ ഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണന്‍ ബ്രയിന്‍ സെന്റര്‍ ഉദ്ഘാടനത്തിന് ശേഷം, അഞ്ച് അമൃത് ഭാരത് റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണം, മൂന്ന് റെയില്‍വെ ഫ്‌ളൈ ഓവറുകള്‍, കാരയ്ക്കല്‍-പേരളം റെയില്‍ ലൈന്‍, മൂന്ന് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജ സ്ഥാപിച്ച മ്യൂസിക് റിസര്‍ച്ച് സെന്റര്‍ എന്നിവ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു