മകൾക്കൊരുദിനം : സൂസൻ പാലാത്ര

 മകൾക്കൊരുദിനം : സൂസൻ പാലാത്ര
ബാലികദിനാശംസകൾ!  
                  
ൻ്റെ കുട്ടികാലത്ത്  പൂക്കളെപ്പോലെയാണ് പെൺകുരുന്നുകളെയും ഞാൻ കണ്ടിരുന്നത്. പൂക്കൾ, ചിത്രശലഭങ്ങൾ, കുട്ടികൾ... പ്രത്യേകിച്ചും പെൺകുട്ടികൾ... ഞാൻ ഏറെ ഇഷ്ടപ്പെട്ട ജീവൻ്റെ തുടിപ്പുകൾ ഇവയായിരുന്നു. കുറേക്കൂടി വളർന്നപ്പോൾ വീടിൻ്റെ ചുറ്റുപാടുകൾ മൂലം,  തുള്ളിച്ചാടിക്കളിക്കുന്ന പശുക്കിടാങ്ങളെയും ആട്ടിൻകുട്ടികളെയും കൂടി ഇഷ്ടഗണത്തിൽ ഉൾപ്പെടുത്തി. ഞങ്ങൾ മക്കൾ കന്നുകാലികളെയും ആടിനെയും കോഴിയേയുമൊക്കെ വളർത്താൻ അമ്മ ഒരു ഉപായം കണ്ടിരുന്നു. ഇത്, ഇന്നാർക്ക്, ഇതിന്നാർക്ക്   എന്ന് തരംതിരിച്ചു ഞങ്ങൾക്ക് അവയെ തന്നിരുന്നു. അങ്ങനെ ചാകാറായ ഒരു പശുക്കിടാവിനെ അമ്മ ചേച്ചിയ്ക്ക് നല്കി. പാലുകുടി ശരിയാവാഞ്ഞിട്ടോ എന്തോ അത് ചാകും എന്ന നിലയിലായപ്പോൾ ഉറക്കമിളച്ച് പല പ്രകാരത്തിലും ചേച്ചിയും ചേച്ചിക്ക് കൂട്ടായിഞാനും ഒരുരാത്രി മുഴുവൻ  അതിനെ വളരെ പ്രാർത്ഥനയോടെ, ശ്രദ്ധയോടെ വീടിനുള്ളിൽ ചാക്കുകൾ അട്ടിയടുക്കി  അതിൽ കിടത്തി, മരുന്നുകൾ നല്കി പരിപാലിച്ചു എന്നിട്ടും നേരം വെളുക്കാറായപ്പോൾ അത് പോയി. ജീവൻ രക്ഷിക്കാനായില്ല. വാവിട്ട് ഞങ്ങൾ നിലവിളിച്ചു. അതിനെ സംസ്കരിച്ചതും അതിൻ്റെ കുഴിമാടത്തിനു മുകളിൽ പൂക്കൾ വിതറിയതുമൊക്കെ ഓർമ്മവരുന്നു. 
  മനുഷ്യനോടും സർവ്വജീവജാലങ്ങളോടും അലിവുള്ളകൂട്ടർ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തന്നെയാണ്. ശൈവപ്രായം മുതൽ തന്നെ ആ ആർദ്രസ്വഭാവം അവരിൽ രൂഢമൂലമാണ്.  ആൺകുട്ടികളെക്കാൾ പെൺകുട്ടികൾക്കാണ് എൻ്റെ നോട്ടത്തിൽ സ്വഭാവത്തിലും പ്രവർത്തിയിലും കാഴ്ചയ്ക്കും കൂടുതൽ സൗന്ദര്യമുള്ളത്.
  നാലുസഹോദരന്മാരുടെ കൂടെയുള്ള ജീവിതമായിരുന്നതിനാലാവണം, പെൺകുട്ടികളോട് കൂടുതൽ അലിവു തോന്നിയത്. ആൺമേൽക്കോയ്മ അല്പം കൂടുതലുണ്ടായിരുന്നു എൻ്റെ വീട്ടിൽ. എന്നാൽ പെൺകുട്ടികൾക്കും  സ്വാതന്ത്ര്യം നല്കിയിരുന്നു.  ഒപ്പം ഭക്ഷണവുംശ്രദ്ധയും നല്കിയിരുന്നു. വീട്ടുജോലികൾ കുറച്ചൊക്കെ പെൺകുട്ടികൾ അറിഞ്ഞ് കൂടുതൽ ചെയ്തുകൊടുത്തു. എന്നാലും ഒരിത്തിരിസ്നേഹം അമ്മയ്ക്ക് ആൺമക്കളോട് കൂടുതൽ പ്രകടമായിരുന്നു.. എൻ്റെ ഒരുസഹോദരന് ചോറുണ്ണാൻ  പതിവായി മുട്ട പൊരിച്ചതു വേണമായിരുന്നു. അവന് അമ്മ കുറെ കോഴികളെ നല്കിയിരുന്നു.  മുട്ട കൂടുതൽ കഴിക്കുന്ന അവൻ്റെ ഇടി ഞങ്ങൾ സഹോദരിമാർ കൊണ്ടിട്ടുമുണ്ട്. എനിക്കും മുട്ടതിന്നാൻ ഒരു വെള്ള ലഗോൺ കോഴിയെ അമ്മതന്നു. കാലിൽ ഒരുവളയമിട്ട് കോഴിയെമാറാതിരിക്കാൻ ഞാൻശ്രദ്ധിച്ചു. ഒരിക്കൽ അമ്മയുടെ ഒരു വെള്ളലഗോൺ ചത്തപ്പോൾ ടി കുസൃതിയായ സഹോദരൻ എൻ്റെ കോഴിയുടെ കാലിലെ വളയമൂരി അതിൻ്റെ കാലിലിട്ടു. പക്ഷേ സ്നേഹവതിയായ എൻ്റെകോഴി എൻ്റെയടുത്ത് കൊക്കുരുമ്മി വന്നപ്പോൾ സഹോദരന്റെ ക്രൂരത എല്ലാവർക്കും ഒരു ചിരിവിഷയമായി.
 എൻ്റെവീടിൻ്റെ മുമ്പിലൂടെ  കെ. കെ. റോഡ് പോകുന്നു.  അക്കരെ അടുപ്പിച്ചടുപ്പിച്ചു  ഒരേ നിരയിലെ നാലു വീടുകളിൽ ഈരണ്ട് പെൺകുട്ടികൾ. അവിടെ നല്ല ശാന്തതയും പെൺകുട്ടികളുടെ തിമർപ്പും. റോഡിനിക്കരെ വശത്ത്  എല്ലാ വീടുകളിലും  ആൺകുട്ടികൾ ഏറെയുണ്ട്. ആണും പെണ്ണുമായി. ആൺകുട്ടികൾ പെൺകുട്ടികളെ അപേക്ഷിച്ച് സ്വതന്ത്രരും ഉത്തരവാദിത്വം കുറഞ്ഞവരുമാണ്. ആൺമക്കൾ കൂടുതലുള്ള  വീടുകളിലെ  ശബ്ദമുഖരിതമായ അന്തരീക്ഷവും പുരുഷ മേൽക്കോയ്മയും എന്നെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. 
      (എന്നിരുന്നാലും എൻ്റെ സഹോദരിമാരെക്കാളും തെല്ലു സ്നേഹക്കൂടുതൽ എനിക്ക് സഹോദരന്മാരോടായിരുന്നു എന്നത്  അവർ പോലും അറിയാത്ത ഒരു സത്യമാണ്).
   പിതൃസഹോദരൻ്റെ  നാലുപെൺമക്കൾ അനുഭവിക്കുന്ന സ്നേഹലാളനകൾ കൂടി കണ്ടാണ് വളർന്നത്. സഹോദരന്മാർ ഒപ്പമില്ലാത്ത ആ വീട്ടിലെ സ്വച്ഛത എന്നെ തെല്ലൊന്നുമല്ല ആകർഷിച്ചത്. 
       വളർന്നു വലുതായപ്പോൾ ഞാൻ ആഗ്രഹിച്ചു. എനിക്ക് ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകുമ്പോൾ പെണ്ണുമാത്രം മതിയെന്ന്. എന്തെല്ലാം സങ്കല്പങ്ങൾ: നല്ല ഉടുപ്പുകൾ ഇടുവിച്ച് പൂമ്പാറ്റയെപ്പോലെ പാറിക്കളിപ്പിയ്ക്കണം.. നൃത്തം പഠിപ്പിയ്ക്കണം...
        കല്യാണം കഴിഞ്ഞു ആദ്യം മകളുണ്ടായി.. ഏറെ സന്തോഷമായി. രണ്ടാമത് ഗർഭിണിയായി. ആരുമറിയാതെ രഹസ്യമായി ആ കുഞ്ഞിന് പേരിട്ടു. എൽദോമോൻ. കാരണം ഡ്യൂ.. ഡേറ്റ് ഡിസംബർ 24. എൽദോ എന്ന വാക്കിന് യേശുവിൻ്റെ ജനനം എന്നർത്ഥം. ഞാൻ ഉറപ്പിച്ചു. ഇത് ആൺകുഞ്ഞുതന്നെ. അവനെ ഒരുപാട് സ്നേഹിച്ചു. കുട്ടിക്കാലം മുതൽ പെൺകുട്ടികളെ സ്നേഹിച്ച്, പെൺമക്കൾ ഉണ്ടാകാൻ ആഗ്രഹിച്ചതിനാലാണോ എന്തോ തമ്പുരാൻ എനിക്ക് ആ മോനെ നല്കിയില്ല. അവനെപ്രതി ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ 29  വയസ്സായേനെ. വിവാഹപ്രായമായേനെ. 
  പിന്നെ ഒരു മോളെകൂടി ദൈവം നല്കി. എൻ്റെപെൺമക്കൾ രണ്ടും ചിത്രംവരച്ചും, സമ്മാനങ്ങൾവാങ്ങിച്ചും, പാട്ടുപാടിയും, നന്നായി പഠിച്ചും ഞങ്ങളെ ഏറെസന്തോഷിപ്പിച്ചു. 
 അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ ട്രെയിൻ മാർഗ്ഗവും ബസ്സിലുമൊക്കെയായി പെൺമക്കൾ യാത്ചെയ്യുമ്പോൾ പ്രത്യേകിച്ച് രാത്രികാല യാത്രകളെക്കുറിച്ച് വേവലാതിയോടെ വേദനിയ്ക്കുന്ന മാതാപിതാക്കൾ ഇന്ന് ധാരാളമാണ്. ഞാനും, എൻ്റെ  മക്കളുടെ സുരക്ഷയെക്കരുതി ഒരുപാടു വേദനിച്ചിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുണ്ട്. ആൾത്തിരക്കുള്ള ട്രെയിനിൽ വാതിലിനോടു ചേർന്ന്, നിന്നസ്ഥലത്തു നിന്നുമാറാനാവാതെ മകൾ നരകതുല്യമായി യാത്ര ചെയ്യുന്നത് കണ്ട് വേദനിച്ചിരിക്കുമ്പോൾ മോൾക്കു പെട്ടെന്ന് തലകറക്കവും അസ്വസ്ഥതകളുമായി സുഖമില്ലാതെവന്ന കാര്യമറിഞ്ഞു. പെട്ടെന്ന് എവിടെ നിന്നൊക്കെയോ മൊബൈൽ നമ്പർ കണ്ടെത്തി വിളിച്ചു. പാലക്കാടായപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഒരു ഡോക്ടറെകൂട്ടി കാത്തുനിന്ന് മരുന്നും ഇരിക്കാൻ സീറ്റും അവളുടെ കോളജിലെ ഒരു കുട്ടിയെകൂടി  കൂട്ടിനായി ഒപ്പമിരുത്തി..  യാത്ര ചെയ്യുന്നതും പഠിക്കുന്നതും മകൾ ആണെങ്കിലും പെയിൻ സഹിക്കുന്നത് അമ്മയാണ്.  മറിച്ച് ഒരാൺകുട്ടിയാണെങ്കിൽ അമ്മയ്ക്ക് ഇത്ര വേവലാതി വരില്ല. ചുറ്റും കൊത്തിപ്പറിക്കാൻ കഴുകന്മാർ ഏറെയാണല്ലോ.
  ഇന്ന് ഈ ഇന്ത്യാമഹാരാജ്യത്ത് പെൺകുട്ടികൾക്കു് എവിടെ നിന്നാണ് സുരക്ഷ ലഭിക്കുക. കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ മകളെ കാക്കാൻ അമ്മമാർ വളരെയധികം ക്ലേശിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കി അവളെ കെട്ടിച്ചയച്ചു കഴിയുമ്പോൾ അവൾ ചെന്നുകയറുന്ന വീട്ടിലെ ചുമതലകൾ ഏറ്റെടുത്ത് കഷ്ടതയുടെ ചുമടുകൾ സ്വന്തംചുമലിൽ വഹിക്കപ്പെടാൻ വിധിക്കപ്പെടും.  എന്നിരുന്നാലും പെൺകുട്ടികളെ കെട്ടിച്ചയക്കണമല്ലോ? 
    
 കെട്ടിച്ചയക്കണമെങ്കിൽ  സ്വർണ്ണം, സ്ത്രീധനം കല്യാണച്ചെലവ് ഒക്കെ പെൺമക്കളുടെ മാതാപിതാക്കൾ കണ്ടെത്തി നല്കണം.  "കടോം വിലയുമായി" മകളെ അയച്ചു കഴിയുമ്പോൾ  അവളുടെ പാവം അച്ഛനമ്മമാർ  ഒരു പരുവത്തിലാകും.  കൊറോണക്കാലം  ഒരുപാട് പെൺമക്കളുടെ രക്ഷിതാക്കളെ കല്യാണച്ചെലവിൽ നിന്ന് രക്ഷിച്ചു. കൊറോണയ്ക്ക് നന്ദി പറയുന്ന രക്ഷിതാക്കളും ഇന്ന് ധാരാളമുണ്ട്.
  ആൺകുട്ടിയെ പഠിപ്പിക്കുന്നതുപോലെ തന്നെ പെൺമക്കളെയും വളരെ എഫർട്ട് എടുത്താണ് പഠിപ്പിക്കുന്നത്. വിദ്യാഭ്യാസമുള്ള, ജോലിയുള്ളപെണ്ണ് ചെന്നു കയറുന്ന വീടിന് ഒരു മുതൽക്കൂട്ടാണ്. എന്നിരുന്നാലും അവൾ "വേണ്ടുംവണ്ണം കൊണ്ടു ചെല്ലണം'. അതൊക്കെ കഴിഞ്ഞാലോ? ആൺമക്കളില്ലാത്ത, പെൺമക്കൾ മാത്രമുള്ള രക്ഷിതാക്കളുടെ ജീവിതം എങ്ങനെ? ഒരു ഗ്യാരൻ്റിയുമില്ല. മകൾ ചെന്നുകയറുന്ന വീട്ടിലെ ചുമതലകൾ ഏറ്റെടുത്ത് അവരെസംരക്ഷിച്ച്, വേലയെടുത്ത് ആ കുടുംബത്തിനു വേണ്ടി നിലകൊള്ളുമ്പോൾ.... മറുവശത്ത് ഉടയതമ്പുരാൻ മാത്രം ശരണമായി കഷ്ടതയുടെ നുകവും ചുമലിലേറ്റി കന്നാലിജീവിതവുമായി ചിലഅച്ഛനമ്മമാർ.
        ഒന്നുവയ്യാതായാൽ, കിടപ്പിലായാൽ, ആശുപത്രിയിലെത്തിക്കാൻ, ബില്ലടച്ച് സ്നേഹം വിതറാൻ ഒരാൺകുട്ടി രക്ഷകനായുളളവർക്ക് അഹങ്കരിക്കാൻ ധാരാളം  വകയുണ്ടുതാനും.
              

സൂസൻ പാലാത്ര