നുറുങ്ങ് കവിതകൾ :റോയ് പഞ്ഞിക്കാരൻ
ആത്മഹത്യ
ഉള്ള ജീവിതത്തിലെ
ഉത്തരം കിട്ടാത്ത ചോദ്യത്തിൽ
ഉത്തരത്തിനായി
ഉത്തമൻ
ഉത്തരത്തിൽ തൂങ്ങുന്നു .
മരണശേഷം
ചിലർ ആയിരക്കണക്കിനാളുകളുടെ
ഇടയിലൂടെ ശ്മശാനത്തിലേക്ക് .
വേറെ ചിലർ ആയിരക്കണക്കിന് ഈച്ചകൾ പൊതിഞ്ഞു ശ്മശാനമില്ലാതെ ഭൂമിയുടെ
ആഴങ്ങളിലേക്ക് ...
മണിപ്പൂർ
പള്ളിമണികളും
അമ്പലമണികളും
അത് കണ്ടു
നിർവൃതിയടഞ്ഞിരുന്ന
കണ്ണുകളും അതിലെ
കൃഷ്ണമണികളും
കത്തിയെരിയുന്നു .
അന്ധൻ
രാത്രിയിലെ ഇരുട്ടിനെ
കരുത്താക്കി
പകലിലെ 'ഇരുട്ടി' നെ നേരിടുന്നവൻ!
നിഴൽ അജ്ഞാതമായവന്
ആരെ ഭയപ്പെടണം !
ഊഴം
രണ്ടാമൻ പോലും
ഒന്നാമനാകാൻ
കാത്തുനിൽക്കാൻ
ക്ഷമയില്ലാതെ
ഇടിച്ചു തള്ളിക്കയറീടും !
മരണത്തിൻ മുന്നിലാണെന്നറിഞ്ഞാൽ
'ഇന്നു നീ നാളെ ഞാൻ'
എന്നോതി
പിന്തിരിഞ്ഞോടിടും !
എഴുത്തുകാരൻ
ആകാശത്തിന്റെ ചുവട്ടിൽ
ഭാവനയുടെയും
ഓർമകളുടെയും ഇടയിൽ
നട്ടം തിരിയുന്നവൻ .
അവസാനം ആഗ്രഹിക്കാത്തതെല്ലാം
എഴുതി കൂട്ടുന്നവൻ .
മതം
എല്ലാ മതങ്ങളും മനുഷ്യൻ തമ്മിൽ തമ്മിൽ സ്നേഹിക്കാൻ പഠിപ്പിക്കുന്നു .
എന്നാൽ മനുഷ്യൻ അത് പാലിക്കാതെ മതത്തെ സ്നേഹിക്കാൻ
പരസ്പരം പഠിപ്പിക്കുന്നു .
നര
നരനായാലും
നാരിയായാലും
നരവരുമൊരുനാൾ .
നര 'മറയ്ക്കാൻ'
മുഖക്കണ്ണാടി
ഒഴിവാക്കൂ
പ്രായമേറുമ്പോൾ !
തലയണ
പഞ്ഞി കുത്തിനിറച്ച
തലയണയിൽ
തല ചായ്ച്ചുറങ്ങുന്നവന്റെ
തലയിൽ തേച്ച
എണ്ണയുടെ ദുർഗന്ധം
മാത്രമല്ല ,
അവൻ നെയ്തെടുത്ത ,
അവനറിയാതെ കണ്ടു രസിച്ച
കണ്ടു ഞെട്ടിയ സ്വപ്നങ്ങളുടെ
സുഗന്ധവും ഉണ്ടാവും .
മിത്ത്
ജീവിതം തന്നെ
മിത്താണെന്നു
കരുതുന്ന കാലത്തു്
മിത്തിന്റെ വിത്തിട്ടു
വിളവെടുക്കുന്നത്
ഒരു മിത്തല്ലേ !
അനാഥ മന്ദിരം
മന്ദിരം അനാഥമാകാതെയിരിക്കാൻ
അനാഥനെയും സനാഥനെയും
ഒരുമിച്ചു പാർപ്പിക്കുന്ന ഒരിടം .
അവിടെ ആരോരുമില്ലാത്തവന്റെയും
എല്ലാവരും ഉള്ളവരുടെയും
കണ്ണുനീരിനു ഒരേ രുചി
റോയ് പഞ്ഞിക്കാരൻ