‘രാഹുൽ പൊതുപരിപാടികളിൽ നിന്ന് സ്വയം വിട്ടുനിൽക്കണം’; നിലപാട് തിരുത്തി വിദ്യാഭ്യാസ മന്ത്രി

Nov 8, 2025 - 15:22
 0  5
‘രാഹുൽ പൊതുപരിപാടികളിൽ നിന്ന് സ്വയം വിട്ടുനിൽക്കണം’; നിലപാട് തിരുത്തി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിലപാട് തിരുത്തി. സർക്കാർ പരിപാടിയിൽനിന്ന് ഒരു ജനപ്രതിനിധിയെ നിയമപരമായി മാറ്റിനിർത്താൻ കഴിയില്ലെന്നും, അതിനാൽ ഇത്തരം വേദികളിൽനിന്ന് സ്വയം മാറിനിൽക്കാനുള്ള ധാർമിക ഉത്തരവാദിത്തം രാഹുൽ കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട്ടെ പരിപാടിയിൽ മന്ത്രി ശിവൻകുട്ടിക്കും എം.ബി. രാജേഷിനുമൊപ്പം വേദി പങ്കിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രാഹുലുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി. കൗൺസിലർ മിനി കൃഷ്ണകുമാർ വേദി വിട്ടതോടെയാണ് സംഭവം ചർച്ചയായത്.

ആദ്യ ഘട്ടത്തിൽ, രാഹുലുമായി വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. “രാഹുൽ അവിടുത്തെ എം.എൽ.എ.യാണ്. അയാളുടെ മണ്ഡലത്തിൽവെച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. രാഹുൽ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ പരിപാടിയിൽനിന്ന് മാറ്റിനിർത്തുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്ന കാര്യമല്ല,” എന്നായിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചത്.

എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ മന്ത്രി നിലപാട് മാറ്റുകയായിരുന്നു. വിഷയത്തെ വിദ്യാഭ്യാസ വകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇനിയും ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്താതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഒരു ജനപ്രതിനിധിയെ ഇത്തരം വേദികളിൽനിന്നും മാറ്റിനിർത്താൻ നിയമപരമായി സാധിക്കില്ലെങ്കിലും, ധാർമിക ഉത്തരവാദിത്തം മുൻനിർത്തി രാഹുൽ ഇത്തരം വേദികളിൽ നിന്നും സ്വയം മാറി നിൽക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി പോസ്റ്റിൽ കൂട്ടിച്ചേർത്തു.