ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വീണ്ടും കേസ്

Nov 8, 2025 - 15:28
 0  4
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വീണ്ടും കേസ്

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കേസ്. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് മറികടന്നായിരുന്നു റീൽസ് ചിത്രീകരണം. ഓഗസ്റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചത്. എന്നാൽ, സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയത്.

ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയയാളാണ് കൊയിലാണ്ടി സ്വദേശിനി ജസ്ന. മുൻപും ഗുരുവായൂരിൽ ജസ്ന റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയതും. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജസ്നക്കെതിരെ ഏപ്രിലിലാണ് പൊലീസ് കേസെടുത്തത്.

കൂടാതെ, ജസ്ന മുൻപ് ക്ഷേത്രനടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്നാണ് നടപ്പുരയിൽ വീഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി നിർദേശം നൽകിയത്. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഈ വിലക്ക് നിലനിൽക്കുമ്പോഴാണ് ഇപ്പോൾ ജസ്ന തന്നെ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയത്.