സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരത, ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ‍്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ‍്യം.
സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്തുണ്ടായതെന്നും ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലിതെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ഉന്നയിക്കുന്നു.
ഇതേസമയം ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത്. രാം നാരായണന്റെ (31) കൊലപാതകത്തില്‍ എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.ഇതിന് പുറമെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല. നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കി.
രാം നാരായണനെ മർദ്ദിച്ച സംഘത്തിൽ സ്ത്രീകളുമുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള കർഹി ഗ്രാമവാസിയാണ് രാം. സംഭവത്തിൽ നേരിട്ട് പങ്കുള്ള 15 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നിലവിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബർ 18-ന് വൈകുന്നേരം ആറ് മണിയോടെ വാളയാർ അട്ടപ്പള്ളത്തുവെച്ചാണ് രാം നാരായണനെ ഒരുസംഘം തടഞ്ഞുവെച്ച് മർദ്ദിച്ചത്. “നീ ബംഗ്ലാദേശി ആണോടാ” എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മർദ്ദനത്തിൽ മോഷണം ആരോപിച്ചായിരുന്നു ആക്രമണമെങ്കിലും രാമിന്റെ കൈവശം മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.