സൗഹൃദങ്ങൾ  കലഹിക്കുമ്പോൾ : ലേഖനം, മിനി സുരേഷ്

Nov 8, 2024 - 10:02
Nov 8, 2024 - 10:05
 0  62
സൗഹൃദങ്ങൾ  കലഹിക്കുമ്പോൾ : ലേഖനം, മിനി  സുരേഷ്
ല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നുംതണൽ മരങ്ങളാണ്.നേരായ മാർഗ്ഗങ്ങൾ ഉപദേശിക്കുകയും നല്ല പ്രചോദനം നൽകുകയും ചെയ്യുന്ന
സുഹൃത്തുക്കളുണ്ടെങ്കിൽ ജീവിതമെപ്പോഴും സന്തോഷപ്രദമാകും.
അമ്മയെ പോലെ സ്നേഹിക്കുകയും അച്ഛനെ പോലെ സംരക്ഷിക്കുകയും
സഹോദരിയെ പോലെ സംസാരിക്കുകയും സഹോദരനെ പോലെ അഭ്യർത്ഥിക്കുകയും ചെയ്യുന്നവനാണ് ഉത്തമ സുഹൃത്ത് എന്ന്
വായിച്ചിട്ടുണ്ട്.രക്ത ബന്ധങ്ങൾക്കുമപ്പുറത്തുള്ള ബന്ധമാണ് ആത്മാർത്ഥ സൗഹൃദം.സുഹൃത്തിന്റെചിരിയുടെ പിന്നിലുള്ള കണ്ണീരും ദേഷ്യത്തിനു പിന്നിലെ സ്നേഹവും മനസ്സിലാക്കുമ്പോഴാണ് ഒരാളൊരു
യഥാർത്ഥ സുഹൃത്താകുന്നത്. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ചങ്ങാത്തം ഭാവിക്കുന്നവർ സത്യത്തിൽ സൗഹൃദം എന്ന വാക്കിനെപ്പോലും
വഞ്ചിക്കുന്നവരാണ്.
വർഷങ്ങളോളംകൂടെ നടന്നിട്ടും സുഹൃത്തിന്റെ മനസ്സ് മനസ്സിലാക്കുവാൻ സാധിച്ചില്ലെങ്കിൽ  ആ ബന്ധത്തെ സൗഹൃദം എന്ന് വിശേഷിപ്പിക്കുവാനാകില്ല. ഇപ്പോഴത്തെ കുട്ടികളുടെ രീതി "അപ്പോൾ നമ്മൾ ഫ്രണ്ട്സ് "എന്നു പറഞ്ഞ്
കൂട്ടു കൂടലാണത്രേ.പിരിയുവാനും അധിക സമയം വേണ്ട. പ്രണയ ബന്ധങ്ങളിലൊക്കെ രണ്ടും ,മൂന്നും'ബ്രേക്ക്അപ്പ്'കളൊക്കെ സാധാരണ സംഭവമായിട്ടുണ്ട്.പ്രായം ചെന്ന തലമുറക്കാരുടെ പക്ഷം നല്ല സൗഹൃദങ്ങൾ പുതിയ തലമുറയ്ക്ക് അന്യമാകുന്നു എന്നാണ്. സൗഹൃദങ്ങൾ അന്നും ഇന്നുമുണ്ട്. സൗഹൃദത്തിന്റെ ശൈലികൾകൾക്ക് മാറ്റം വന്നിട്ടുണ്ടെന്ന് മാത്രം.
'ചങ്ക് ബ്രോകളായി 'നടന്നിട്ടുള്ളവർ ഇടക്ക് ബദ്ധവൈരികളായി മാറുന്നത് കാണാം.
ചില സൗഹൃദങ്ങൾ വീഞ്ഞു പോലെയാണ് കാലം ചെല്ലുന്തോറും
വീര്യമേറിക്കൊണ്ടിരിക്കും.ചിലതാകട്ടെ അഗ്നിപർവ്വതങ്ങൾ പോലെ പുകഞ്ഞ് പുകഞ്ഞൊടുവിൽ പൊട്ടിത്തെറിക്കും.എപ്പോഴുംസംസാരിച്ചു കൊണ്ടിരിക്കുന്നവർ പെട്ടെന്ന് അവഗണിച്ചും ,കലഹിച്ചും പിരിയുമ്പോൾ  താങ്ങാനാവാത്ത മാനസിക സമ്മർദ്ധങ്ങളാണ് മറുപക്ഷത്തുള്ളയാൾ
അനുഭവിക്കേണ്ടി വരുന്നത്.ഇനി എല്ലാ കാര്യവും തുറന്നു പറയാവുന്ന ,ഏതാവശ്യവും പറയാതെയറിഞ്ഞ് ഓടിയെത്തുന്ന ഒരു ആത്മാർത്ഥ സുഹൃത്തെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ സമ്മതിച്ചു.
നിങ്ങളൊരു ഭാഗ്യവാൻ തന്നെയാണ്. ചില വ്യക്തികളിൽ നമ്മൾ അടിമപ്പെട്ട് പോകാറുണ്ടെങ്കിൽ നിങ്ങളെക്കാൾ കൂടുതലായി അവരെ  സ്നേഹിക്കുന്നത് കൊണ്ടാണ്.ഇനി താനൊരു ശല്യമാകണ്ട എന്ന ചിന്തയിൽ സ്വയമൊതുങ്ങി വിഷാദരോഗത്തിലേക്ക് വഴുതി
വീഴുന്നവരുമുണ്ട്.
 പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തിന് നിങ്ങളെ ആവശ്യമില്ല എന്ന സത്യം ഉൾക്കൊള്ളണം. ഒരു പരിധിയിൽ കൂടുതലായി ആരെയും നെഞ്ചിലേറ്റരുത്.എല്ലാ കാര്യങ്ങളും വിട്ട് തുറന്ന്
പറയുകയുമരുത്.രഹസ്യങ്ങളും ,വ്യക്തിപരമായ കാര്യങ്ങളും  പൊതിഞ്ഞു തന്നെ സൂക്ഷിക്കണം. എത്രയായാലും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ
വളർന്നു വന്ന വ്യക്തികളുടെ ചിന്താധാരകളും  വ്യത്യസ്തമായിരിക്കുമെന്നോർക്കണം.തുറന്ന പുസ്തകമായി  എല്ലാ കാര്യങ്ങളും പങ്കിട്ടിട്ടൊടുവിൽ
നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടിട്ട് പോകുന്നയാളാണെങ്കിൽ 
വീഴ്ചയുടെ ആഘാതം താങ്ങുവാൻ നിങ്ങൾക്ക് നിങ്ങൾ മാത്രമേ കാണുകയുള്ളൂ എന്ന ബോധം  ഉള്ളിലുണ്ടാവണം.വ്യക്തികളെ പഠിക്കുവാൻ
അറിയുന്നതും ഒരു കലയാണ്.
ഫേസ് ബുക്ക്  ,വാട്ട്സ് ആപ്പ് കൂട്ടായ്മകളുടെ  ലോകം മനുഷ്യരെ ചുറ്റി സഞ്ചരിക്കുന്ന കാലമാണ്.എന്തിനുമേതിനും വാട്ട്സ് ആപ്പ് ഗ്രൂപ്പ്
തുടങ്ങുന്ന പ്രവണതയാണ്. ചിലരൊക്കെ ജീവിക്കുന്നതും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലാണ്താനും.വ്യത്യസ്ത സ്വഭാവമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേരുമ്പോൾ അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണല്ലോ. ഈഗോയും ,പിടിവാശികളുമുള്ളവരാണെങ്കിൽ കട്ടക്ക് പൊരുതി നിൽക്കും. ഇതിനിടയിൽ മറഞ്ഞ് നിന്ന് കളി കണ്ട് രസിക്കുന്നവരും ,സംഘർഷങ്ങൾ
ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നവരുമുണ്ടാകും.സൗഹൃദങ്ങൾക്കിടയിലെ
കലഹങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കുവാൻ
ശ്രമിക്കുന്നവരുടെ വാക്കുകളും ,മെസ്സേജുകളും ഒരിക്കലും ശ്രദ്ധിക്കരുത്.അത് മുറിവുകളുടെ ആഴം കൂട്ടുകയേ ഉള്ളൂ. ഗ്രൂപ്പുകളിലുള്ളവരോട് പരസ്പര ബഹുമാനം പുലർത്തേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും കാരണവശാൽ തർക്കങ്ങളിൽ ഏർപ്പെടേണ്ട ഒരു സന്ദർഭം വന്നാൽ  അമർഷം മാറ്റി വച്ച് സ്വയം
ഒരു നിമിഷം ആലോചിക്കുക.
മൗനം പാലിക്കുന്നതാണുത്തമമെങ്കിൽ പ്രതികരിക്കാതിരിക്കുക.പരസ്പരം ചെളി വാരിയെറിയുകയോ , വ്യക്തിഹത്യ നടത്തുകയോ
ഒരിക്കലുമരുത്. വോയ്സിലൂടെയും ,മെസ്സേജുകളിലൂടെയും യുദ്ധം നടത്താതെ ഫോൺ വിളിച്ച് ഉദ്ദേശിച്ച കാര്യത്തിന്റെ വ്യക്തത മനസ്സിലാക്കിക്കൊടുക്കുക.ക്ഷമയോടെ ഞാനെന്ന ഭാവം വെടിഞ്ഞ് അഹങ്കാരമില്ലാതെ വേണം ഒത്തു തീർപ്പിന് ശ്രമിക്കേണ്ടത്.
വിളക്കിച്ചേർക്കുവാൻ പറ്റുന്ന കണ്ണികളാണെങ്കിൽ കൂട്ടി യോജിപ്പിക്കുക.
ഒന്നു താണു കൊടുത്താൽ ,മറ്റുള്ളവർ നമ്മളെക്കാൾ മിടുക്കനാണ് എന്നൊന്ന് സമ്മതിച്ചു കൊടുത്താൽ ഒരു പടപ്പുറപ്പാട് ഒഴിവാക്കാമെങ്കിൽ
അതല്ലേ എല്ലാവർക്കും സന്തോഷം. കലഹിച്ചു കഴിയുന്ന രണ്ടു പേരുടെ തെറ്റിദ്ധാരണ മാറ്റി ചേർത്തു വയ്ക്കുന്നതും പുണ്യപ്രവർത്തിയാണ്.സൗഹൃദങ്ങൾ തമ്മിൽ കലഹിക്കുമ്പോൾ അവർക്കിടയിൽ മതിൽ
പണിയുകയല്ല , പുതിയൊരു പാലം നിർമ്മിച്ചു കൊടുക്കുമ്പോഴാണ് നിങ്ങളും അവരുടെ  യഥാർത്ഥ സുഹൃത്താകുന്നത്.
ലോകത്തിന്റെ മുഖം പോലും മാറുന്ന ഇക്കാലത്ത്
സൗഹൃദങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.പക്ഷേ മുഖം മാറുന്ന ലോകത്തിൽനാം നമ്മുടെ സൗഹൃദങ്ങളുടെ മുഖത്തിന് വക്രീകരണം
നടത്താതെ  ,അതിൽ അരികും ,അരികു ചേർന്നും നടക്കണം.അതിന്റെ ഉള്ളും ,ഉള്ളായ്മയുമെല്ലാം മനസ്സിലാക്കി മുന്നോട്ട് പോകണം. നിറവിലോ കുറവിലോ മാത്രം ശ്രദ്ധിക്കുമ്പോൾ അത് നല്ല സൗഹൃദങ്ങളായി മാറുന്നില്ല.
നീർപ്പോള പോലെയുള്ള ജീവിതത്തിൽ കലഹിച്ചും ,വൈരികളായും കാലം കളയുന്നതെന്തിനാണ്.വ്യക്തിത്വത്തിലും ,സമൂഹത്തിലും രൂപാന്തരങ്ങൾ വരുത്തിക്കൊണ്ട് സംസ്കാര സമ്പന്നരായ വ്യക്തികളായി നമുക്കു മാറാം.
നാണയത്തിന് ഇരു വശങ്ങളും പ്രധാനമാണ്.മനുഷ്യരിലും സ്വഭാവ വൈജാത്യങ്ങളുണ്ട്. സൗമത്യയും ,സ്നേഹവുമാകണം  വെള്ളി നാണയത്തിന്റെ ഇരുവശങ്ങൾ പോലെനമ്മുടെ മനസ്സുകളിൽ തിളങ്ങേണ്ടത്.