2038ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

Aug 29, 2025 - 19:37
 0  2
2038ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന്  റിപ്പോര്‍ട്ട്
ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ  മാറുമെന്ന് റിപ്പോര്‍ട്ട്. ആഗോള കണ്‍സള്‍ട്ടന്‍സി സംരംഭമായ ഏണസ്റ്റ് ആന്‍ഡ് യംഗിന്റെ (ഇവൈ) 2025-ലെ ഇക്കോണമി വാച്ച് റിപ്പോര്‍ട്ടിലാണ് ഇന്ത്യ 2038 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നത്.
2038 ഓടെ ഇന്ത്യയുടെ ജിഡിപി 34.2 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനുകൂലമായ ജനസംഖ്യാ കണക്കുകള്‍ മാത്രമല്ല ഇതിന് പിന്തുണയ്ക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളും മാറ്റങ്ങള്‍ ഉള്‍കൊള്ളുന്ന സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നുവെന്ന് കണ്‍സള്‍ട്ടന്‍സി ചൂണ്ടിക്കാട്ടി.
2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 20.7 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) കണക്കുകള്‍ പറയുന്നതെന്ന് ഇവൈ ചൂണ്ടിക്കാട്ടി. യുഎസ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുന്നതിന്റെ ഫലമായി രാജ്യത്തെ ജിഡിപിയില്‍ 0.9 ശതമാനത്തിന്റെ ആഘാതം ഉണ്ടായേക്കും. എന്നാല്‍ കയറ്റുമതി വൈവിധ്യവല്‍ക്കരിക്കുക, ആഭ്യന്തര ആവശ്യം വര്‍ദ്ധിപ്പിക്കുക, മറ്റ് രാജ്യങ്ങളുമായും ബ്ലോക്കുകളുമായും വ്യാപാര പങ്കാളിത്തം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രതിരോധ നടപടികള്‍ ഇന്ത്യ സ്വീകരിച്ചാല്‍ ജിഡിപി വളര്‍ച്ചയില്‍ അതിന്റെ ആഘാതം വെറും 0.1 ശതമാനം മാത്രമായി പരിമിതപ്പെടുത്താമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.