പെരുമാറ്റച‌ട്ടം ലംഘിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

പെരുമാറ്റച‌ട്ടം ലംഘിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച‌ട്ടം ലംഘിച്ചെന്ന് ആരോപിച്ച്‌ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കഴിഞ്ഞ ദിവസം പൂജപ്പുരയില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച്‌ പൊതുപരിപാടി സംഘടിപ്പിക്കുകയും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്നാണു പരാതി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റ ചട്ടം നിലവില്‍ വരികയും ചെയ്താല്‍ മന്ത്രിമാര്‍ ഔദ്യോഗിക പദവി ഉപയോഗിച്ചു പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ച‌ട്ടം രാജീവ് ചന്ദ്രശേഖർ ലംഘിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

പാര്‍ലമെന്‍റ് മണ്ഡലത്തിലെ പല പ്രദേശങ്ങളിലും കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച്‌ നിവേദനങ്ങള്‍ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്ന സ്ഥാനാർഥിക്കെതിരെ ന‌ടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു.