ഇന്ത്യ-ചൈന സർവീസുകൾ പുനരാരംഭിക്കാൻ സാധ്യത : തയ്യാറായിരിക്കാൻ വിമാനക്കമ്പനികൾക്ക് കേന്ദ്ര നിർദ്ദേശം

ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം ആദ്യം തന്നെ പുനഃരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കം.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ സർവീസ് നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിൽ ഉണ്ടായ മാരകമായ ഏറ്റുമുട്ടലിനെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം പിരിമുറുക്കത്തിലാണ്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഗുരുതരമായ ഈ സൈനിക ഏറ്റുമുട്ടൽ ബന്ധങ്ങളിൽ കുത്തനെയുള്ള തകർച്ചയിലേക്ക് നയിച്ചിരുന്നു .