നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത പരാതി നൽകി. വീഡിയോയ്ക്ക് പിന്നാലെ ഉയർന്ന സൈബർ ആക്രമണത്തിന് പിന്നാലെയാണ് പരാതിയുമായി അതീജീവിത രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി.
രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും അതിജീവിത പൊലീസിൽ ഹാജരാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. പരാതിയിൽ ഉടൻ പൊലീസ് കേസെടുക്കും.
കേസിൽ മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിന്‍റെ വീഡിയോയ്ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.