ന്യൂഡൽഹി: ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ സുപ്രീം കോടതി വിമർശിച്ചു. ഇത് അമിതമായ ആവശ്യമാണെന്നും ഇങ്ങനെയൊരു നിലപാട് "വളരെ കടുത്ത ഉത്തരവുകൾക്ക്" കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ച് ഒക്ടോബർ 5ന് സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ ഇരു കക്ഷികൾക്കും നിർദേശം നൽകി.
"ഭാര്യയുടെ നിലപാട് ഇതാണെങ്കിൽ, അവർക്ക് ഇഷ്ടപ്പെടാത്ത ചില ഉത്തരവുകൾ ഞങ്ങൾക്ക് പുറപ്പെടുവിക്കേണ്ടിവരും. അവർ ഒരു ന്യായമായ തുക ആവശ്യപ്പെട്ട് ഈ കേസ് അവസാനിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ജസ്റ്റിസ് പർദിവാല വാദത്തിനിടെ പറഞ്ഞു. വിവാഹബന്ധം ഒരു വർഷം മാത്രമാണ് നിലനിന്നതെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനോട് അനുരഞ്ജനത്തിന് ശ്രമിക്കരുതെന്നും കോടതി ഉപദേശിച്ചു.
"നിങ്ങൾ അവരെ തിരികെ വിളിക്കുന്നത് ഒരു തെറ്റായിരിക്കും. നിങ്ങൾക്ക് അവരെ നിലനിർത്താൻ കഴിയില്ല. സ്വപ്നങ്ങൾ വളരെ വലുതാണ്," ജസ്റ്റിസ് പർദിവാല പറഞ്ഞു. കോടതിയിൽ സമർപ്പിച്ച രേഖകൾ അനുസരിച്ച്, ആമസോണിൽ എൻജിനീയറായ ഭർത്താവ് 35-40 ലക്ഷം രൂപ ജീവനാംശമായി നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നു.