പലായനം ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഗസ്സയിലെ ആളപായം കുറയ്ക്കാൻ കഴിഞ്ഞില്ല: നെതന്യാഹു

പലായനം ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഗസ്സയിലെ ആളപായം കുറയ്ക്കാൻ കഴിഞ്ഞില്ല: നെതന്യാഹു

റുസലെം: ഗസ്സയില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് കുറയ്ക്കാനുള്ള ഇസ്രായേലിന്‍റെ ശ്രമം വിജയിച്ചില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

സാധാരണക്കാരെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഇസ്രായേല്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. പലായനം ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ വരെ നല്‍കിയിട്ടും ആളപായം കുറയ്ക്കാനായില്ലെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

"ഏത് സിവിലിയൻ മരണവും ഒരു ദുരന്തമാണ്. സാധാരണക്കാരെ അപകടത്തില്‍ നിന്ന് കരകയറ്റാൻ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, അതേസമയം ഹമാസിന്‍റെ പ്രവര്‍ത്തനം അവര്‍ക്ക് ദോഷം ചെയ്യുന്നു," നെതന്യാഹു പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ അവര്‍ക്ക് ലഘുലേഖകള്‍ നല്‍കുന്നു. അവരുടെ ഫോണുകളില്‍ വിളിച്ച്‌ ഇവിടെ നിന്നും പോകാന്‍ പറയുന്നു. പലരും പോയി...അദ്ദേഹം വിശദീകരിച്ചു.

ഹമാസിനെ തകര്‍ക്കുകയാണ് തങ്ങളുടെ സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് നെതന്യാഹു ആവര്‍ത്തിച്ചു. "എനിക്ക് പറയാൻ കഴിയുന്ന മറ്റൊരു കാര്യം, ഏറ്റവും കുറഞ്ഞ സിവിലിയൻ ആളപായത്തോടെ ആ ജോലി പൂര്‍ത്തിയാക്കാൻ ഞങ്ങള്‍ ശ്രമിക്കും എന്നതാണ്. അതാണ് ഞങ്ങള്‍ ചെയ്യാൻ ശ്രമിക്കുന്നത്. കുറഞ്ഞ സിവിലിയൻ അപകടങ്ങള്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ വിജയിച്ചില്ല." നെതന്യാഹു കൂട്ടിച്ചേര്‍ത്തു.