മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം ; എംവി ഗോവിന്ദൻ

Jan 10, 2026 - 19:37
Jan 10, 2026 - 19:51
 0  6
മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം ; എംവി ഗോവിന്ദൻ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്.ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും നാടിന്റെ വിഷമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്.

 വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാ അടിസ്ഥാനത്തിൽ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. ഇത്തരം വർ​ഗീയ ധ്രുവീകരണ കാലഘട്ടത്തിൽ വർ​ഗീയ നയങ്ങളെ തുറന്നുകാട്ടുമ്പോൾ, അതിനെ മതത്തിനെതിരായ വിമർശനമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ബൂർഷ്വാ രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നത്.

 മതരാഷ്ട്രവാദികളും മതരാഷ്ട്ര നിലപാടുകളെ എതിർക്കുന്ന മതനിരപേക്ഷവാദികളും തമ്മിൽ വേർതിരിവില്ലാത്ത രീതിയിലുള്ള നിലപാട് സ്വീകരിക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേത്. വർ​ഗീയവാദികൾ അവർക്കെതിരെ വരുന്ന രാഷ്ട്രീയ വിമർശനങ്ങളെ മതവിമർശനമായി അവതരിപ്പിക്കുന്നത് കാര്യങ്ങൾ അറിയാത്തതുകൊണ്ടല്ല, ഇതെല്ലാം അവർ മന:പൂർവം ചെയ്യുന്നതാണ്.

ആർഎസ്എസിനെതിരായ വിമർശനം ഹിന്ദുമത വിശ്വാസികൾക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മാധ്യമ ശൃംഖലകളും ശ്രമിക്കുന്നു. സമാനമായ രീതിയിൽ ജമാഅത്തെ ഇസ്‌ലാമിക്കും ലീഗിനും നേരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിന് എതിരാണെന്ന പൊതുബോധം സൃഷ്ടിക്കാനും ഈ ശക്തികൾ ശ്രമിക്കുന്നു.

 എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത് തുറന്നുകാട്ടേണ്ടത് പ്രധാനമാണ്. മതവിശ്വാസവും വർ​ഗീയതയും രണ്ടാണ് എന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മുന്നിൽ വെക്കാൻ സാധിക്കണം. ഭൂരിപക്ഷ വർ​ഗീയതയായാലും ന്യൂനപക്ഷ വർ​ഗീയതയായാലും അതിനെതിരായ പോരാട്ടത്തിൽ എല്ലാ മതവിശ്വാസികളെയും ഫലപ്രദമായി അണിനിരത്തിയാൽ മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താൻ സാധിക്കൂ. ഇതാണ് യാഥാർത്ഥ്യം.