ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് കരസേനയുടെ ആദരം

ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹലാലിന് ഭാരതീയ കരസേനയുടെ ആദരം. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് മോഹൻലാലിനെ ആദരിച്ചത്. ഇതൊരു വലിയ ബഹുമതിയാണെന്നും, കൂടുതൽ യുവാക്കളെ ടെറിട്ടോറിയൽ ആർമിയിൽ ചേർക്കുന്നതിനെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച ചെയ്തതായും മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ 16 വർഷമായി താനും കരസേനയുടെ ഭാഗമാണെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ പരിമിതിക്കുള്ളിൽ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ടിഎ ബറ്റാലിയനുകളിൽ എങ്ങനെ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാം എന്നും രാജ്യത്തിനു വേണ്ടിനമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കരസേനാ മേധാവിയുമായി ചർച്ച ചെയ്തു.
അതൊരു ചെറിയ ചർച്ചയായിരുന്നു, പക്ഷേ വലിയ പദ്ധതികൾ ഇനിയും വരാനിരിക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു. സ്‌ക്രീനിൽ നിരവധി തവണ സൈനികന്റെ വേഷം ചെയ്ത മോഹൻലാൽ, ഇനിയും അത്തരം സിനിമകൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു.കരസേനാ മേധാവിയിൽ നിന്ന് ലഭിച്ച ഈ അഭിനന്ദനം രാജ്യസേവനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ തനിക്ക് കൂടുതൽ പ്രചോദനമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജർ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരാൻ ഞങ്ങൾ പദ്ധതിയിടുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. 2009-ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെൻ്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.