കുഞ്ഞുപക്ഷി: കവിത, കാവ്യ ഭാസ്ക്കർ

പച്ചിലച്ചാർത്തിൻ
മറവിലെക്കിങ്ങിണി
ക്കൂടൊന്നൊരുക്കിയ
കുഞ്ഞുപക്ഷി
രാവിന്റെ താരാട്ടിൽ
അമ്മതൻ ചൂടേറ്റ്
ചെല്ലം ചിണുങ്ങിയ
കൊച്ചുപക്ഷി
കൊഞ്ചും കുറുമൊഴി
തേരിലിളംകൊക്ക്
മെല്ലെയുരുമ്മി -
കളിച്ച പക്ഷി
കളംകളം കൊഞ്ചുന്ന
തെളിനീർ തടങ്ങളിൽ
തുടിച്ചു കുളിക്കാൻ
മദിച്ച പക്ഷി
ആകാശമുറ്റത്ത്
ചിറകടിച്ചാർക്കുവാൻ
കാത്തിരിക്കുന്നൊരാ
നാട്ടുപക്ഷി
ചോന്നുതുടുത്തൊരാ
കുഞ്ഞുപഴങ്ങൾ തൻ
മധുരം നുകരാൻ
കൊതിച്ച പക്ഷി
മഴവില്ലിൻ കൊമ്പത്ത്
പാടിക്കളിക്കുവാൻ
മണ്ടിത്തുടിക്കുന്ന
കുഞ്ഞു പക്ഷി
വെള്ളി നിലാവിന്റെ
തേരിൽ കളിക്കുന്ന
പച്ചിലച്ചാർത്തിലെ
കൊച്ചു പക്ഷി
കാവ്യ ഭാസ്ക്കർ