കെനിയയില്‍ ഹെലിക്കോപ്റ്റര്‍ അപകടം; സൈനിക മേധാവിയുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

കെനിയയില്‍ ഹെലിക്കോപ്റ്റര്‍ അപകടം; സൈനിക മേധാവിയുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി: കെനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തില്‍ സൈനിക മേധാവിയുള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു.

കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കെനിയയുടെ സൈനിക മേധാവി ജനറല്‍ ഫ്രാൻസിസ് ഒഗൊല്ല (61)യാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

രണ്ട് സൈനികർ രക്ഷപ്പെട്ടിട്ടുണ്ടെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റൂട്ടോ വ്യക്തമാക്കി. തലസ്‌ഥാനനഗരിയായ നയ്റോബിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റർ (250 മൈല്‍) അകലെ എല്‍ജിയോ മറക്‌വെറ്റ് കൗണ്ടിയില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.20ഓടെയാണ് അപകടമുണ്ടായത്. ചെസെഗോണ്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ സന്ദർശിച്ച്‌ ഒഗൊല്ലയും സംഘവും മടങ്ങുമ്ബോഴാണ് അപകടം. അതേസമയം അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.