കവിയുടെ മനമറിയുമ്പോൾ : ലേഖനം., മിനി സുരേഷ്

കവിയുടെ മനമറിയുമ്പോൾ :  ലേഖനം., മിനി സുരേഷ്

ജീവിതത്തിന്റെ വൈവിധ്യമാർന്ന പല അടരുകളേയും കോർത്തിണക്കി അത്ഭുതങ്ങൾ

സൃഷ്ടിക്കുവാൻ കഴിവുള്ളവരാണ് സാഹിത്യകാരന്മാർ.സമൂഹത്തിലെ അനീതികൾക്കും ,അക്രമങ്ങൾക്കുമെതിരെ അവർ

കഥകളിലൂടെയും, കവിതകളിലൂടെയും  പോരാടും. 'ശക്തമായ വികാരങ്ങളുടെ സ്വതസിദ്ധമായ ഒഴുക്ക്' എന്നാണ് വില്യം വേർഡ്സ്വർത്ത് കവിതയെ നിർവചിച്ചിട്ടുള്ളത്.

ജീവിതത്തിന്റെ തന്നെ സത്താണ് കവിത.വാക്കുകൾക്ക് ഈണവും ഭാവവും ,ചാരുതയും നൽകി ശ്ലോകങ്ങളായും ,പദ്യങ്ങളായും ,നാടൻ ശീലുകളായുമെല്ലാം കവിത പണ്ഡിതനിലും ,പാമരനിലുമെല്ലാം പ്രതിഫലിച്ചു.

വൃത്ത നിബന്ധമായി കാവ്യസൃഷ്ടിക്കു മുതിരാതെ കവികളിൽ അന്തർലീനമായിക്കിടക്കുന്ന തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന രചനകളാണ് ഇന്നധികവും കണ്ടു വരുന്നത്

സ്വപ്നങ്ങളെയും ,സങ്കൽപ്പങ്ങളെയും കൂട്ടു പിടിച്ച് പറന്നു നടക്കുന്നവരുമുണ്ട്. ഏകാന്തതയുടെ തീരങ്ങളിൽ അലഞ്ഞു നടക്കുന്നവരുമുണ്ട്.

കവികളെയും ,കലാകാരന്മാരെയും അടുത്തറിഞ്ഞപ്പോൾ അവരിലധികവും വിഷാദത്തിന്റെ തടവറകളിൽ നിന്നും

മോചനം നേടാതെ അലയുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. ഗുരുതുല്യനായ ഒരെഴുത്തുകാരനുണ്ട്. ഇടക്ക് അദ്ദേഹം ഫോൺ സ്വിച്ച്ഡ്ഓഫാക്കി വയ്ക്കും.

ചില സമയത്ത് വല്ലാത്തൊരു ഏകാന്തതയിലും ,മൂഡ് സ്വിങ്ങുകളുടെ ഗതികിട്ടാക്കയങ്ങളിലും മുങ്ങിത്താഴുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെ തൂലിക ചലിപ്പിച്ച് പൊരുതുന്ന കവയിത്രി സുഹൃത്തൊരിക്കൽ പറഞ്ഞത് 'കാർമേഘം പോലെ

പൊതിയുന്നൊരു വിഷാദം മനസ്സിനെ വന്നു മൂടുമെന്നാണ് .കുറെ സമയം തനിയെ ഇരുന്ന് കരഞ്ഞു കഴിയുമ്പോൾ ഇതിന് ശമനം വരാറുണ്ടത്രേ.

സങ്കൽപത്തിലുള്ള കൂട്ടുകാരനെയോ ,കൂട്ടുകാരിയെയോ ഒക്കെ കൂട്ടു പിടിച്ച് പ്രണയകവിതകൾ നെയ്തെടുക്കുന്നവരുമുണ്ട്. ഇതൊരു 

ഭ്രാന്തായി പലർക്കും തോന്നാം. പക്ഷേ കവിമനം മനസ്സിലാക്കുവാൻ  ഒരേ തൂവൽപ്പക്ഷികളായ എഴുത്തുകാർക്ക് സാധിക്കും. കാരണം അവരും

കൂടെ പറക്കുന്ന പക്ഷികളാണല്ലോ.

എല്ലാ മേഖലയിലും ഉള്ളതു പോലെ മത്സരങ്ങളും , ഈഗോയുമെല്ലാം സാഹിത്യരംഗത്തും നടമാടുന്നുണ്ട്. ഭാവന ചിറകുവിരിപ്പിച്ച് വളരെ

പ്രതീക്ഷയോടെയും ,സന്തോഷത്തോടെയും എഴുതുന്ന രചനകൾ പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ വിമർശനങ്ങളുടെയും , നിരൂപകരുടെയും  കൂട്ടമായ ആക്രമണമായിരിക്കും നേരിടേണ്ടി വരുന്നത്. സോഷ്യൽ മീഡിയ ശക്തമായ ഇക്കാലത്ത് ഏൽക്കുന്ന മുറിവുകളുടെ ആഴവും കൂടുതലായിരിക്കും. കൂരമ്പുകളേറ്റ് തളർന്ന് പോകുന്നവരുണ്ട്. ഇനിയും എഴുതുന്നില്ല എന്നൊരു ഭീഷ്മ ശപഥവുമെടുത്ത് തൂലിക മടക്കുന്നവരുമുണ്ട്. അങ്ങനെയുള്ള ചിന്തകൾ മഥിക്കുമ്പോൾ സങ്കടവും ,അമർഷവുമെല്ലാം മാറ്റി വച്ച് തിരിഞ്ഞ് നോക്കുക.

നിങ്ങൾക്ക് മുൻപേ നടന്നവർ ഇതിലും വലിയ വിമർശനങ്ങളെയെല്ലാം അതിജീവിച്ച് മുന്നേറിയവരാണ്. ശ്രീ. എം.കൃഷ്ണൻനായരുടെ നിരൂപണഖഡ്ഗത്തിനു മുൻപിൽ പിടഞ്ഞു വീണവരുമുണ്ട് .ഉയർത്തെഴുനേറ്റവരുമുണ്ട്. ശ്രീ.കെ.പി.ജിയുടെ ശക്തമായ ഒരു കവിതയെ ശ്രീ. കുട്ടികൃഷ്ണമാരാർ വിശേഷിപ്പിച്ചത് 'ചന്തപ്പാട്ട്' എന്നാണ്. അതു കൊണ്ട് വിമർശനങ്ങളെ സിരാവ്യൂഹത്തിലേക്ക് പടർത്താതെ അതിലെ നല്ല വശങ്ങൾ മാത്രം ഉൾക്കൊള്ളുവാൻ ശ്രമിക്കണം.

ഒരു സൃഷ്ടി വായനക്കാരനിലേക്കെത്തുമ്പോൾ പിന്നെ അതിന്റെ ഉടമസ്ഥാവകാശം വായനക്കാരനാണെന്ന സത്യം ഉൾക്കൊള്ളുവാൻ എഴുത്തുകാരൻ തയ്യാറാകണം. ഒരു രചന അനുവാചകരുടെ ഹൃദയത്തിൽ വേരു പടർത്തുന്നത് വ്യത്യസ്ത ഭാവങ്ങളിലാണ്. മാനദണ്ഡങ്ങളും വെവ്വേറെ ഭാവങ്ങളിലായിരിക്കും

അവരിൽ പ്രതിഫലിക്കുന്നതെന്ന സത്യം എഴുത്തുകാർ ഉൾക്കൊള്ളണം. സാഹിത്യകാരന്റെ വ്യക്തിപരമായ അനുഭവങ്ങളാണെങ്കിൽ കൂടി സമൂഹത്തോടാണ് സംവേദിക്കുന്നതെന്ന ബോധം  അയാൾക്കുണ്ടാകണം. എഴുത്തുകാരന്റെ അനുഭവങ്ങൾ  ഭക്തിസാന്ദ്രമോ , കാൽപ്പനികമോ ,മാനസികമായ സമ്മർദ്ധങ്ങളോ ,പ്രതിഷേധങ്ങളോ ഒക്കെയാവാം. എന്തു തന്നെയായാലും അനുവാചകന്റെ അനുഭവങ്ങളും ,

കാഴ്ചകളുമായി സന്നിവേശിപ്പിക്കുമ്പോൾ മാത്രമേ രചനകൾ അനുഭൂതിയുണർത്തുകയുള്ളൂ.

കവികളെ ഉന്മാദികളെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. എഴുത്തുകാരന് ഒരിക്കലും സാധാരണക്കാരന്റെ മാനസികാവസ്ഥ

ആയിരിക്കുകയില്ല. കുമാരനാശാന്റെ വീണപൂവ് പോലെ കവികൾ ഒരു പുഷ്പത്തെ കാണുന്നത് വ്യത്യസ്തമായ ഭാവനയിലായിരിക്കും. നല്ല പിരിമുറുക്കം അനുഭവിച്ചാണ്

വിപ്ലവകവികൾ കവിതകൾ ആളിപ്പടരുന്ന ജ്വാലകളാക്കി ജ്വലിപ്പിച്ചെടുക്കുന്നത്. 

കലാകാരന്മാരുടെ ഇടയിൽ ആത്മഹത്യകൾ കൂടുതലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും ,വൈകാരിക പ്രശ്നങ്ങളുമാണ്

കാരണങ്ങളായി അധികവും കേട്ടിട്ടുള്ളത്. ഭ്രാന്തമായ അവസ്ഥയിലേക്ക് മനസ്സിനെ മേയുവാനയക്കാതെ സ്വയം മെരുക്കിയെടുക്കുവാൻ പഠിക്കണം. അല്ലെങ്കിൽ അവർക്ക് അവരെത്തന്നെ  നഷ്ടപ്പെടുന്ന അവസ്ഥ വരും.

 ഈ ലോകത്ത് വന്ന് ഇത്രയെങ്കിലുമൊക്കെ ചെയ്യുവാൻ സാധിക്കുന്നതിൽ  ഹൃദയത്തിൽ എപ്പോഴും സന്തോഷിക്കണം. നമ്മുടെ സന്തോഷം നാം തന്നെ മെനഞ്ഞെടുക്കേണ്ടതാണ്. നേട്ടങ്ങളെയും ,പുരസ്കാരങ്ങളെയും കുറിച്ചാകുലപ്പെടാതെ ഈശ്വരാനുഗ്രഹം കൊണ്ട്ലഭിച്ച താലന്തിനെ തുടച്ചുമിനുക്കിയെടുക്കുവാൻ

ശ്രദ്ധിക്കണം. പ്രതീക്ഷകളുടെ അമിതഭാരം താങ്ങി മടുക്കാതെ സ്വതന്ത്രരായി പറക്കുവാൻ കഴിയണം.

എഴുത്തിൽ ഏകാഗ്രത ലഭിക്കുവാനായി സൂര്യനുദിക്കുന്നതിന് മുൻപ് ഉണർന്ന് എഴുതുന്നതാണ് അഭികാമ്യം. മുറിയടച്ചിട്ട്

എഴുതുന്ന എഴുത്തുകാരനെയോ ,എഴുത്തുകാരിയെയോ പ്രോത്സാഹിപ്പിക്കുവാനുള്ള  സാഹചര്യവും ,ഭാഗ്യവും ഗൃഹസ്ഥാശ്രമികൾക്ക് ലഭിക്കുന്നത് അപൂർവ്വമാണ്. എഴുതുവാൻ കഴിയാതെ വരുമ്പോൾ എഴുത്തുകാർ അസ്വസ്ഥരാകുന്നതും , കോപിഷ്ഠരാകുന്നതും സ്വാഭാവികമാണ്. സൃഷ്ടിയെ ഗർഭം ധരിച്ച് മനസ്സിലിട്ട് താലോലിച്ച് ഒടുവിൽ പിറവിയുടെ അനുഭൂതി നെഞ്ചേറ്റുന്നത് വരെ അവർ അനുഭവിക്കുന്ന മാനസിക സംഘർഷം വീട്ടിലുള്ളവർക്ക് മനസ്സിലാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ സ്വയം മനസ്സിലാക്കുവാനും , ശാന്തരാകുവാനും ശ്രദ്ധിക്കണം. സാഹിത്യ രചന തന്നെ ധ്യാന നിമഗ്നമാണെങ്കിലും  യോഗയും , ധ്യാനവുമൊക്കെ പരിശീലിക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കുവാൻ സഹായിക്കും.

എത്ര തിരക്കുണ്ടെങ്കിലും വായന ദൈനംദിന ജീവിതചര്യയുടെ ഭാഗമാക്കി മാറ്റണം.

എന്നിലേക്കുമൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഈ പ്രതിസന്ധിയിലൂടെ ഏറെ ദൂരം ഞാനും കടന്നു പോയിട്ടുണ്ട്. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ,ആളിക്കത്തിയണയുകയും ചെയ്യുന്നൊരു തീപ്പൊരിയായിരുന്നു .കൂടുതൽ ആത്മാർത്ഥത എല്ലായിടത്തും വിതറും..മറ്റുള്ളവരുടെ സ്വാർത്ഥതകളും ,തകർന്നു പോയ പ്രതീക്ഷകളും ,സ്നേഹശൂന്യതകളുമൊക്കെ എന്റെ മനസ്സിനെ ഏറെ മഥിച്ചിട്ടുണ്ട്.

 കർത്തവ്യങ്ങളും ,കടമകളും പൂർത്തിയാക്കി മടങ്ങിപ്പോകുവാനുള്ള യാത്ര മാത്രമാണ് ജീവിതമെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ വർണ്ണപ്പകിട്ട് നിറഞ്ഞയീ ലോകത്തെ ഞാൻ ഇമകളിൽ ചേർത്തു വച്ചു തുടങ്ങി. അതേ ,എന്തു മനോഹരമാണല്ലേ ഈ ലോകം .വെറുതെ ടെൻഷനടിച്ചും , ഭാരപ്പെട്ടുംനമ്മൾ എന്തിനാണെന്നേ

കഷ്ടപ്പെടുന്നത്. കൂളായിട്ടിരുന്നങ്ങ് എഴുതാം. ഇഷ്ടം പോലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളല്ലേ നല്ല രചനകളെ സ്വാഗതം

ചെയ്യുവാൻ തയ്യാറായി കൂടെയുള്ളത്. ചിപ്പിക്കുള്ളിൽ പതിക്കുന്ന മൺതരിയെ മനോഹരമായ മുത്താക്കി മാറ്റുന്നത് പോലെ വികാരവിചാരങ്ങളുടെ നീർച്ചുഴിയിൽ താഴ്ന്നു പോകാതെ സർഗ്ഗാത്മതയുടെ വിഹായസ്സിലേക്ക് പറന്നുയരുവാൻ എഴുത്തുകാർക്ക് കഴിയട്ടെ.