കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേർന്നേക്കുമെന്ന അഭ്യൂഹം ദേശീയ രാഷ്ട്രീയത്തില്‍ ശക്തം.

ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള അദ്ദേഹം പാർട്ടി വിട്ടാല്‍ കോണ്‍ഗ്രസിനു സംസ്ഥാനത്തു കനത്ത തിരിച്ചടിയാകും. മാധ്യപ്രദേശില്‍ തന്റെ അടുപ്പക്കാരെ തഴഞ്ഞ് രാഹുല്‍ ഗാന്ധി ബ്രിഗേഡില്‍ പെട്ടവരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും കക്ഷി നേതാവ് സ്ഥാനത്തും നിയോഗിച്ചതിലും കമല്‍നാഥ് അതൃപ്തനായിരുന്നു.

കമല്‍നാഥിനു രാജ്യസഭാ സീറ്റും മകൻ നകുല്‍ നാഥിനു ലോക്‌സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്‌തെന്നാണു വിവരം. അന്തിമ തീരുമാനമെടുക്കുന്നതിനു 13നു കോണ്‍ഗ്രസ് എംഎല്‍എമാരെ കമല്‍നാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമല്‍നാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാൻ ഹൈക്കമാൻഡിനു താല്‍പര്യമില്ലെന്നാണു സൂചന. ഇതോടെയാണ് പാർട്ടി മാറാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചത്.

ചിന്ദ് വാരയില്‍ കമല്‍നാഥിന്റെ മകൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍നാഥിന്റെയടക്കം പാർട്ടി പ്രവേശനം കൂടിക്കാഴ്ചയില്‍ വിഷയമായെന്നാണു സൂചന.

രാജ്യസഭാ എംപി വിവേക് തൻഖയും ബിജെപിയില്‍ ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ട്. മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ കമല്‍നാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചു രംഗത്തെത്തിയത് ചർച്ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്.