പൊലീസുകാരനെ ആക്രമിച്ചു; സോഷ്യല്‍ മീഡിയ താരം രേവദ് ബാബു അറസ്റ്റില്‍

Aug 6, 2025 - 16:12
 0  3
പൊലീസുകാരനെ ആക്രമിച്ചു; സോഷ്യല്‍ മീഡിയ താരം രേവദ് ബാബു അറസ്റ്റില്‍

തൃശൂര്‍: പൊലീസുകാരനെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ താരം രേവദ് ബാബു അറസ്റ്റില്‍. കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയിലാണ് സംഭവം. ടോള്‍ പ്ലാസയിലെത്തിയ ഇയാള്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിച്ചു. കടന്നുപോകാത്ത വാഹനങ്ങളുടെ താക്കോലും ഊരിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്. പൊലീസുകാരന്റെ തലയ്ക്ക് ഇയാള്‍ പരിക്കേല്‍പിച്ചെന്നാണ് വിവരം. തുടര്‍ന്ന് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ വച്ചും രേവദ് ബഹളമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വൈദ്യപരിശോധനയ്ക്ക് ഇയാള്‍ തയ്യാറായില്ല. തന്നെ വ്യാജമായി പിടിച്ചുകൊണ്ടുവന്നതാണെന്നും പറഞ്ഞ് ഇയാള്‍ ബഹളം വച്ചു. ആശുപത്രിയില്‍ വച്ച് പൊലീസുകാരോട് ഇയാള്‍ തട്ടിക്കയറി. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് സംശയം. ഇയാളുടെ കയ്യില്‍ കത്തി ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് സ്വയംരക്ഷയ്ക്ക് കരുതിയതാണെന്നായിരുന്നു രേവദ് പൊലീസുകാര്‍ക്ക് നല്‍കിയ മറുപടി.

വരന്തരപ്പള്ളി സ്വദേശിയായ ഇയാള്‍ ലോട്ടറി വിറ്റും, ഓട്ടോ ഓടിച്ചുമാണ് ജീവിക്കുന്നത്. പ്രശസ്തി കിട്ടാന്‍ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വീഡിയോകള്‍ ഇട്ടാണ് രേവദ് ശ്രദ്ധ നേടുന്നത്.

രണ്ട് വര്‍ഷം മുമ്പ് ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍, അന്ത്യ കര്‍മ്മം ചെയ്യാനെത്തിയത് രേവദായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ തയ്യാറായില്ല എന്ന് ആരോപിച്ചാണ് ഇയാള്‍ എത്തിയത്. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞിരുന്നു. സംഭവത്തില്‍ രേവദ് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് രേവദ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടും ഇയാള്‍ വീഡിയോകള്‍ പങ്കുവച്ചിരുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താനെന്ന പേരിലും രേവദ് അവിടെയെത്തിയിരുന്നു.