ഏഷ്യൻ ഗെയിംസിൽ സ്വർണ്ണത്തിളക്കം; കമാലിനിക്ക് 75 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

Sep 23, 2026 - 15:29
 0  7
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണത്തിളക്കം; കമാലിനിക്ക് 75 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമംഗവും തമിഴ്‌നാട് സ്വദേശിയുമായ ജി. കമാലിനിക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. 18-കാരിയായ കമാലിനിക്ക് തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ചരിത്ര വിജയം നേടിയ ഇന്ത്യൻ വനിതാ ടീമിന് ആശംസകൾ അറിയിച്ച മുഖ്യമന്ത്രി, കമാലിനിയെപ്പോലെയുള്ള പ്രതിഭകൾക്കൊപ്പം തമിഴ്‌നാട് സർക്കാർ എപ്പോഴും നിലകൊള്ളുമെന്നും എക്‌സിലൂടെ വ്യക്തമാക്കി. കമാലിനിയുടെ ഈ അപൂർവ്വ നേട്ടം സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ കമാലിനി ഗുണാലൻ വിക്കറ്റ് കീപ്പർ ബാറ്ററും സ്പിൻ ബൗളറുമാണ്. 2025 ഡിസംബറിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഈ കൗമാരതാരം വനിതാ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരം കൂടിയാണ്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്കായി മൂന്ന് മത്സരങ്ങളിൽ കമാലിനി ജേഴ്സിയണിഞ്ഞിരുന്നു.