ഇടതിനൊപ്പം തന്നെ: മുന്നണി മാറ്റം തള്ളി ജോസ് കെ.മാണി
കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതിനൊപ്പമെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് പാർട്ടി ചെയർമാൻ ജോസ് കെ.മാണി. കേരള കോൺഗ്രസ് ഇടതിനൊപ്പമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം എന്ന നിലപാടിൽ മാറ്റമില്ല. തദ്ദേശഫലം കണ്ടുകൊണ്ട് മുന്നണി മാറാനില്ല. മുന്നണിമാറ്റ ചർച്ചകൾക്ക് പ്രസക്തിയില്ല. കേരള കോൺഗ്രസിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റത്തെക്കുറിച്ച് ആരാണ് ചർച്ച നടത്തിയതെന്നും ജോസ് കെ.മാണി ചോദിച്ചു. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. പലയിടങ്ങളിൽനിന്നും ക്ഷണം വരുന്നുണ്ട്. കേരള കോൺഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും. ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയാണ്. വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെയാണ് കേരള കോൺഗ്രസ് എം.ചെയർമാൻ നിലപാട് വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്നത് അഭ്യൂഹങ്ങളാണെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം