തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ ഒമ്പതാം ക്ലാസിലെ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങയതാണ് കാരണം. തുടർന്ന്, ക്ലാസ് മുറി പൂട്ടിയിട്ട ശേഷമാണ് ഏത്തമിടിപ്പിച്ചത്. പത്ത് മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്കൂൾ ബസും വിട്ടുപോയിരുന്നു.
തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികള്‍ക്ക് ബസ് ടിക്കറ്റിന് പണം നല്‍കിയാണ് വിദ്യാർത്ഥിനികളെ പറഞ്ഞു വിട്ടത്.
സംഭവം അറിഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. അതേസമയം സംഭവത്തിൽ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും അതിനാൽ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്.