ജനാധിപത്യം വെല്ലുവിളി നേരിടുന്നു

ജനാധിപത്യം വെല്ലുവിളി നേരിടുന്നു
നാധിപത്യം അപമാനിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് ഈ ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് . എതിർ ശബ്ദങ്ങൾക്ക് വില നല്കപ്പെടുന്നിടത്താണ് ജനാധിപത്യം ശോഭിക്കുക. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ മാനിക്കുന്നത്  ജ​നാ​ധി​പ​ത്യത്തിന്  തിളക്കം ഏറ്റുകയേയുള്ളു . ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിയോഗിക്കപ്പെട്ട പ്രതിപക്ഷം  നിശ്ശബ്ദരാക്കപ്പെടുന്നത് ജനങ്ങളോടുള്ള അവഹേളനം എന്ന് പറയേണ്ടിയിരിക്കുന്നു .
ഏ​കാ​ധി​പ​ത്യ ശൈലി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അഭിപ്രായ വ്യത്യാസങ്ങളും നിലപാടുകളിലെ വ്യത്യാസങ്ങളും എവിടെയും സ്വാഭാവികമാണ് . സ​ഹി​ഷ്ണു​ത​യോടെ കാര്യങ്ങൾ നീക്കിയില്ലെങ്കിൽ ജനാധിപത്യത്തിൽ പോലും  യുദ്ധാവസ്ഥയാകും നേരിടേണ്ടി വരിക . ത​ങ്ങ​ളോ​ടു വി​യോ​ജി​ക്കു​ന്ന പ്ര​തി​പ​ക്ഷ എം​പി​മാ​രെ​യെ​ല്ലാം  പു​റ​ത്താ​ക്കു​ന്ന രീതി ഒരു ജനാധിപത്യ സംവിധാനത്തിന് തെല്ലും  ചേരുന്നതല്ല .  
 
പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം സ​മാ​പി​ക്കാ​ൻ മൂ​ന്നു​ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പാർലമെന്റിന്റെ ഇരുസഭയിൽനിന്നുമായി 146 പ്രതിപക്ഷാംഗങ്ങളാണ്‌   സസ്പെൻഡ് ചെയ്യപ്പെട്ടത്. പാർലമെന്റ് മന്ദിരത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ പുകയാക്രമണത്തെയും അതിനിടയാക്കിയ സുരക്ഷാവീഴ്ചയെയുംപറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എം.പി.മാരാണ് സസ്പെൻഷനിലായത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്പെൻഷനാണിത്.
അത്യധികം  സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ  അക്രമികള്‍  കടന്ന സംഭവം വലിയ സുരക്ഷാ വീഴ്ച തന്നെയാണ്. സുരക്ഷാ വിഭാഗത്തിനും അക്രമികള്‍ക്ക് പാസ്സ് കൊടുത്ത ബി ജെ പി. എം പിക്കും ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച ഏറെ ഗൗരവമായി തന്നെ കാണണം.
 സ​ഭാ​ധ്യ​ക്ഷ​ന്മാ​ർ ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ൾ   ത​ട​സ​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ത്ര​യും പ്ര​തി​പ​ക്ഷ എം.​പി​മാ​രെ പു​റ​ത്താ​ക്കി​യത്. 
ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ നിയമ നിര്‍മാണ സഭകളില്‍ പ്രതിപക്ഷ  സാന്നിധ്യത്തിന് അതീവ പ്രാധാന്യമുണ്ട് . സര്‍ക്കാറിന്റെ   പോരായ്മകൾ തുറന്നു കാട്ടി നേരായ വഴിയിൽ നയിക്കണമെങ്കിൽ  പ്രതിപക്ഷം ശക്തമായിരിക്കണം, തിരുത്തൽ ശക്തിയാവണം. തങ്ങൾക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് ക്ര്യത്യമായ ഉത്തരം നല്കാൻ ഭരണ കർത്താക്കൾക്ക് ബാധ്യതയുണ്ട് . അത് ജനങ്ങൾക്ക് ഭരിക്കുന്നവരിൽ വിശ്വാസം കൂട്ടുകയേ ഉള്ളൂ . അതിന് പകരം എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല .
പു​റ​ത്താ​ക്ക​പ്പെ​ട്ട​ എം പി മാരിൽ ഭൂ​രി​പ​ക്ഷ​ത്തി​നും ഇ​നി ന​ട​പ്പ് സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​വി​ല്ല.  വരുന്ന ഏപ്രിൽ-മേയ്‌ മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ, നടപ്പുലോക്‌സഭയുടെ ഒടുവിലത്തെ സമ്പൂർണസമ്മേളനമാണിത്. ക്രിമിനൽ ബില്ലുകളടക്കമുള്ള   പ്രധാന നിയമനിർമാണങ്ങൾ പ്രതിപക്ഷത്തെ ഒഴിവാക്കി അനായാസം പാസാക്കാനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നു  ഈ  കൂട്ട സസ്പെൻഷനെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പല നിയമനിർമാണങ്ങളും പാർലമെന്റിൽ  ചർച്ച ചെയ്യാതെ തിടുക്കത്തിൽ  പാസാക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ നടപടികളും.
പാ​ർ​ല​മെ​ന്‍റി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള​പ്പോ​ൾ ഭ​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള​തു ചെ​യ്യാ​മെന്നൊക്കെ തോന്നുന്നത്  ധാ​ർ​ഷ്ഠ്യമെന്നല്ലാതെ എന്ത്  പറയാൻ . ഈ ഏ​കാ​ധി​പ​ത്യ ശൈലി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് , അധികാരം കൈയിലുള്ളപ്പോൾ അത് തിരിച്ചറിയാനായെന്ന് വരില്ല .പ്രതിപക്ഷ  വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കുകയും അവരുമായി സംവദിക്കുകയും വേണം , മികച്ച ജനാധിപത്യത്തിന് അതാണ് വേണ്ടത് എന്ന് അധികാരത്തിലിരിക്കുന്നവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.