ഉള്ള് ചുട്ടുപഴുക്കുമ്പോഴും ആ ചൂടിൽ അപരന്  റൊട്ടി വേവിച്ചെടുക്കുന്നവൻ: ധ്യാന പ്രവാസം , ബുക് റിവ്യൂ

ഉള്ള് ചുട്ടുപഴുക്കുമ്പോഴും  ആ ചൂടിൽ അപരന്   റൊട്ടി വേവിച്ചെടുക്കുന്നവൻ: ധ്യാന പ്രവാസം , ബുക് റിവ്യൂ

 

 

രമേഷ് പെരുമ്പിലാവ്

 

 

നിങ്ങൾക്ക് ആകെയുള്ളത് വർത്തമാനമാണ്. ഇന്നലെകളെ ഓർത്ത് കരഞ്ഞാേ, നാളെയെ കുറിച്ച് സ്വപ്നം കണ്ടോ ഊർജ്ജം പാഴാക്കരുത്. ഗൃഹാതുരത്വം ക്ഷീണിപ്പിക്കുന്നതും വിനാശകരവുമാണ്. അത് പ്രവാസിയുടെ ദുഷ്പ്രവണതയാണ്. നിങ്ങൾ വേരുകൾ എന്നെന്നേക്കുമായി നിലനിറുത്തണം. നിങ്ങൾക്ക് ശാശ്വതബോധം ഉണ്ടായിരിക്കണം. 

(ഇസബെൽ  അല്ലെൻഡ)

 

ജൂൺ മാസത്തെ മഴച്ചാറലിൽ ഓർക്കാട്ടേരിയിലെ വീട്ടു തിണ്ണയിൽ ഇരിക്കുമ്പോൾ ദുബായിലെ നിർമ്മാണ മേഖലയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികളെയോർത്ത് വിയർക്കുകയും, റാഷിദിയയിലെ ഗ്രോസറിയിൽ ജോലിയെടുക്കുമ്പോൾ മനസ്സ് ഓർക്കാട്ടേരിയിലേക്ക് ഓടിപ്പോവുകയും ചെയ്യുന്നതാണ് പ്രവാസിയുടെ ജീവിതം. ജനിച്ചിടവും ജീവിക്കുന്നയിടവും ഏതാണ് സത്യത്തിൽ യാഥാർത്ഥ്യം എന്നൊരു കൺഫ്യൂഷൻ ഒട്ടുമിക്ക പ്രവാസികളേയും പിടിച്ചുലയ്ക്കുന്നു. 

സ്വന്തം സ്വപ്നങ്ങളേക്കാള്‍ വലിയതാണ്, തന്നെ ആശ്രയിക്കുന്നവരുടെ മുഖത്തെ സന്തോഷമെന്ന  തിരിച്ചറിവിൽ കെട്ടു പിണഞ്ഞ് കിടക്കുന്നതാണ് പ്രവാസിയുടെ ജീവിതം .

'വലയില്‍ വീണ കിളികള്‍ നാം' എന്ന അനില്‍ പനച്ചൂരാന്റെ കവിതയിലെ ആദ്യത്തെ വരി പ്രവാസികളെ കുറിച്ചാണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. പ്രവാസികളെ, വലയിൽ വീണ് കുടുങ്ങിക്കിടക്കുന്ന കിളികൾ എന്നെല്ലാതെ മറ്റെന്താണ് പറയുക.

ഇ.കെ.ദിനേശൻ്റെ ഒമ്പതാമത്തെ കൃതിയാണ് ധ്യാന പ്രവാസം. പ്രവാസ ജീവിതത്തിൽ ഗ്രന്ഥകർത്താവ് അനുഭവിക്കേണ്ടി വന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളും അവയെ മനസ്സിലേറ്റി ആധിപിടിപ്പിച്ച ചിന്തകളുടെ നെരിപ്പോടുമാണ് എഴുത്തിനാധാരം. 

ഉള്ളു ചുട്ടുപഴുക്കുമ്പോഴും ആ ചൂടിൽ നിന്ന് അപരന് റൊട്ടി ചുട്ടെടുക്കാൻ കനലൊരുക്കുന്നവരാണ് പ്രവാസികളിൽ ഏറിയ കൂട്ടരും. അവരുടെ പ്രതിനിധിയാണ് ഇ.കെ ദിനേശനും. അപരൻ്റെ വിശപ്പ് അയാളാണ് അനുഭവിക്കാറ്. അപരന് വേണ്ടി കരയുന്നതും ഉറങ്ങാതിക്കുന്നതും ഇറങ്ങിപ്പുറപ്പെടുന്നതും അയാൾ തന്നെയാണ്. മറ്റൊരുവന്റെ നിലവിളികൾ തന്റേതു കൂടിയാണെന്ന ചിന്ത അയാളുടെ ഉള്ളിൽ ഒരു തീമല പോലെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ അവനവനെക്കുറിച്ചുള്ള ചിന്ത ഒരു മഞ്ഞു മല പോലെ തണുത്തുറഞ്ഞതുമാണ്. അതിനെ കുറിച്ച് അയാൾ അത്രയൊന്നും ആകുലപ്പെടുന്നുമില്ല.

മുഖ്യധാരയിൽ നിരന്തരം എഴുതുന്ന ഇ.കെ. ദിനേശന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഇടപെടലുകൾ ഏറെ പ്രസക്തമാണ്. അരികു ജീവിതങ്ങളെ ചേർത്തു നിർത്തുന്ന നിലപാടുകളുമായി തന്റെ എഴുത്തിടങ്ങളിലും കർമ്മപഥത്തിലും അയാൾ സജീവമാണ്. 

ഇത്തരം ജീവിതത്തിൽ പലരോടും എഴുത്തുകൊണ്ടും പറച്ചിൽ കൊണ്ടും പട വെട്ടുന്നുണ്ട് ഈ സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ.

ധ്യാന പ്രവാസവും ഒരു സമരമാണ്. എഴുത്തു വഴിയിലെ പ്രതിരോധങ്ങളുടെ അടയാളപ്പെടുത്തൽ. 

 

ധ്യാന സമാനമായ പ്രവാസത്തിന്റെ അക കൺ വായനയിലേക്ക്‌ കടക്കട്ടെ.

 

കാലം എല്ലായിടത്തും എല്ലാ മനുഷ്യരിലും അതിൻ്റേതായ മുദ്രകൾ പതിപ്പിച്ചിരിക്കും എന്നാൽ ഒരാൾക്ക് കാലത്തെ അതിൻ്റെ തനത് അവസ്ഥയിൽ അനുഭവിക്കാൻ കഴിയുക അയാൾ കൂടി ഭാഗമായ കാല സംസ്കൃതിയിൽ ലയിച്ചു തീരുമ്പോഴാണ്. അത്തരം സംസ്കൃതിക്കു പുറത്താണ് ദീർഘമായി പ്രവാസം അനുഭവിക്കുന്നവർ. അവരിലൂടെ അറിഞ്ഞോ അറിയാതെയോ കടന്നു പോകുന്ന കാലങ്ങൾ ചില മുദ്രകളെ അവരിൽ നിന്നും എടുത്തു മാറ്റുന്നുണ്ട്. സ്വന്തം ജീവിതത്തിൽ നിന്നു നിഷ്കാസനം ചെയ്യപ്പെടുന്ന അത്തരം മുദ്രകളിൽ അയാളുടെ സ്വപ്നങ്ങളുണ്ട്. കാലം സൃഷ്ടിച്ച അത്തരം നഷ്ടബോധങ്ങൾ പ്രവാസികളിൽ വലിയ വലിയ ഗർത്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രവാസം അപഹരിച്ച കാലമുദ്രകളെ തിരിച്ചുപിടിക്കേണ്ടതിൻ്റെ സാദ്ധ്യതകളെ, ശ്രമങ്ങളെ കണ്ടെത്തുന്ന ചിന്തയാണ്, പ്രവാസത്തിൽ ഒഴുകിപ്പോയ കാല മുദ്രകൾ എന്ന ശ്രദ്ധേയമായ ഭാഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രവാസത്തിൻ്റെ ഈ എകാന്ത ദ്വീപിലേക്ക് എനിക്ക് തണലായി വന്നവൾ. ആത്മഹത്യയിലേക്ക് എഴുന്നേറ്റ എന്നെ സ്വന്തം വസ്ത്രം കൊണ്ട് ബന്ധിച്ചു പരാജയപ്പെടുത്തിയവൾ. മക്കളേയും, അച്ഛനെയും അമ്മയേയും അവൾ മറക്കുന്നത് എത്ര വേദനയോടെയാണെന്ന് എനിക്കറിയാം. അത്തരമൊരു ചിന്താ വലയത്തിൽ നിന്ന് എത്രയോ വട്ടം കഴുകിയിട്ടാണ് അവളുടെ മാക്സിയും അടിവസ്ത്രവും എനിക്ക് വെളുപ്പിച്ചെടുക്കാൻ കഴിഞ്ഞത്. ഒരുരാത്രി അവൾ എന്നോടു ചോദിച്ചു: "ആർത്തവകാലത്ത് ക്ലോസറ്റിൽ ചെറിയ ചെറിയ ചോരപ്പാടു കണ്ടാൽ മുഖം ചുളിക്കുന്ന നിങ്ങൾക്കെങ്ങനെ ചോരയിൽ പൊതിർന്ന വസ്ത്രങ്ങൾ അലക്കാൻ കഴിയുന്നു...?"

അതിനു ഞാൻ ഒരൊറ്റ വാക്കിലാണ് ഉത്തരം നൽകിയത്. " ആ സമയത്തൊന്നും ഞാൻ നിൻ്റെ ഭർത്താവായിരുന്നില്ല അമ്മയായിരുന്നു. ആർത്തവ പ്രവാസമെന്ന ആദ്യ അദ്ധ്യായത്തിലെ വരികളാണിത്. 

ഒരു പുരുഷനോടു പങ്കുവെയ്ക്കാൻ കഴിയാത്ത അയാൾക്കു പരിഹരിക്കാൻ കഴിയാത്ത, മാനസികവും ശാരീരികവുമായ അവസ്ഥയ്ക്കുള്ളിൽ സ്ത്രീ വിയർത്തു നിൽക്കുന്ന സമയം. അപ്പോൾ അവൾക്കു വേണ്ടതു തൻ്റെ ശാരീരികാവസ്ഥ തിരിച്ചറിയുന്ന മറ്റൊരു സ്ത്രീയെയാണ്. എന്നാൽ പ്രവാസ ജീവിതത്തിൽ ഒരൊറ്റ മുറിയിൽ ഭാര്യയ്ക്ക് കൂട്ടായി ഭർത്താവ് മാത്രം ഉണ്ടാകുന്ന അവസ്ഥയെ നീട്ടി എഴുതുമ്പോഴാണ് അതിനെ ആർത്തവ പ്രവാസം എന്നു വിളിക്കേണ്ടി വരുന്നത്. ആർത്തവ പ്രവാസം വായിച്ചു പോകുമ്പോൾ എഴുത്തിൽ നമുക്ക് ചോര മണക്കും. ഉള്ള് വിറയ്ക്കും മറ്റൊരു മനുഷ്യരും ഈ അവസ്ഥ കടന്നു പോകല്ലേയെന്ന് ആശിക്കും. അപ്പോഴും ഒരു ഭർത്താവ് എന്തായിരിക്കണമെന്ന തിരിച്ചറിവ് മനസ്സിൽ പറഞ്ഞറിയിക്കാനാവത്ത ഒരു സന്തോഷവും ആശ്വാസവും നിറയ്ക്കും.

മരിച്ചവരെ തിരസ്കരിക്കാൻ മാത്രം വളർന്നു കഴിഞ്ഞ നമ്മുടെ കുടുംബ ബന്ധങ്ങളുടെ ജീർണ്ണതയെ കുറിച്ചാണ് മോർച്ചറിയിലുറങ്ങുന്ന പ്രവാസം എന്ന കുറിപ്പിൽ പറയുന്നത്.

മരിച്ചവർ, ഉറ്റവരെ കാത്തു നിൽക്കുകയാണ്. വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടി സ്വന്തം മണ്ണിൻ്റെ ഈർപ്പത്തിൽ അലിഞ്ഞു തീരണമവർക്ക്. വേണ്ടപ്പെട്ടവരുടെ ഓർമകളെ തന്നിലേക്ക് അടുപ്പിച്ചു ചേർക്കാൻ പുറപ്പെട്ട മണ്ണിലേക്കു തിരിച്ചെത്തണം. അതാണു മരുഭുമിയിൽ മരിച്ചു വീഴുന്ന ഓരോ പ്രവാസിയുടെയും അന്ത്യാഭിലാഷം. പലപ്പോഴും ഈ അഭിലാഷത്തെ പൂർത്തീകരിക്കാൻ കഴിയാറില്ല. മരിച്ചവരിൽ ചിലരെ സ്വന്തം നാടിനും കുടുംബത്തിനും വേണ്ടാത്തതാണ് കാരണം. അങ്ങനെ മരുഭൂമിയുടെ ഹൃത്തടത്തിൽ അലിഞ്ഞു ചേർന്ന ചിലരെ അടയാളപ്പെടുത്തുന്ന സങ്കടമഴയാണ് മോർച്ചറിയിലുറങ്ങുന്ന പ്രവാസം. 

മരുഭൂമിയിലെ പച്ചപ്പ് തിങ്ങിനിറഞ്ഞ പാർക്കിൽ ചിലരെ കാണാം. മരം കൊണ്ടു പണിതെടുത്ത ബെഞ്ചിലെ ഇരുത്തം കണ്ടാലറിയാം അവരുടെ മനസ്സ്. വേറെ എവിടെയോ മേഞ്ഞ് നടക്കുന്നുവെന്ന്. ആ നിമിഷം അയാളിൽ മരുഭൂമിയോ പച്ചപ്പോ പാർക്കോ മരം കൊണ്ടുണ്ടാക്കിയ ബെഞ്ചിൻ്റെ നനവോയില്ല. അയാൾ മറ്റൊരു ലോകത്തെ ചിന്തകളിലാണ്. ഇങ്ങനെ അകത്തും പുറത്തും ചില മനുഷ്യരുടെ ദുഃഖസമുദ്രം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു. 'ബെഞ്ചിലിരിക്കുന്ന ദു:ഖങ്ങൾ' എന്ന ശീർഷകത്തിൽ എഴുത്തുകാരൻ കാണുന്നത് ഇത്തരം സങ്കടക്കാഴ്ചകളാണ്. 

പ്രവാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിപരമായ അനുഭവം എന്നത് ഒരാൾ അനുഭവിക്കുന്ന ശൂന്യതയാണ്. ഈ ശൂന്യതയിൽ തന്നെയാണ് അയാളുടെ ലൈംഗിക തൃഷ്‌ണകളും പുളഞ്ഞ് കിടക്കുന്നത്. എന്നാൽ അത്തരമസ്ഥയെ ഉപാസന കൊണ്ടു നിയന്ത്രിക്കുന്നവരുണ്ട്. ആ ഉപാസന ഒരുവനെ സന്യാസിയാക്കി തീർക്കുന്നു. അയാൾ/അവൾ രതിമുക്തമായ മനസ്സിൻ്റെ തണലിൽ രതി ബോധത്തോടെ ജീവിക്കുന്നു. ഈ ജീവിതം ഏകത്വം നിറഞ്ഞതാണ്. ഇതേ ഏകത്വം അപ്പുറത്ത് അയാളുടെ പങ്കാളിയും അനുഭവിക്കുന്നുണ്ട്. അങ്ങനെ രണ്ടു ദേശത്തു രണ്ടു രതി ജന്യ ജീവിതം ഒഴുകാൻ തുടങ്ങിയിട്ട് കാലങ്ങൾ ഒട്ടനവധിയായി.

മരുഭൂമി സ്വയം ആർജിച്ചെടുത്ത ചൂടു കൊണ്ട്, ഈന്തപ്പനകൾ തൻ്റെ ഫലങ്ങൾ പഴുപ്പിച്ചെടുക്കുമ്പോലെ തന്നെയാണ് പ്രവാസിയും തൻ്റെ തൃഷ്ണകളെ സ്വയം തണുപ്പിച്ചെടുക്കുന്നത്. 

പ്രവാസം എന്തൊക്കെ ഇല്ലാതാക്കി എന്നത് അനുഭവസ്ഥർക്ക് മാത്രം അറിയാവുന്നതാണ്. അതിൽ ഏറ്റവും ഭീകരമായ കാഴ്ച, കാണാൻ ആഗ്രഹിക്കുന്നവർ പ്രവാസം തരിശാക്കിയ രതിസ്ഥലികളിലൂടെഒന്ന് സഞ്ചരിച്ചാൽ മതി. നഗ്നമായ ആ യാത്രയിൽ ചുരുണ്ടുണങ്ങിയ ജനനേന്ദ്രിയങ്ങളുടെ മഹാശേഖരങ്ങൾ കാണാം. ആരും പറയാൻ മടിയ്ക്കുന്ന പച്ചയായ ജീവിത പരിസരങ്ങളിലെ, മനുഷ്യാവസ്ഥയെ മനസ്സിലാക്കി തരുന്നു, 'പ്രവാസം തരിശാക്കിയ രതിസഫലികൾ' എന്ന അദ്ധ്യായം. 

ആഴത്തിൽ രൂപപ്പെട്ട ചുഴിയിലാണു പ്രവാസത്തിലെ ഭൂരിപക്ഷം ജീവിതങ്ങളും. നാട്ടിൽ മണിമാളിക പണിത്, മറുനാട്ടിൽ മൂന്നടി വീതിയുള്ള ഇരുമ്പു കട്ടിലിൽ ജീവിതകാലം മുഴുവൻ കഴിയാൻ വിധിക്കപ്പെട്ടവൻ. മരുഭൂമിയുടെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും നമുക്ക് അത്തരം ലക്ഷക്കണക്കിനു ജീവിതങ്ങളെ കോരിയെടുക്കാൻ കഴിയും. അവരിലേക്ക് ആനന്ദാവസ്ഥകളെ എത്തിക്കുക എളുപ്പമല്ല. പ്രവാസിയുടെ ഏകാന്തത വിചിത്രവും സങ്കീർണ്ണവുമായ ഒരു പ്രതിഭാസമാണ്. ആൾക്കൂട്ടത്തിനിടയിലാണ്, ആറോ ഏഴോ പേർ താമസിക്കുന്ന കുടുസുമുറിയിലാണ് ഒരാൾ ഏകാന്ത അനുഭവിക്കുന്നത്.  സ്വാതന്ത്ര്യത്തിനും ബാദ്ധ്യതകൾക്കുമിടയിൽ ഒരാൾ മൗനത്തിലേക്ക് നീന്തി പോകുന്നു. നിലയില്ലാ കയങ്ങളിൽ കൈ കാലിട്ടടിക്കുന്നു.

എകാന്തപ്രവാസത്തിൽ ചടഞ്ഞിരുന്ന് അവരുടേതായ ഒരു ലോകത്തെ അപനിർമിക്കുന്ന ഒരു തരം ശീലം സൃഷ്ടിക്കുന്ന അവസ്ഥകളെ മാറ്റിയെടുക്കേണ്ടതിനെ കുറിച്ചാണ് ധ്യാന പ്രവാസം എന്ന തലക്കെട്ടിൽ വിവരിക്കുന്നത്. 

ഒരു നിമിഷം! സ്വപ്നത്തിലെ ആകാശം എൻ്റെ കണ്ണിലൂടെ പൊട്ടിയൊലിക്കാൻ തുടങ്ങി. മരിച്ചവൻ്റെ പാസ്പ്പോർട്ടിൻ്റെ മുൻഭാഗത്തെ രണ്ടുകോണും കട്ട് ചെയ്തിരിക്കുന്നു. ഞാൻ അല്പനേരം തല താഴ്ത്തി. ഒരുവൻ പൂർണ്ണമായി ഇല്ലാതായിരിക്കുന്നു. പ്രവാസത്തിൻ്റെ വരവ് പാത്രത്തിൽ തിളപ്പിച്ച ജീവിതം. അതിനെ മുന്നിൽ നിന്നും നയിച്ച പ്രിയപ്പെട്ട വിലമതിക്കാൻ കഴിയാത്ത കൊച്ചു പുസ്തകം. കേരളത്തെ കേരള മാക്കിയവരുടെ യാത്രാ പുസ്തകം. പക്ഷേ എൻ്റെ കയ്യിലിപ്പോഴുള്ളത് മരിച്ചവൻ്റെ പാസ്പ്പോർട്ട്. ഒരിക്കലും കൂട്ടിക്കെട്ടാനോ ഒന്നിച്ചു ചേർക്കാനോ കഴിയാതെ ഈ കുഞ്ഞു പുസ്തകവുമായി എമിഗ്രേഷനിൽ ക്യൂ നിൽക്കാതെ സുകുമാരന് നാട്ടിലേയ്ക്കു പറക്കാം. ഒന്നും അറിയാതെ...

ഒരു സുപ്രഭാതത്തിൽ മരണ വിളിയായി വന്ന ഫോൺ കോൾ കൂട്ടുകാരൻ സുകുവിൻ്റെ മരണവാർത്തയാണ്. ആ സങ്കടം ലേഖകന്റെ മനസ്സുലയ്ക്കുന്നതിന്റെ സാക്ഷി പത്രമാണ് ഈ പകർത്തി വെപ്പ്. മരിച്ചവന് ചുറ്റും കൂടപ്പെട്ടവർ നേരിടുന്ന അവസ്ഥയെ, അങ്കലാപ്പിനെ കൃത്യമായി കോറിയിടുന്നുണ്ട് മരിച്ചവൻ്റെ പാസ്പ്പോർട്ട് എന്ന ഹൃദയസ്പർശിയായ മരണക്കുറിപ്പിൽ. 

നാം നമ്മുടെ വീടുകളെ ഓർക്കുന്നത് ഭൂമി ശാസ്ത്ര പരമായ അതിന്റെ പ്രത്യേകതകളാലോ, വീടിന്റെ മനോഹാരിതയാലോ അല്ല. മറിച്ച് ഓർമ്മകളും സംഭവങ്ങളും വ്യക്തികളും ചേരുന്ന സമ്മിശ്രതയാണ് നമ്മുടെ വീട്ടോർമ്മകൾ. ആ ഓർമ്മകളിൽ കരട് വീഴുമ്പോൾ പലരും തകർന്നു പോകുന്നുണ്ട്.

നല്ല ജീവിത സൗകര്യങ്ങൾ ഉണ്ടായിരിക്കെ കുടുംബത്തിനുള്ളിലെ നീറ്റൽ ഒരാളിലെ സമാധാനത്തെ പാടെ കത്തിച്ചു തീർക്കുന്നുണ്ടെങ്കിൽ അയാൾക്കാവശ്യം എല്ലാം തുറന്നു പറയാൻ പറ്റിയ ഒരു സൗഹൃദമാണ്. വീണു പോയ കരട് എടുത്തു മാറ്റിയാൽ ജീവിതം പിന്നെയും പഴയ പടി ആയിത്തിരുമെന്നതാണ് പ്രപഞ്ച സത്യം. നല്ല ചങ്ങാത്തങ്ങൾക്കത് കഴിയാറും ഉണ്ട്. ആത്മഹത്യ പൂക്കുന്ന പ്രവാസ ദ്വീപിൽ അകപ്പെട്ട ഒരാളെ നിലാവിൻ്റെ, പകലിൻ്റെ ശാന്തിയിലേക്കു കൊണ്ടുവരാൻ സൗഹൃദത്തിൻ്റെ ഇടപ്പെടലുകൾക്ക് കഴിയേണ്ടതിനെ കുറിച്ചാണ് ആത്മഹത്യപൂക്കുന്ന പ്രവാസ ദ്വീപുകളിൽ പറയുന്നത്. 

 

ഇത്തരത്തിൽ പ്രവാസ ജീവിതം കടന്നു പോകുന്ന നിരവധി സങ്കിർണ്ണമായ അവസ്ഥകളെ, ചിന്താധാരകളെ, അതിജീവന പ്രതിസന്ധികളെ

ലേഖകൻ്റെ അനുഭവസാക്ഷ്യത്താൽ തൊട്ടറിഞ്ഞെഴുതിയ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരമാണ് ധ്യാന പ്രവാസം എന്ന പുസ്തകം. 

 

പൊതുവേ ഇ.കെ. ദിനേശന്റെ എഴുത്തുകൾ ഒരു ജനപ്രിയ വായന ലക്ഷ്യം വെച്ചിട്ടുള്ളതല്ല.  ദൈനംദിന ജീവിതത്തിൽ നിരാലംബരായ മനഷ്യർക്കായി ഇടപെടലുകൾ നടത്തുന്ന ഒരാളുടെ സമരമാണ് പലപ്പോഴും ആ എഴുത്തുകൾ. സീരിയസ്സായ ഒരു വായനയാണ് അത് എല്ലായ്പ്പോഴും മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ധ്യാന പ്രവാസം ആ പരിമിതിയേയും മറികടന്ന് ഒരു പരന്ന വായന പ്രധാനം ചെയ്യുന്നുണ്ട്. എല്ലാവരേയും ഒരേ പോലെ അനുഭവിപ്പിക്കാൻ അതിന് കഴിയുന്നുണ്ട്.

 

ജീവിക്കാൻ തിരഞ്ഞെടുക്കുന്ന രാജ്യത്തെ മാത്രം വിമർശിക്കാൻ കഴിയുന്ന പ്രവാസികൾ തന്റെ കഴിവിനനുസരിച്ച് കാറ്റടിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നാവികനെപ്പോലെയാണ്. 

(ടോണി ക്രോസ്സി)

 

 

രമേഷ് പെരുമ്പിലാവ്