എന്റെ ബാല്യകാല ക്രിസ്തുമസ് ആഘോഷങ്ങൾ: ലേഖനം , സൂസൻ പാലാത്ര

എന്റെ ബാല്യകാല ക്രിസ്തുമസ് ആഘോഷങ്ങൾ: ലേഖനം ,  സൂസൻ പാലാത്ര
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ കിസ്തുമസ് ആശംസകൾ
    സൂസൻ പാലാത്ര
 മാസങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഡിസംബറാണ്. മലയാളത്തിൽ ചിങ്ങവും. ആഘോഷങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ക്രിസ്തുമസ് ആണ്. പിന്നെ ഉയിർപ്പു പെരുന്നാൾ. അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ. 
 ഞങ്ങൾ ഏഴുകുട്ടികളും അപ്പനും അമ്മയും അടങ്ങുന്ന ഇമ്മിണി ബല്യ കുടുംബം. നാലാണും മൂന്നുപെണ്ണും. നല്ലമാതാപിതാക്കളെയും സ്നേഹമുള്ള സഹോദരങ്ങളെയും കിട്ടിയത് എന്റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ്. 
 ക്രിസ്മസിന് ഞങ്ങളുടെ ബോംബേലെ അപ്പാപ്പനും മലേഷ്യേലെ അപ്പച്ചനും അയയ്ക്കുന്ന ക്രിസ്മസ് കാർഡും കുഞ്ഞുതുകയും ഏറ്റവും പ്രധാനമാണ്. മലേഷ്യയിലെ അപ്പച്ചൻ വലിയ ധനികനാണെങ്കിലും മക്കളില്ലാതെ ദത്തുപുത്രൻ മാത്രം ഉള്ളവനാണെങ്കിലും ഇല്ലാത്തവന്റെ വേദന ഒട്ടും അറിവില്ലാത്തതിനാൽ അപൂർവ്വം ക്രിസ്മസിനേ തുക തന്നിട്ടുള്ളൂ, ബോംബെ അപ്പാപ്പൻ ബർമ്മാഷെൽ കമ്പനിയിലെ മെറ്റീരിയൽസ് വിഭാഗം മേധാവിയാണ്. ഭാര്യ ഗോവക്കാരിയാണ്, ഇസ്രയേലി പാരമ്പര്യം പറഞ്ഞ് കേട്ടിട്ടുണ്ട്, സംസ്കാരചിത്തയാണ്.  അപ്പാപ്പൻ പതിവായി നിശ്ചിതതുക തരും, ക്രിസ്മസ് ആഘോഷിയ്ക്കാൻ. അപ്പാപ്പൻ അയയ്ക്കുന്ന കാർഡുകൾക്ക് എന്തൊരു ചാരുതയാണ്. എന്നെ കെട്ടിക്കുന്നന്നതുവരെ ഞാനതെല്ലാം അടുക്കി സൂക്ഷിച്ചുവച്ചു,  
  അന്നത്തെ ക്രിസ്തുമസ് രാവിന് എന്തെന്തു ചൈതന്യമായിരുന്നു! ഒരു പതിനെട്ടാം തീയതി മുതൽ വിവിധ കരോൾ സംഘങ്ങൾ ഇറങ്ങും. പള്ളിക്കാർ 22, 23 തീയതികളിലാവും മിക്കപ്പോഴും ഇറങ്ങുക. 24 ന് അർദ്ധരാത്രിയിൽ അതായത് 25 ന്റെ ആരംഭ മണിക്കൂറിൽ  പള്ളിയിലെ ശുശ്രൂഷകൾ ആരംഭിക്കേണ്ടതല്ലേ? 
ഇന്നത്തെ കുട്ടികൾ കാണിക്കുന്നതുപോലെ ക്രിസ്തുമസിന്  കള്ളുകുടിയ്ക്ക് കാശുണ്ടാക്കാനല്ല അന്ന് വിവിധ ക്ലബ്ബുകാരും വായനശാലക്കാരും  കരോളിനിറങ്ങുന്നത്. അവരുടെ ഫണ്ട് സമാഹരണത്തിനു വേണ്ടിയാണ്. 
   ഇടവകപ്പള്ളി എന്നും കവർ തരിക മാത്രമേയുള്ളൂ. ചുരുക്കം ചില അവസരങ്ങളിൽ ക്രിസ്തുമസ് സന്ദേശം നല്കാനായി വീടുകളിലെ കരോൾ സർവീസ് (door to door carol Service)  നടത്തിയിട്ടുണ്ട്, പണം കൊടുത്താൽ വാങ്ങും അത്രതന്നെ ആക്രാന്തമില്ല, കാരണം, നേരത്തെ കവർ നല്കിയിട്ടുണ്ടല്ലോ. 
  ഒരുവർഷം വീടുകളിലെ കരോൾ സർക്കാർ നിരോധിച്ചിരുന്നു; നക്സലറ്റുകാർ കേരളത്തിൽ അഴിഞ്ഞാടിയ വർഷം, അന്ന് ക്രൂരമായ കൊലപാതകങ്ങൾ പലതുകണ്ട് കൊച്ചുകേരളം ഞെട്ടിത്തരിച്ചു.
 ക്രിസ്തുമസിന്റെ ഏറ്റവും സ്പെഷ്യൽ ഐറ്റം  ക്രിസ്മസ് കേക്ക് ആണല്ലോ. ഏറെ കേക്ക് പീസുകൾ  ആദ്യമായി കഴിച്ചത് രസകരം ആണ്. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ കേക്ക് എന്ന ഒരു 'പ്രസ്ഥാനമേ' വീട്ടിൽ ഇല്ലായിരുന്നു. അന്നൊക്കെ സാമ്പത്തികഭദ്രതയും വിദേശത്ത് മക്കളുമുള്ള എന്റെ തറവാട്ടുകാർ അതായത് എന്റെ അപ്പന്റെ വീട്ടുകാർ ക്രിസ്തുമസ് രാവിൽ എന്റെ പിതാവിന് കഴിക്കാൻ നല്കുന്ന ഒന്നോ രണ്ടോ കേക്കുകഷണങ്ങൾ അപ്പൻ സ്വന്തം അമ്മപോലും  കണ്ടാൽ നാണക്കേടാണല്ലോന്ന് ഓർത്ത് ആരും കാണാതെ ഉടുത്ത കൈലിമുണ്ടിന്റെ എളിയിൽ തിരുകി താഴെ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് വീതിച്ചു തരും. ചിറിയിൽ പറ്റാനേ അത് കാണത്തൊള്ളൂ. അങ്ങനെയിരിക്കെ ഒരു ക്രിസ്തുമസിന് അപ്പൻ ഒരു 'പൂ കേക്കു ' വാങ്ങി ഞങ്ങൾ മക്കളാരും കാണാതെ വല്യമ്മച്ചിയുടെ കയ്യിൽ കൊണ്ടെ ഗിഫ്റ്റ് കൊടുത്തു. ക്രിസ്തുമസ് രാവിൽ  തറവാട്ടിൽ കേക്കുമുറിച്ചപ്പോൾ വല്യമ്മച്ചി അതിന്റെ പകുതി കൊടുത്തുവിട്ടു. 
 പിന്നീട് എന്റെ കൊച്ചു സോദരൻ വളർന്നപ്പോൾ  ഓരോ പെട്ടി നിറയെ കേക്കുകൾ ബേക്കറിക്കാർ വീട്ടിൽകൊണ്ടെ തരുക പതിവായി, കാരണം, അവന്റെ വർക്ക് ഷോപ്പിലെ ജീവനക്കാർക്കും, സുഹൃത്തുക്കൾക്കും, പിന്നെ,  അവൻ ക്രിസ്തുമസിന് സാന്താക്ലോസ്സിനെപ്പോലെ സഹോദരങ്ങളുടെ എല്ലാം ഭവനത്തിൽ കേക്ക് എത്തിക്കും, ഓണത്തിന് മാവേലിയെപ്പോലെ ഉപ്പേരിയും ശർക്കരവരട്ടിയും.  ഇന്ന് അവൻ സർവീസ് പെൻഷണറായിട്ടും ആ നല്ല പതിവുകൾ ഇന്നും തുടരുന്നു.  
  ക്രിസ്മസ് രാവിൽ തറവാട്ടിൽ ഗംഭീര പടക്കം പൊട്ടിക്കലാണ്, കാണാൻ ഞങ്ങളെയും ക്ഷണിയ്ക്കും. കമ്പിത്തിരി കത്തിക്കാനും കുടച്ചക്രം കത്തിക്കാനും അവസരമുണ്ട്. തറവാട്ടുവീട് ബോംബേന്ന് കൊണ്ടുവന്ന 'മിന്നുന്ന കുഞ്ഞു മിന്നാമിന്നി  ലൈറ്റുമാലകൾ ' കൊണ്ട് അലങ്കരിച്ചിരിയ്ക്കും. 
   ഇരുപത്തഞ്ചു നോയമ്പു വീടലും കൂടിയാണ് ക്രിസ്തുമസ്.  ഇരുപത്തിയഞ്ചു ദിവസം പച്ചക്കറികൾ, (ചക്കക്കുരു എല്ലാ കാലവും കാണും )  മാത്രം കഴിച്ച് ജീവിച്ച ഞങ്ങൾക്ക് നോയമ്പു വീടലിന് നോൺവെജ് കഴിക്കാൻ ആക്രാന്തമാണ്. 
പല വർഷങ്ങളിലും പന്ത്രണ്ട് പിള്ളേരുടെ നേർച്ച നടത്തും. അതിനാലാണ് നോമ്പ് ജാഗ്രതയോടെ അനുഷ്ഠിക്കുന്നത്. കർത്താവിനെയും പന്ത്രണ്ട് ശിഷ്യന്മാരെയും കണക്കാക്കി പുരോഹിതനും പതിനൊന്നു പിള്ളേരും, കപ്യാരും. രാജാധിരാജനെപ്പോലെ അച്ചൻ, രാജകുമാരന്മാരെപ്പോലെ 12 ആൺകുട്ടികൾ. ആദ്യം വെള്ളേപ്പം താളിശ്ശേരി,  പിന്നെ കെങ്കേമമായ നോൺവെജ് ഭക്ഷണം നല്കി സല്ക്കരിച്ച് എന്റെ കുടുംബം സായൂജ്യമടയും, എന്റെ സഹോദരന്മാർ എല്ലാവരും തന്നെ ഇങ്ങനെ ഒട്ടനവധി സല്ക്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്, പന്ത്രണ്ടു വയസ്സിൽ താഴെയാണ് പ്രായം അവർക്ക്  പരിമിതപ്പെടുത്തിയിരിക്കുന്നത്. ആരോടും പറയാത്ത ഒരു രഹസ്യം ഞാൻ അനാവരണം ചെയ്യട്ടെ, മാർത്തോമ്മാസഭയിൽ കെട്ടിച്ചു വിട്ട ഒരമ്മച്ചി അവരുടെ വീട്ടിൽ നടത്തിയ പ്രസ്തുത വിരുന്നിൽ,  അവിടെ പുരോഹിതനെ കണ്ടതായി ഇപ്പോൾ ഓർമ്മ വരുന്നില്ല, എന്നെയും അനുജത്തിയെയും നിർബ്ബന്ധിച്ച് വീട്ടിൽ വന്ന് ക്ഷണിച്ച്  സദ്യയ്ക്കിരുത്തി. അതൊക്കെയാണ് കഴിപ്പ്, സദ്യ, ഹൊ എന്റെ ദൈവമേ! എന്നാൽ ഇന്ന് നാണം തോന്നുന്നു, അന്ന് ഒത്തിരി വലിച്ചുവാരിത്തിന്നോവാ ! ആർക്കറിയാം. ചേച്ചിയെയും ക്ഷണിച്ചതാണ്, ചേച്ചി വന്നില്ല. അവർക്ക് പെണ്ണ്, ആണ് എന്ന ദേദം ഇല്ലായിരുന്നത്രേ.
അമ്പതുനോയമ്പു വീടലിനും ഇതുപോലെ പന്ത്രണ്ട് പിള്ളേരുടെ നേർച്ച നടത്താറുണ്ട്. എന്നാൽ നിഷ്കർഷയോടെ എടുക്കേണ്ട നോയമ്പ് തെറ്റിപ്പോയി ആപത്തുണ്ടാകാതിരിയ്ക്കാൻ കുറഞ്ഞ ദിവസങ്ങൾ നോക്കി ഈസ്റ്ററിന് നടത്താതെ പലരും ക്രിസ്തുമസിന് ഈ നേർച്ച നടത്തുന്നു. കുട്ടികൾക്ക് നല്ലൊരു വെട്ടാണ് അത്. 
 ക്രിസ്തു എനിയ്ക്ക് അപ്പൻ മാത്രമല്ല, അപ്പവും കൂടിയാണ്. യേശു പറഞ്ഞു: " ഞാൻ ജീവന്റെ അപ്പമാണ് " എന്ന്. മാത്രമല്ല, എന്റെ ഓഫീസ് ജീവിത കാലത്ത് ഞാൻ രാവിലെ കഴിയ്ക്കാതെ പോകും, ഉച്ചയ്ക്കും  കഴിക്കില്ല, വൈകീട്ട് വീട്ടിൽ വന്നേ കഴിയ്ക്കൂ. എന്റെ യേശു തളരാതെ, വീഴാതെ, പുഞ്ചിരിയോടെ. ഊർജ്ജസ്വലതയോടെ ജീവിയ്ക്കാൻ കൃപ നല്കി. യേശുവെന്റെ ജീവനും അപ്പവുമാണ്.
വീട്ടിൽ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു  നാലു 'ചൂൽ ' കോഴികളെ അമ്മ ഇറക്കാറുണ്ട്. ഓരോ ചൂലിനും ചിലപ്പോൾ രണ്ടും മൂന്നും കോഴിക്കുഞ്ഞുങ്ങൾ പരുന്തിന് ഇരകളാകും. ഈർക്കിലി ചൂലിൽ ഒരു കറിക്കത്തി അല്ലെങ്കിൽ ഇരുമ്പിന്റെ എന്തെങ്കിലും വച്ചിട്ടാണ് അതിൽക്കയറ്റിയിട്ടാണ്  മുട്ടവിരിഞ്ഞ് പുറത്തു വരുന്ന   കോഴിക്കുഞ്ഞുങ്ങളെ ഒന്നിച്ച്  അമ്മ പുറത്തിറക്കുന്നത്. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന റാഞ്ചൻ പക്ഷികളെ
' കൂഴ...കൂഴ ... " എന്ന ഉച്ചത്തിൽ കാറിക്കൊണ്ട് അമ്മ  പറപ്പിയ്ക്കും. കാക്കയുടെ  ചുണ്ടിൽ നിന്നൊക്കെ കുഞ്ഞുങ്ങളെ വീണ്ടെടുത്ത്  കിണ്ണത്തിൻ കീഴിലിട്ട് കൊട്ടി ജീവൻ രക്ഷിച്ചിട്ടുണ്ട്.  രക്ഷപ്പെട്ട് മിടുക്കരായി വരുന്ന കോഴികളിൽ പൂവന്മാരുമുണ്ട്. ഇവരെ പ്രായവും ആരോഗ്യവും നോക്കി ഓരോന്നിനെ കണ്ടിക്കും ( ഖണ്ഡിക്കുക - അതായത് കൊന്ന് പീസാക്കുക ) ഒരു പൂവനെ നിർത്തും, പിടയ്ക്കും പുതിയ കുഞ്ഞുങ്ങൾക്കും കാവൽഭടൻ ആകാൻ. പൂവന്മാർ തീർന്നാൽ മുട്ടയിടീലിന് വിരാമം വന്ന മുതുക്കി പിടകളെ കൊല്ലും. കെ. കെ. റോഡ് സൈഡിൽ വീടായതിനാൽ, വണ്ടിയിടിച്ച് കോഴികളുടെ കാലൊടിഞ്ഞാലോ, ചതഞ്ഞാലോ ഞങ്ങൾക്കു കോളാണ്.  പിന്നെയാണ് രസം. എന്റെ ഒരു സഹോദരൻ ജോയിയ്ക്ക് കോഴിയിറച്ചി തിന്നാൻ കൊതിമൂത്താൽ അവൻ അമ്മ കാണാതെ ഞങ്ങളുടെ ഒത്താശയോടെ കൊഴിയെടുത്ത്  ഒരു കോഴിയുടെ കാൽ ഒടിച്ചിടും, എന്നിട്ട് വണ്ടി ഇടിച്ചെന്ന് പറയാം. കോഴി ചാകുമെന്നോർത്ത് അമ്മ അതിനെ കൊല്ലാൻ സമ്മതിയ്ക്കും, കൊല്ലാതെ നിന്നാൽ അതു ചത്തുപോയെങ്കിലോ, ചത്തതിനെ തിന്നാൻ പാടില്ല. ചത്തതിനെ തിന്നരുതെന്ന്  വി. ബൈബിൾ പ്രസ്താവിയ്ക്കുന്നു. 
പിന്നെ മീനിനും ക്ഷാമമില്ല. മുട്ടകൊടുത്ത് മീൻ വാങ്ങുന്നവരാണ് ഞങ്ങൾ. മുട്ട കൂട്ടി കപ്പതിന്നാൻ പറ്റില്ലല്ലോ. കപ്പയും ചോറുമാണ് മുഖ്യാഹാരം. അരിയ്ക്ക് വില ഭയങ്കരമായതിനാൽ കപ്പകൊണ്ട് വിശപ്പ് അഡ്ജസ്റ്റ് ചെയ്യണം.
 ക്രിസ്തുമസ് രാവിൽ അപ്പം ചുടാൻ അമ്മയ്ക്ക് കൂട്ടിരിയ്ക്കുന്നത് ഞാനാണ്. അപ്പം ചൂടിൽ കഴിഞ്ഞാൽ അമ്മയുടെ പാതിരാക്കുളി അതിനും ഞാൻ കൂട്ടുവേണം. എനിക്കാണെങ്കിൽ ഇരുളിനെയും നിഴലിനെയുമെല്ലാം ഭയമാണ്, എങ്കിലും അമ്മയോടുള്ള അതിരറ്റ സ്നേഹം നിമിത്തം കൂട്ടിരിയ്ക്കും. പാതിരാത്രിയ്ക്ക് പല്ലു തേയ്ക്കാൻ ഉമിക്കരിയും ഈർക്കിലും നടവാതില്ക്കൽ കൊണ്ട് വച്ചിരിയ്ക്കും. അപ്പം ചൂടിൽ കഴിഞ്ഞ് ഒന്നുറങ്ങാൻ സമയമുണ്ട്, എന്നാൽ ഉറങ്ങിപ്പോയി സമയം വൈകി പള്ളിയിൽ ചെന്നിട്ട് എന്തു കാര്യം? പെട്ടെന്ന് എല്ലാരെയും വിളിച്ചുണർത്തി ഒരുക്കും. 
   പാതിരാക്കുർബ്ബാനയ്ക്കും ഉണ്ണിയേശുവിന്റെ ജനനത്തിന്റെ ഓർമ്മ പുതുക്കലിനുമായി ഞങ്ങൾ പള്ളിയിലെത്തുമ്പോൾ അച്ചനും കപ്യാരും പള്ളിശുശ്രൂഷക്കാരും പോലും ഉണർന്നെണീറ്റുണ്ടാവില്ല. അക്കാലത്ത് എന്റെ മൂത്ത സഹോദരനും ശുശ്രൂഷകനാണ്. ഞങ്ങൾ കുട്ടികൾ അമ്മയെയും അപ്പനെയും മുറുകെപ്പിടിയ്ക്കും.  
എനിക്ക് സെമിത്തേരിയെ ഭയങ്കരഭയമാണ്. രൂപങ്ങൾ നടന്നുവരുമോ പിടിയ്ക്കുമോ എന്നൊക്കെ പേടിയാണ്. ക്രിസ്തുമസ്, പെസഹ , ഈസ്റ്റർ നാളുകളിൽ പാതിരാക്കുർബാനയുണ്ട്, ആ രാത്രി സഞ്ചാരങ്ങളിലും, പിന്നെ  ഇടിവാൾ മിന്നുമ്പോഴുമാണ് ഞാൻ ഏറ്റവും കൂടുതൽ കുരിശു വരച്ചിട്ടുള്ളത്. കാരണം, പിശാചിന് കുരിശിനെ ഭയമാണ്. ഒരു  പാതിരായാത്രയിൽ വല്യമ്മച്ചി ഞങ്ങളോട് പറഞ്ഞു: "അരികുംവഴിപോ "
എന്റെ തമാശക്കാരനായ സഹോദരൻ ജോയി പറഞ്ഞു 
" ഈ പാതിരാക്ക് വണ്ടിയൊന്നും വറൂല്ല" വല്യമ്മച്ചിയും ഞങ്ങളും ആർത്തു ചിരിച്ചു. ഇടയ്ക്കിടയ്ക്ക് പിശാചിനെ ഓടിയ്ക്കാനെന്നു പറഞ്ഞ് അവൻ പടക്കം പൊട്ടിച്ചുകൊണ്ടാണ് യാത്ര. 
വലമ്മച്ചിമാർ ,  എന്റെ അപ്പനും അമ്മയും, പിന്നെ ജോയിയും, ഒരു പാട് ഓർമ്മകൾ സമ്മാനിച്ചിട്ട് വളരെ നേരത്തെ അവനും ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.  
 പള്ളിപിരിഞ്ഞു വന്നാലുടൻ അമ്മ ഞങ്ങളറിയാതെ പകുതിവേവിച്ചു വച്ച കോഴിക്കറിയും കള്ളപ്പവും കൂടി തരും, മൂക്കുമുട്ടെ തിന്നും. തറവാട്ടിൽ പനചെത്തുന്ന പ്രഭാകരനോട് അപ്പൻ വാങ്ങുന്ന കള്ള് ഒഴിച്ചാണ് വേള്ളേപ്പം ഒറിജിനൽ കള്ളപ്പം ഉണ്ടാക്കുന്നത്.  നോയമ്പുവീടലിന് ഒരു വിഭവം വല്യമ്മച്ചി, അതായത് അപ്പന്റെ അമ്മ തന്ന പാനിയാണ്. കള്ള് വറ്റിച്ചുണ്ടാക്കുന്ന സൊയമ്പൻ പാനി. അയ്യോ ഓർക്കുമ്പോൾ  നാവിലൂടെ വെള്ളം ഊറുന്നു. എന്താ സ്വാദ്. 
  കള്ളപ്പം എന്ന് പൊതുവേ പറയുന്ന വെള്ളേപ്പം  വർഷത്തിൽ മൂന്നുതവണയേ ഉണ്ടാക്കത്തൊള്ളൂ. ക്രിസ്തുമസ്, പള്ളിപ്പെരുന്നാൾ, ഈസ്റ്റർ ദിനങ്ങളിൽ മാത്രം. കള്ള് ഒഴിച്ചാണ് വട്ടേപ്പവും പാലപ്പവും ഒക്കെ അക്കാലത്തുണ്ടാക്കുന്നത്. 
 അബ്രഹാമിനു കിട്ടിയ അനുഗ്രഹം പോലെ ഇറച്ചി ഇഷ്ടം പോലെ, അപ്പം വർഷത്തിൽ മൂന്നു തവണ മാത്രം. 
 അബ്രഹാം അതിഥികൾ വന്നപ്പോൾ ഒരു മൂരിയെ മുഴുവൻ അറുത്തു വേവിച്ചു,  അരി അളന്നെടുത്തു കൊടുത്ത് സാറാ അപ്പമുണ്ടാക്കി, അവർ ഉപചാരപൂർവ്വം അതിഥികളെ സല്ക്കരിച്ചു. അതിഥികൾ അബ്രഹാമിനും സാറയ്ക്കും സന്താന സൗഭാഗ്യം നല്കി  അനുഗ്രഹിയ്ക്കാൻ വന്ന ദൈവദൂതർ ആയിരുന്നു, അവരതറിയാതെയാണ് സല്ക്കരിച്ചത്.  അബ്രഹാമിന്റെ ആ വാഗ്ദത്ത സന്തതിയായ ഇസഹാക്കിന്റെ  തലമുറകളാണ്, ഇന്നത്തെ ജൂതന്മാർ. പിന്നീട് വംശ പരമ്പരകൾക്ക് അവരുടെ പ്രയാണകാലത്ത് മന്നായെയും കാടപ്പക്ഷിയെയും പിതാവാം ദൈവം നല്കിയത് ഇപ്രകാരം ആയിരുന്നു; മന്നാ അളന്നെടുക്കണം, എന്നാൽ കാടകളെ ഇഷ്ടംപോലെ കണക്കില്ലാതെ  പിടിച്ചു ഭക്ഷിയ്ക്കാം. 
    ഒരു പഴഞ്ചൊല്ല് ഇവിടെ സ്മർത്തവ്യമാണ് "നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും"
ഈ പ്രമാണം എന്റെ മക്കൾ ഈ വർഷം പ്രാവർത്തികമാക്കി, തുടർന്നും ദൈവം സഹായിച്ച് അവർ ചെയ്യും. എന്റെ മക്കൾ  ഉൾപ്പെട്ട അമ്മവഴിയിലെ കസിൻസു ചേർന്ന് ഒരു സ്ഥാപനത്തിലെ അനാഥബാല്യങ്ങൾക്ക് 27 പേർക്ക്, 3 എണ്ണം കൂട്ടി  മുപ്പത് എന്ന കണക്കിൽ ക്രിസ്മസ് ഫീസ്റ്റ് ഈ വർഷം  ഒരുക്കിക്കൊടുത്തു. യേശുകിസ്തു പറഞ്ഞിട്ടുണ്ട് "ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് " അത് വലിയ ഒരു പ്രമാണമാണ്. കൊടുത്തിട്ട് പ്രസിദ്ധം ചെയ്താൽ വാങ്ങുന്നവൻ പരസ്യമായി അവഹേളിയ്ക്കപ്പെടുക കൂടി ചെയ്യുന്നില്ലേ? പിന്നെ ആ കുഞ്ഞുങ്ങൾക്ക് അത് എന്തൊരു മാനഹാനിയാകും?  അവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്തിട്ട് വീഡിയോ എടുത്ത് ചാനലായ ചാനലിലൊക്കെയിട്ടാൽ. ആരെങ്കിലും ഇപ്രകാരം ചെയ്യട്ടെ, കൊടുത്തിട്ട് വിളിച്ചു പറയാതിരിയ്ക്കട്ടെ എന്നു ചിന്തിച്ച് ഈ സംഭവം ഒന്നു  സൂചിപ്പിച്ചെന്നേയുള്ളൂ. നിങ്ങൾ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്; മറ്റുമനുഷ്യരെ കാണിയ്ക്കാൻ  പള്ളികളിലും തെരുക്കോണിലും അരുത്എന്നാണ് കർത്തൃവചനം, 
 പങ്കിടലിന്റെ ദിനമാണ് ക്രിസ്തുമസ്, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ, എന്ന ക്രിസ്തു വചനം നിറവേറാനാണ് ക്രിസ്മസ് കേക്കുകളും ക്രിസ്മസ് സമ്മാനങ്ങളും പരസ്പരം സമ്മാനിയ്ക്കുന്നത്. എന്നാൽ തിരിച്ചുതരാൻ കഴിവില്ലാത്ത ദരിദ്രനാണ് നല്കേണ്ടത്. "ഉള്ളവനു കൊടുക്കുന്നവനും, ദരിദ്രനു കൊടുക്കാത്തവനും മുട്ടുള്ളവനായിത്തീരും" എന്ന് വി. ബൈബിളിൽ സദൃശവാക്യങ്ങളിൽ പ്രസ്താവിയ്ക്കുന്നു.
വീണ്ടും അപ്പത്തിലേയ്ക്ക് വരാം; പക്ഷേ, അമ്മവീട്ടിലെ പെരുന്നാൾ കഴിഞ്ഞ് അവിടെ നിന്ന് കൊച്ചുവട്ടിനിറയെ കള്ളപ്പം കൊണ്ടുവരും. എന്തു രുചിയാണതിന്, എന്റെ മക്കൾ അത്രയും രുചിയുള്ളത്  കഴിച്ചിട്ടില്ല. അതുകൊണ്ട് അവർ പറയും, എന്റെഅമ്മ ഉണ്ടാക്കുന്ന അപ്പം പിന്നെ ഞാൻ ഉണ്ടാക്കി കൊടുക്കുന്ന അപ്പമാണ് ഏറ്റവും നല്ലതെന്ന്. പാവത്തുങ്ങൾ. 
 സ്നേഹമയിയായ കൊച്ചമ്മായി രാത്രി മുഴുവൻ ഉറക്കിളച്ച് ചുടുന്ന അപ്പം, രാവിലെ മുതൽ സായാഹ്നം വരെ അമ്മവീട്ടിൽനിന്ന് അന്നാട്ടിലെ  അടിയാന്മാരുൾപ്പടെയുളള സാധുജനങ്ങൾ വന്ന് എളിമയോടെ മേടിച്ചു കൊണ്ടുപോകും, എല്ലാർക്കും ഓരോ പിടി അപ്പം എടുത്ത് വല്യമ്മച്ചി അരുമയോടെ  കൊടുക്കും, വല്യമ്മച്ചി അരിയും അളന്നു കൊടുക്കും, ഇപ്രകാരം ദു:ഖവെള്ളിയാഴ്ചയും  കടന്നുവന്ന് അവരൊക്കെ അരിയും ചക്കയും കൊണ്ടുപോകുന്നതും പതിവാണ്. ദു:ഖവെള്ളിയാഴ്ച സാധുക്കൾക്ക് ഇങ്ങനെ നല്കിയിട്ട് കുരിശുകുമ്പിടാൻ മാത്രമാണ് പാവം വല്യമ്മച്ചി പള്ളിയിൽ പോകുന്നത്. രണ്ടും ഞാൻ കണ്ടിട്ടുണ്ട്.
  പതിവില്ലാത്തതെന്തു കഴിച്ചാലും എനിക്ക് നെഞ്ചെരിച്ചിലാണ്. അപ്പം കഴിച്ചിട്ട്, നെഞ്ചുവേകുന്നു എന്നു പറയുമ്പോൾ മല്ലിവെള്ളമോ ചൂടുകഞ്ഞിവെള്ളമോ അമ്മ കുടിയ്ക്കാൻ തരും.  എന്നിട്ട് ക്രിസ്മസ് എന്നു പോലും ചിന്തിയ്ക്കാതെ പറയും: "ദേ അവിടെ നല്ല കുലപ്പുല്ല് അമ്മയുടെ ഭാഷയിൽ 'കൊലപ്പുല്ല്,   കിടപ്പുണ്ട്, മഞ്ഞുകൂട്ടിച്ചെന്ന് പറിച്ചാൽ കിട്ടും. അന്നൊക്കെ നട്ടുച്ചയ്ക്കും തണുപ്പാണ്. തണുത്തു മരവിച്ചു പോയിച്ചെന്ന് അമ്മയുടെ 'കൊലപ്പുല്ല് ' പറിച്ചുകൊണ്ടെ കൊടുക്കും. കണ്ടാൽ ഏറെ പുല്ലുണ്ട് പറിയ്ക്കാൻ തുടങ്ങുമ്പോൾ കയ്യിൽ പുല്ലിൻകുലകൾ മാത്രമേ കിട്ടൂ. കുട്ട നിറയണമെങ്കിൽ ഒത്തിരിസമയം മിനക്കിടണം. 
തലേരാത്രിയിലെ ഉറക്കം കോമ്പൻസേറ്റു ചെയ്യണമെങ്കിൽ കിസ്മസ് അവധികഴിഞ്ഞ് സ്കൂൾ തുറക്കുംവരെ കിടന്നുറങ്ങണം. അപ്പഴാ കൊലപ്പുല്ല് പറിപ്പിയ്ക്കുന്നത്, അതും ക്രിസ്മസിന്.
  ക്രിസ്മസിന് അമ്മയുടെ ചക്കക്കുരു കൊണ്ടുള്ള പതിനാറു തരം കറികളുടെ കസർത്ത് ഉണ്ടാവില്ല. അപ്പനും, പിന്നീട് ആങ്ങളമാർ വളർന്നപ്പോൾ അവരും പങ്ക് ഇറച്ചി ഒരു ഇരുമ്പു ബക്കറ്റ് നിറയെ കൊണ്ടുവരും. പങ്കിറച്ചിയിൽ ഇറച്ചി, കറിയെല്ല്, കരൾ എല്ലാം കാണും. അക്കാലത്തെ കരൾ കൂട്ടാം. കാളയെ കാരം ഒന്നും അന്ന് കുടിപ്പിയ്ക്കുന്ന പതിവില്ല. 
 അപ്പന്റെ  ചില നല്ല മുളകു കച്ചവടകാലത്ത് അപ്പൻ ഇപ്രകാരം മക്കളെ മാട്ടിറച്ചി തീറ്റിയ്ക്കും, അന്ന് പോത്തില്ല, കാളയിറച്ചിയാണ്. അപൂർവ്വം ചില വർഷങ്ങളിൽ അപ്പന്റെ കുരുമുളകു  പങ്കുകച്ചവടക്കാരായ കുഞ്ഞിക്കാച്ചേട്ടൻ ഉൾപ്പടെയുള്ള കൂട്ടുകാരും ഉച്ചയൂണിനുണ്ടാവും. 
വിശേഷാവസരങ്ങൾ കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾ പെരുന്നാൾ കൂടാൻ കിട്ടിയ പണം, കുടുക്കയിൽ സൂക്ഷിച്ചത് ഒക്കെചേർത്ത് പിരിവിട്ട് ഇറച്ചി വാങ്ങികൂട്ടിയിട്ടുണ്ട്. അങ്ങനെ കിട്ടുന്ന എന്റെ വീതം ഞാൻ ലേലത്തിന് വയ്ക്കും, ആങ്ങളമാരിൽ ആരെങ്കിലും വാങ്ങിയിട്ട് ഞാൻ ചോദിയ്ക്കുന്നതിന്റെ പകുതി കാശ് തരും. ആ പണം പിന്നീട് അമ്മ നയത്തിൽ വാങ്ങിയെടുത്തിട്ട്, നാളിതുവരെ തിരിച്ചു തരാതെയും ഇരുന്നിട്ടുണ്ട്. ആ കാശു പോട്ടെ എന്നു ഞാൻ പിന്നെ വച്ചതെന്താന്നു ചോദിച്ചാൽ അമ്മയ്ക്കും അപ്പനും ഞാൻ കഴിയ്ക്കാഞ്ഞതിനാൽ  ഉലത്തിറച്ചി തൊണ്ടയിൽ നിന്നിറങ്ങില്ല, മറ്റുള്ളവർ കാണാതെ എന്നെ അമ്മ ഒളിച്ചു തീറ്റിച്ചു. 
ഇതുപോലെ, ഒരു ക്രിസ്മസിന്  അപ്പൻ അസുഖമായി ആശുപത്രിയിൽ കിടന്ന ഒരു വർഷം, ഞാൻ കുരുമുളകിന്റെ ചൊള്ളു പെറുക്കി ഉണങ്ങിക്കിട്ടിയതും, കുടുക്കയിൽ സൂക്ഷിച്ചതുമായ ചില്ലിക്കാശുകളും ചില അതിഥികൾ നല്കിയതും പെരുന്നാളുകൂടാൻ ഞാൻ സൂക്ഷിച്ചത് അമ്മ കടംവാങ്ങി റേഷൻ പച്ചരി വാങ്ങി, അപ്പമുണ്ടാക്കി.  അന്ന് ഉച്ചയൂണും പച്ചരിച്ചോറാണ്. എന്നെ കെട്ടിച്ചുവിടുന്നതിന്റെ തലേന്നു വരെ ഞാൻ, എന്റെ അമ്മയോട്  ആ പണം മടക്കിച്ചോദിച്ചിട്ടുണ്ട്. എന്നാൽ നെറ്റിയിൽ വരച്ച ഗോപിപോലെയായി ആ പണം.
 ഇപ്രകാരം ഞാൻ എനിക്ക് കഴിക്കാൻ വീതംകിട്ടുന്ന പഴങ്ങളും ശ്രേഷ്ഠഭോജ്യങ്ങളും സഹോദരങ്ങൾക്ക് പണത്തിന്  വിറ്റിട്ടുണ്ട്. ചേച്ചി മോളിയും അനുജൻ ജോയിയും എന്റെനല്ല രണ്ട് കസ്റ്റമേഴ്സ് ആയിരുന്നു, എന്റെ  മൃഷ്ടാന്ന ഭോജനങ്ങൾ കുറെ അവർ വാങ്ങിയിട്ടുണ്ട്. വിറ്റു കിട്ടുന്ന പണം കൊണ്ട് ഞാൻ കുളിയ്ക്കാൻ രേഖാ സോപ്പ്, എഴുതാൻ ഫൗണ്ടൻപെൻ, വായിയ്ക്കാൻ വീട്ടിൽകൂടി വരുന്ന പകച്ചവടക്കാരിൽനിന്ന് പുസ്തകങ്ങൾ ഇവ വാങ്ങും. എന്നാലും കറന്റു പോകുമ്പോൾ അവർ എന്റെ പാത്രത്തിൽനിന്ന് മീൻ വറുത്തത് കട്ടെടുക്കില്ല. പാവം   അനുജത്തിയുടെ പ്ലേറ്റിലേത് എടുക്കും. അടുത്ത ദിവസം തുറന്നു പറഞ്ഞ്, പൊട്ടിച്ചിരിയ്ക്കും, മാപ്പപേക്ഷയില്ല, അവൾ മാപ്പു കൊടുക്കത്തുമില്ല, ഞങ്ങൾ പൊട്ടിച്ചിരിയ്ക്കും, പിന്നെ ഓർത്തോർത്ത് പറഞ്ഞു ചിരിയ്ക്കും. 
         ഓർക്കുമ്പോൾ എന്തെന്തു രസം, ഇന്ന് മിക്കവാറും ദിവസങ്ങളിൽ ഈസ്റ്റിട്ട് വെള്ളേപ്പം ഉണ്ടാക്കും, മക്കൾക്ക് എന്റെ വെള്ളപ്പം ഇഷ്ടമാണ്. എന്റെ അമ്മ ഉണ്ടാക്കിയത് അവർക്ക് അതിലേറെ ഇഷ്ടം, എന്നാൽ അവർ എന്റെ അമ്മമ്മയുടെ വെള്ളേപ്പമോ അച്ഛമ്മയുടെ പാനിയോ കഴിച്ചിട്ടില്ലല്ലോ. അത് കഴിക്കാത്തത് നന്നായി, അല്ലെങ്കിൽ അതുപോലെ ഉണ്ടാക്കിക്കൊടുക്കാൻ പറഞ്ഞാൽ ഞാൻ എന്തു ചെയ്തേനെ !

       സൂസൻ പാലാത്ര