പൂച്ചച്ചട്ടി: തനി നാടൻ , പോൾ ചാക്കോ, തീമ്പലങ്ങാട്ട്

പൂച്ചച്ചട്ടി: തനി നാടൻ , പോൾ ചാക്കോ, തീമ്പലങ്ങാട്ട്

'എങ്ങനെ ഉണ്ട്‌ അച്ചാച്ചാ? ഇഷ്ടപ്പെട്ടോ?'.


അരപ്പ്‌ ചേര്‍ത്തിളക്കിയ ഉണക്കുകപ്പയും ഇറച്ചി പിരളനും കൂട്ടി രാവിലത്തെ കാപ്പി കുടിച്ചെഴുന്നേറ്റ അച്ചാച്ചനോട്‌ ഞാന്‍ ചോദിച്ചു.


''കൊള്ളാം, നല്ല കറി. നല്ല രുചി'' തലകുലുക്കി സംതൃപ്‌തി പ്രകടിപ്പിച്ചിട്ട്‌ പുള്ളി ചോദിച്ചു ''ഇതെന്നാ കറിയാടാ?''


ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്തി അദ്ദേഹം ചോദിച്ചു.


''പറയാം. പക്ഷെ സംഭവം ഇഷ്ടപ്പെട്ടല്ലോ''.


''ഇഷ്ടപ്പെട്ടു. ഇനി പറ. എന്നതാ ഇത്‌. മരപ്പട്ടി ആണോ''

----------------------------------------------------------------------------------


എണ്‍പതുകളുടെ മദ്ധ്യം. ഞാനന്ന്‌ പഠിക്കുന്നത്‌ ഒന്നുകില്‍ ബി. കോമിന്‌. അല്ലെങ്കില്‍ എം. കോമിന്‌. കൃത്യമായി ഓര്‍ക്കുന്നില്ല.
രാവിലെ പഠിക്കാന്‍ എന്ന കാരണം പറഞ്ഞ്‌ വീട്ടീന്ന്‌ പുറപ്പെടും, വൈകുന്നേരംപഠിച്ചു എന്ന്‌ കള്ളം പറഞ്ഞ്‌ വീട്ടില്‍ തിരിച്ചെത്തും. എന്നെക്കൊണ്ട് ‌കാര്‍ന്നോന്മാര്‍ക്ക്‌ എടുത്തു പറയത്തക്ക യാതൊരു പ്രയോജനോം ഇല്ലാത്ത കാലഘട്ടം.


എനിക്കൊരു മുറിയുണ്ടായിരുന്നു. ബാഹ്യശക്തികളുടെ പ്രലോഭനം ഉണ്ടാവാതിരിക്കാന്‍ ബന്തവസ്സ്‌ ചെയ്‌ത എന്‍റെ സ്വന്തം മുറി. ഞാന്‍ തന്നെ കണ്ടുപിടിച്ച മുറി. വീടിന്‍റെ വടക്കേ മൂലയിലെ മുറി...പേര്‌ വടക്കേമുറി!ഞാന്‍ എന്‍റെ എല്ലാവിധ വൃതാനുഷ്ട്‌ടാനങ്ങളും ഹോമങ്ങളും നടത്തിയിരുന്ന മുറി.


ചോരത്തിളപ്പുള്ള പ്രായം. ആരേയും ഭയക്കാത്ത യുവത്വം! രാത്രി കാലങ്ങളില്‍പോലും മുറിയുടെ ജനാലകള്‍ തുറന്നിട്ടു കിടക്കാന്‍ പോലും ധൈര്യപ്പെടുന്ന തന്‍റേടം. ചങ്കൂറ്റം.


തുറന്നിട്ട ജനാലയില്‍ കൂടി കയറി സ്ഥിരമായിഎന്നെ ശല്യം ചെയ്യുന്ന ഒരു ജീവി ഉണ്ടായിരുന്നു ആക്കാലത്ത്‌. ആരേയും കൂസാത്ത, എന്നെ പോലും കൂസാത്ത ഒരു പൂച്ച. പകലന്തിയോളം അദ്ധ്വാനിച്ച്‌ ക്ഷീണിച്ച്‌ കിടന്നുറങ്ങുന്ന എന്നെയും എന്‍റെ പൗരുഷത്തേയും ത്രുണവല്‍ഗണിച്ച്‌, എന്‍റെ ശരീരത്തില്‍ ചവിട്ടി ഞങ്ങളുടെ അടുക്കളയിലേക്ക്‌ സവാരി ഗിരിഗിരി നടത്തിയിരുന്ന ഒരു പൂച്ച!


ഇത്‌ പതിവാക്കിയ പൂച്ചയോട്‌ എനിക്ക്‌ ദേഷ്യം കൂടി വന്നു എന്നല്ലാത്‌ പ്രതിവിധിയായി ഒന്നും എനിക്ക്‌ ചെയ്യാന്‍ സാധിച്ചില്ല.


അങ്ങനെ ഇരിക്കെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത്‌....! ശരീരത്ത്‌ കൂടി എന്തോ ചവിട്ടി കടന്നു പോകുന്ന ഒരു തോന്നലുമായി ഞാന്‍ ഉണര്‍ന്നു. ചുറ്റുംനോക്കിയപ്പോള്‍ ഞാന്‍ കണ്ടത്‌ നമ്മുടെ പൂച്ച ജനല്‍പ്പടിയില്‍ ചിന്താനിമഗ്‌നനായി ഇരിക്കുന്നതാണ്‌. മുഖം വെളിയിലോട്ടും വാല്‌ അകത്തോട്ടും. കിട്ടിയത്‌ കട്ട്‌ തിന്നിട്ട്‌ രക്ഷപെടാനുള്ള തക്കം നോക്കുകയാണ്‌.


ഒന്നും രണ്ടും ആലോചിക്കാത്‌ ഞാന്‍ പൂച്ചയുടെ വാലില്‍ ഒറ്റ പിടുത്തോം വലിച്ച്‌ നിലത്തൊരടീം! എല്ലാം ഒരു സെക്കണ്ടില്‍ കഴിഞ്ഞു. പൂച്ചയുടെ ആത്മാവ്‌ ജനലില്‍കൂടി രക്ഷപെടുന്നത്‌ ഞാന്‍ കണ്ടു...ഈ രണ്ട്‌ കണ്ണുകള്‍ കൊണ്ട്‌.


ബഹളം കേട്ട്‌ ചേട്ടന്‍ തോമസ്‌ ഓടിവന്നു. കക്ഷി വിചാരിച്ചു പൂച്ച എന്നെ എന്‍റെ വാലില്‍ പിടിച്ചു നിലത്തടിച്ചത്‌ ആവുമെന്ന്‌.


ഞാന്‍ ഉണ്ടായ സംഭവം പറഞ്ഞു. കക്ഷി വല്യ കക്ഷിയാ. അപ്പഴും ചൂട്‌ മാറീട്ടില്ലാത്ത പൂച്ചയെ പൊക്കിയെടുത്ത്‌ നോക്കേണ്ടിടത്ത്‌ നോക്കീട്ട്‌ കക്ഷിപറഞ്ഞു


'എടാ ഇത്‌ കണ്ടന്‍ പൂച്ചയാ`


ഞാന്‍ ചോദ്യഭാവത്തില്‍ അങ്ങേരെ നോക്കി.


'നമ്മക്കിത്‌ പൊളിക്കാം'


കണ്ടന്‍ പൂച്ച കാട്‌ കയറുന്നതും അത്‌ പാക്കാന്‍ ആകുന്നതും അതിനെ മനുഷ്യന്‍ കൊല്ലുന്നതും കറി ആക്കുന്നതും ഒക്കെ മൂന്നര സെക്കണ്ട്‌ കൊണ്ട്‌ അദ്ദേഹം എനിക്ക്‌ വിവരിച്ചു തന്നു. പിന്നെ ഒന്നും ആലോചിച്ചില്ല.

മല്ലിയും മുളകും ഉള്ളിയും ഇഞ്ചിയും കടുകും എണ്ണയും ഉള്ള ഒരു വീട്ടില്‍ കൊലചെയ്യപ്പെട്ട ഒരു പാക്കാന്‍ എത്തിപ്പെട്ടാല്‍ എന്താ സംഭവിക്കുക എന്ന്‌ പറയാത്‌ തന്നെ നിങ്ങള്‍ക്കറിയാലോ. അത്‌ തന്നെ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.

കണ്ടന്‍പൂച്ച പാക്കാന്‍ ആയെങ്കിലും അതിനെ കറിവച്ച ചട്ടി 'പൂച്ചച്ചട്ടി` എന്ന അപരനാമത്താല്‍ ആണ്‌ ഇപ്പഴും അറിയപ്പെടുന്നത്‌.


എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ചാക്കോച്ചേട്ടന്‍ ഒന്നും മിണ്ടാനാവാ തെ മരവിച്ചുനിന്നു. ഒന്നും ഉരിയാടാന്‍ ആവാത്‌. ഒടുവില്‍ കാല്‍ക്കുട കുത്തി വിദൂരതയിലേക്ക്‌ യാത്രയായി.


ദി എന്‍ഡ്‌!