രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള 8 ഭീകരർ പിടിയിൽ

Feb 22, 2026 - 14:13
 0  25
രാജ്യത്ത്  വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള 8  ഭീകരർ പിടിയിൽ
 ഡൽഹി: ഇന്ത്യക്കെതിരെ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ബംഗ്ലാദേശ് ഭീകരസംഘടനകളുടെയും സഹായത്തോടെ നടന്ന വൻ ഭീകര ഗൂഢാലോചന സുരക്ഷാ ഏജൻസികൾ തകർത്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി എട്ട് പേരെയാണ് സുരക്ഷാ സേന പിടികൂടിയത്.
 തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ തൊഴിലാളികളെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞിരുന്ന മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാൽ എന്നിവരെയും പശ്ചിമ ബംഗാളിൽ നിന്ന് മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു.
രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഭീകരർ തിരിച്ചറിയൽ രേഖകൾക്കായി വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങൾ, മറ്റ് പ്രധാന മതസ്ഥലങ്ങൾ എന്നിവടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.