ന്യൂഡൽഹി: മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്നുയര്‍ന്ന ഇൻഡിഗോ വിമാനത്തില്‍ വിള്ളല്‍. എയർ ട്രാഫിക് കൺട്രോളിനെ അറിച്ചതിന് പിന്നാലെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
വിള്ളല്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഡയറക്‌ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി 10:07 നാണ് ഇൻഡിഗോ എയർലൈൻസ് എടിആർ വിമാനം മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടത്. 74 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ 79 പേർ വിമാനത്തിലുണ്ടായിരുന്നു.
ചെന്നൈയിലേക്കുള്ള യാത്രാമധ്യേ വിൻഡ്‌ഷീൽഡിൽ ഒരു ചെറിയ വിള്ളല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിലെ കൺട്രോൾ റൂം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ കൺട്രോൾ റൂം ഉദ്യോഗസ്ഥർ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കി.
ഷെഡ്യൂളിന് എട്ട് മിനിറ്റ് മുമ്പ് രാത്രി 11.12 ന് ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തു. വിമാനം കാർഗോ വിമാനങ്ങൾക്കായി ഉപയോഗിക്കുന്ന 'റിമോട്ട് ബേ'യിലേക്ക് മാറ്റി. തകർന്ന വിൻഡ്ഷീൽഡുള്ള ഇൻഡിഗോ വിമാനം ഇന്ന് പുലർച്ചെ 5 മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടതായിരുന്നു. പകരം മറ്റൊരു എടിആർ വിമാനം കോഴിക്കോട്ടേക്ക് അയച്ചതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.