ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചിരുന്നുവെന്ന് റിപ്പോർട്ട്. ലൈഫ് മിഷൻ കേസിൽ 2023 ൽ ഇഡി സമൻസ് അയച്ചതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ ഇഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം. 2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് അന്ന് ഹാജരായിരുന്നില്ല. ലൈഫ് മിഷൻ കേസ് വിവാദം കത്തി നിൽക്കുന്ന സമയത്താണ് വിവേകിന് ഇഡി സമൻസ് അയച്ചത്.
കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ഇഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷൻ വാങ്ങിയെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വിവേകിനെതിരെ ഇഡി തുടർനടപടി എടുത്തിരുന്നില്ല. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നുള്ള ആക്ഷേപം അന്നുതന്നെ കോൺഗ്രസ് ഉയർത്തിയിരുന്നു