ന്യൂയോർക് മേയർ തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയമുറപ്പിച്ച് ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക്പ്രൈമറിയിൽ വിജയമുറപ്പിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി. ന്യൂയോർക് മുൻ ഗവർണറായ ആൻഡ്രൂ കൂമോയെയാണ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം കൂടിയായ 32കാരൻ മംദാനി പിന്നിലാക്കിയത്. 95 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43 ശതമാനം വോട്ടുകൾ നേടി മുന്നിലാണ്. ഇനി റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങിന്റെ ഫലം കൂടെ വരാൻ കാത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
2021 ലൈംഗിക പീഡന വിവാദത്തിൽ രാജി വെച്ച ആൻഡ്രൂ ക്യൂമോ ഈ വർഷം രാഷ്ട്രീയ തിരിച്ചുവരവ് നടത്താൻ ഒരുങ്ങിയിരുന്നതാണ്. എന്നാൽ 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ അദ്ദഹം തോൽവി സമ്മതിക്കുകയും വിജയിച്ച സൊഹ്‌റാൻ മംദാനിയെ അഭിനന്ദിക്കുകയും ചെയ്തു.
'ഇന്നത്തെ രാത്രി അദ്ദേഹത്തിനുള്ളതാണ്. ഈ വിജയം അദ്ദേഹം അർഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം വിജയിച്ചു' എന്ന് തന്റെ അനുയായികളോട് പറഞ്ഞു. ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു എന്നും ക്യൂമോ പറഞ്ഞു.
വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ യുഎസിൽ ഇന്ത്യൻ വംശജനയ ആദ്യത്തെ മുസ്ലിം മേയർ ആയിരിക്കും സൊഹ്‌റാൻ മംദാനി.
ഇന്ത്യൻ വംശജനായ മംദാനിയുടെ പ്രചാരണം യുവ വോട്ടർമാരെ ആകർഷിച്ചു എന്നാണ് റിപ്പോർട്ടുകൾ. സൗജന്യ ബസുകൾ, സാർവത്രിക ശിശു സംരക്ഷണം, വാടക മരവിപ്പിക്കൽ, സമ്പന്നർക്ക് നികുതി ചുമത്തൽ തുടങ്ങിയ വാഗ്ദാനങ്ങൾ സൊഹ്‌റാൻ മംദാനി ഇലക്ഷൻ സമയത്ത് നൽകി.