കൊച്ചുമകൻ്റെ സംരക്ഷണം മാതാപിതാക്കൾക്ക് തിരിച്ചു നൽകണം; മുത്തശ്ശിയോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

മുംബൈ: കൊച്ചുമകൻ്റെ സംരക്ഷണം മാതാപിതാക്കൾക്ക് തിരിച്ചു നൽകാൻ മുത്തശ്ശിയോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. കുഞ്ഞുമായി ആത്മബന്ധമുണ്ടെന്ന വാദത്തിന്റെ പേരിൽ മാതാപിതാക്കളെക്കാൾ അവകാശം മുത്തശ്ശിക്ക് നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ച് വയസുകാരനെ ഒപ്പം നിർത്താനുള്ള മുത്തശ്ശിയുടെ വാദങ്ങൾ നിരാകരിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
ഇരട്ടക്കുട്ടികളിലൊരാളായ കുട്ടിയെ മുത്തശ്ശിയെ ഏൽപ്പിച്ച് സെറിബ്രൽ പാൾസി രോഗമുള്ള രണ്ടാമത്തെ കുഞ്ഞിനെ തങ്ങൾക്കൊപ്പം വളർത്തുകയായിരുന്നു മാതാപിതാക്കൾ. സ്വത്തുതർക്കമുണ്ടായതിന് പിന്നാല 74കാരിയായ മുത്തശ്ശിയോട് തങ്ങളുടെ മകനെ തിരികെ തരണമെന്ന് പിതാവ് ആവശ്യപ്പെട്ടു. പക്ഷേ ആവശ്യം അവർ നിരാകരിച്ചതോടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനിച്ചത് മുതൽ കുഞ്ഞിനെ വളർത്തിയത് താനാണെന്നും തങ്ങൾക്കിടയിൽ വലിയ ആത്മബന്ധമുണ്ടെന്നും മുത്തശ്ശി കോടതിയിൽ വാദിച്ചു. എന്നാൽ അത്തരം ബന്ധമൊന്നും മാതാപിതാക്കൾക്ക് കുട്ടിയുടെ സംരക്ഷണ ചുമതല നൽകുന്നതിനെക്കാൾ മുഖ്യമല്ലെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഗൂജ്, ഗൗതം അങ്കദ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന അവസരങ്ങളിൽ മാത്രമേ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾക്ക് മേലുള്ള അധികാരത്തെ ബാധിക്കുവെന്നും കോടതി ചൂണ്ടിക്കാട്ടി.