ഒറ്റപ്പെടലിന്റെ തുരുത്തിൽ നിന്ന് ഒരുമയുടെ സാന്ത്വനത്തിലേക്ക്

Feb 18, 2026 - 09:09
Feb 18, 2026 - 11:23
 0  13
ഒറ്റപ്പെടലിന്റെ തുരുത്തിൽ നിന്ന് ഒരുമയുടെ സാന്ത്വനത്തിലേക്ക്


ഡോ. സജി ഉതുപ്പാൻ മസ്‌ക്കറ്റ് 

ള്‍ഫ് രാജ്യങ്ങളിലെ ജീവിതം സുഖകരവും സൗകര്യങ്ങള്‍ നിറഞ്ഞതുമായി മാറിയിട്ടുണ്ടെങ്കിലും, മാനസിക ആരോഗ്യം കുറയുന്നതും അപകടകരമായ ജീവിത സാഹചര്യങ്ങളും അടുത്ത കാലത്ത് അസ്വാഭാവിക മരണങ്ങള്‍ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതും  പരസ്പര ആശയവിനിമയം വര്‍ധിപ്പിക്കുന്നതും  മാനസികമായി കരുത്ത്  നേടാൻ സഹായിക്കുന്നതാണ് . ശാരീരിക സുരക്ഷയിൽ ശ്രദ്ധിക്കുന്നതിനൊപ്പം മാനസിക ആരോഗ്യവും ഉറപ്പാക്കിയാല്‍ മാത്രമേ അസ്വാഭാവിക മരണങ്ങള്‍ കുറയ്ക്കാനാകൂ.

അത്യന്തം ചൂടുള്ള കാലാവസ്ഥ, ഉയരം കൂടിയ കെട്ടിടങ്ങള്‍, കടല്‍ത്തീരങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, കര്‍ശനമായ ജോലി സാഹചര്യങ്ങള്‍, ഒറ്റപ്പെട്ട ജീവിതം, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇവയില്‍ പലതും മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒഴിവാക്കാവുന്നതാണ്.

.


കുട്ടികളില്‍ സാധാരണയായി കാണുന്ന അപകടങ്ങളില്‍ നീന്തല്‍ക്കുളങ്ങളിലും കടല്‍ത്തീരങ്ങളിലും മുങ്ങിമരണമാണ് മുഖ്യം. ബാല്‍ക്കണികളിലും ജനലുകളിലും കയറി കളിക്കുന്ന കുട്ടികള്‍ ഉയരത്തില്‍ നിന്ന് വീഴാനുള്ള സാധ്യത കൂടുതലാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ക്ലീനിംഗ് കെമിക്കലുകള്‍, മരുന്നുകള്‍, ഗ്യാസ് ഉപകരണങ്ങള്‍ എന്നിവ കുട്ടികളുടെ കൈവശം എത്തുന്നത് അപകടകരമാണ്. അത്യന്തം ചൂടുള്ള കാലാവസ്ഥയില്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ ഒറ്റയ്ക്ക് വിടുന്നത് ജീവന് ഭീഷണിയാകാം. ഇതിലൊക്കെ ശ്രദ്ധിക്കുമ്പോഴും ശാരീരിക സുരക്ഷയ്ക്കൊപ്പം മാനസിക സുരക്ഷയും വളരെയേറെ പ്രധാനമാണ് എന്നത് പലപ്പോഴും നമ്മള്‍ മറക്കുന്നു.


യുവാക്കളിലും തൊഴിലാളികളിലും അസ്വാഭാവിക മരണങ്ങള്‍ക്ക് പ്രധാന കാരണം റോഡ് അപകടങ്ങള്‍, ജോലിസ്ഥലത്തെ അപകടങ്ങള്‍, മാനസിക സമ്മര്‍ദ്ദം മൂലമുള്ള സ്വയം ഹത്യകള്‍ എന്നിവയാണ്. നീണ്ട ജോലി സമയം, വിശ്രമക്കുറവ്, സുരക്ഷാ ഉപകരണങ്ങള്‍ ശരിയായി ഉപയോഗിക്കാത്തത് എന്നിവ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ, മാനസിക സമ്മര്‍ദ്ദങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരാള്‍ ഇല്ലാത്തതും വലിയ പ്രശ്‌നമാണ്. കുടുംബത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നത് പലര്‍ക്കും ഉള്ളിലെ വിഷമങ്ങള്‍ പങ്കുവയ്ക്കാതെ നിശബ്ദമായി സഹിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. സുഹൃത്തുക്കള്‍ തമ്മിലും സഹപ്രവര്‍ത്തകര്‍ തമ്മിലും പരസ്പരം ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരാളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കാണുമ്പോള്‍ അവഗണിക്കാതെ ശ്രദ്ധിക്കുക. വിഷമിക്കുന്ന ആളുകളോട് സംസാരിക്കാന്‍ സമയം കണ്ടെത്തുക. ഒരു ഫോണ്‍കോളോ ഒരു ചെറിയ സംഭാഷണമോ പോലും ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കാം.


ഗള്‍ഫിലെ തിരക്കേറിയ ജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് ജോലിഭാരവും സമയക്കുറവും കാരണം കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാതെ പോകുന്നു. പല കുട്ടികളും വീട്ടില്‍ ഭൗതിക സൗകര്യങ്ങളോടെ ജീവിച്ചാലും, മാതാപിതാക്കളുടെ സാന്നിധ്യവും സംസാരവും മാനസിക പിന്തുണയും ലഭിക്കാതെയാണ് മുന്നോട്ടുപോകുന്നത്. ഈ ഒറ്റപ്പെട്ട അവസ്ഥ കുട്ടികളില്‍ ആശങ്കയും ഭയവും രക്ഷിതാക്കളോടുള്ള അകല്‍ച്ചയും ഉണ്ടാക്കുന്നു. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയാതെ ഉള്ളില്‍ ഒതുക്കിവയ്ക്കാന്‍ തുടങ്ങുന്നു. ഇത് അവരുടെ പെരുമാറ്റത്തിലും തീരുമാനങ്ങളിലും പ്രതികൂലമായ ഫലങ്ങളുണ്ടാക്കിയേക്കാം.


മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സംവാദം വളരെ പ്രധാനമാണ്. ദിവസവും കുറച്ച് സമയം എങ്കിലും കുട്ടികളോട് സംസാരിക്കുക, അവരുടെ സ്‌കൂള്‍ അനുഭവങ്ങള്‍ കേള്‍ക്കുക, അവരുടെ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ അവരുടെ മാനസികാരോഗ്യത്തിന് വലിയ പിന്തുണ നല്‍കും. മാതാപിതാക്കള്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍, കുട്ടികള്‍ അപകടകരമായ പ്രവൃത്തികളിലേക്കോ തെറ്റായ സ്വാധീനങ്ങളിലേക്കോ വഴുതിപ്പോകാനുള്ള സാധ്യത കുറയുന്നു. അവരുടെ അനുദിന ജീവിതാനുഭവങ്ങള്‍ എല്ലാ ദിവസവും കൃത്യമായി കേള്‍ക്കുകയും അവരോട് പരിഗണനാ മനോഭാവത്തോടെ പെരുമാറുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.


ഗള്‍ഫ് രാജ്യങ്ങളിലെ ജീവിതം സുഖകരവും സൗകര്യങ്ങള്‍ നിറഞ്ഞതുമായിരുന്നാലും, മാനസിക അകലം പലരിലും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ കുടുംബബന്ധങ്ങള്‍ ശക്തമാക്കുകയും, ഒരുമിച്ച് സമയം ചെലവഴിക്കുകയും, ആശയവിനിമയം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ശാരീരിക സുരക്ഷയ്ക്കൊപ്പം മാനസിക ആരോഗ്യവും ഉറപ്പാക്കിയാല്‍ മാത്രമേ അസ്വാഭാവിക മരണങ്ങള്‍ കുറയ്ക്കാനാകൂ.

കുട്ടികളോട്‌ മൊബൈൽ ഉപയോഗം നിയന്ത്രിക്കണം എന്ന് പറയും മുൻപേ, മാതാപിതാക്കൾ മൊബൈൽ ഉപയോഗത്തിൽ സ്വയം നിയന്ത്രിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു . ഈ കാര്യങ്ങൾ ധാരാളം കുട്ടികൾ പലപ്പോഴായി പങ്കു വച്ചിട്ടുള്ള കാര്യമാണ് .


ജീവിതം വിലപ്പെട്ടതാണ്. കരുതലും പങ്കുവയ്ക്കലും പരസ്പരമുള്ള ശ്രദ്ധയും വിലപ്പെട്ട ജീവിതങ്ങളെ രക്ഷിക്കുന്നു. 24 മണിക്കുറും പഠിക്കുവാന്‍ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മനസിന്റെ താളം തെറ്റാതെ അവരെ കൂട്ടുകാരുടെ കൂടെ സമയം ചിലവഴിക്കാനും അനുവദിക്കണം. കരുണ, ദയ, വാത്സല്യം പോലുള്ള വികാരങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവണമെങ്കില്‍ കുട്ടികളെ മാതാപിതാക്കള്‍ ചേര്‍ത്ത് നിര്‍ത്തുന്ന അനുഭവം അവര്‍ക്കുണ്ടാവണം. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം അവരുടെ സുരക്ഷയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് എന്നത് നമ്മള്‍ മനസ്സിലാക്കണം.