എന്നെ കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല, ആരോടും വിദ്വേഷമില്ല; മോഹൻലാലിന് മുന്നിൽ മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 26, 2026 - 16:14
Feb 26, 2026 - 16:20
 0  10
എന്നെ കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല, ആരോടും വിദ്വേഷമില്ല; മോഹൻലാലിന് മുന്നിൽ മനസ്  തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: രാഷ്ട്രീയ രംഗത്ത് കാര്‍ക്കശ്യക്കാരനായ നേതാവെന്ന വിളിപ്പേര് മാധ്യമങ്ങള്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ക്കശ്യക്കാരന്‍ എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ബ്രാന്‍ഡിങ് ആണ്. സിപിഎമ്മിന്റെ നേതാവ് ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്ഥനാണ് എന്ന് കാണിക്കാന്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. മനുഷ്യന് പലഭാവങ്ങളുണ്ട്, അതില്‍ ക്ഷോഭിച്ച ഭാവങ്ങളായിരിക്കും കൊടുക്കുന്നത്. മറ്റ് ഭാവങ്ങള്‍ കൊടുക്കേണ്ടെന്ന് വയ്ക്കുന്നതാണെന്നും  മോഹൻലാൽ നടത്തിയ അഭിമുഖത്തിനിടെ  മുഖ്യമന്ത്രി പറഞ്ഞു.

ബാല്യകാലം മുതലുള്ള ഓർമകളും ജീവിതാനുഭവങ്ങളുമാണ് ഒരു മണിക്കൂർ നീണ്ടു നിന്ന അഭിമുഖത്തിൽ മുഖ്യമന്ത്രി മോഹൻലാലിനോട് പങ്കു വച്ചത്.

ഇഷ്ടപ്പെട്ട പുസ്തകങ്ങൾ അന്നാ കരേനീനയും പാവങ്ങളും ആണെന്നും ഇഷ്ടപ്പെട്ട സിനിമ മോഹൻലാൽ അഭിനയിച്ച അമൃതം ഗമയ ആണെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. വിയോജിക്കുന്നവരോട് വിദ്വേഷം തോന്നാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നെ കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല. സ്വാഭാവിക കാര്യമായി കാണുന്നു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് എന്നിക്കെതിരെയുള്ളത്. അത്തരം എതിര്‍പ്പുയര്‍ത്തുന്നവരോടെ എതിര്‍പ്പോ ഈര്‍ഷ്യയോ ഇല്ല. എനിക്കെതിരെ വന്ന വാര്‍ത്തകളുടെ പേരില്‍ ഒരു മാധ്യമ മാനേജ്മന്റെിനെയും വിളിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

മറക്കാനാവാത്ത യാത്രകളെ കുറിച്ചുള്ള ചോദ്യത്തിന് വിവാദ സിംഗപ്പൂര്‍ യാത്രയെ കുറിച്ചും പിണറായി പ്രതികരിച്ചു. ലാവലിൻ വാർത്തകൾ ഓർമ്മിപ്പിച്ചായിരു ന്നു പിണറായിയുടെ വാക്കുകൾ. മന്ത്രി സ്ഥാനം രാജിവച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പമുള്ള ആ യാത്ര. അതിനെ കുറിച്ച് പിന്നീട് വലിയ കഥകള്‍  വന്നു. അതൊരു ആസ്വദിച്ച യാത്രയായിരുന്നു, വാര്‍ത്തകളില്‍ അന്നും ഇന്നും വിഷമം ഉണ്ടായിട്ടില്ലെന്നും പിണറായി പറയുന്നു.