God of small Things - അരുന്ധതി റോയ്

God of small Things - അരുന്ധതി റോയ്

സപ്ന അനു ബി ജോർജ്‌ 



ധാരാളം മലയാളം  വാക്കുകൾ ഉപയോഗിച്ച്  എന്നാൽ ഇംഗ്ലീഷിന്റെ  അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട്, അയ്മനം എന്ന സ്വന്തം നാടിന്റെ കഥ പറയുന്ന അരുന്ധതി റോയുടെ God of small Things'  ഞാൻ വായിച്ച പുസ്തകങ്ങളിൽ മികച്ചതാണ്. സ്വന്തം നാടിന്റെക്കുറിച്ചുള്ള വർണ്ണകൾ ധാരാളം ഉണ്ടെങ്കിലും , അതെല്ലാം എനിക്കു പരിചയമുള്ള , ഞാൻ ജീവിച്ച, ഇന്നും ഓർമ്മകളിൽ ജീവിക്കുന്ന കോട്ടയം എന്ന കൊച്ചു വലിയ നാടിന്റെ കഥ!  റേച്ചൽ  എസ്തപ്പാൻ എന്ന രണ്ട് ഇരട്ടസഹോദരീ സഹോദരന്മാരുടേ  ജീവിതത്തിലുടെനീളം ഉള്ള സംഭവികാസങ്ങളിലൂടെ നീങ്ങുന്ന കഥാതന്ദു 1969 മുതൽ 1993 വരെ യുള്ള കാലഘട്ടത്തിൽ സംഭവിക്കുന്നവയാണ്.  കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ ജീവിതങ്ങളുടെയും അക്കാലത്തുള്ള കമ്മ്യൂണിസത്തിന്റെ  ശക്തമായ സാഹചര്യങ്ങളും വ്യക്തമാക്കുന്നു

റാഹേൽ എസ്തപ്പാൻ എന്ന ഇരട്ടകളുടെ കഥ പറയുന്ന God of small Things' ൽ പ്രാദേശികമായി അയ്മനത്ത് കേരളത്തിൽ നിലനിന്നിരുന്ന അന്നത്തെ ജാതിവ്യവസ്ഥിതിയെക്കുറിച്ച് വളരെ വ്യക്തമായി അരുന്ധതി പറയുന്നുണ്ട്. നോവലിൽ ഉപയോഗിച്ചിരിക്കുന്ന പേരുകളൊക്കെ നാട്ടിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നവയാണ്, ബബി കൊച്ചമ്മ, വെളുത്ത , മാർഗറെച്ച് കൊച്ചമ്മ, സോഫി മോൾ എന്നിവ ഉദാഹരണങ്ങളും ആണ്.  സുന്ദരമായ അയ്മനവും അവിടുത്തെ ജീവിതരീതിയും നോവലിന്റെ ഇതിവൃത്തമായി ഉപയോഗിച്ചിരിക്കുന്നു. അമ്മു എന്ന സിറിയൻ കൃസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വര്‍ണ്ണനയാണ് കഥയുടെ  സൂഷ്മരൂപം. അമ്മു വെളുത്തയെ സ്‌നേഹിക്കുന്നു.  രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത്  രഹസ്യമായികണ്ടുമുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവര്‍ണ്ണ കൃസ്ത്യാനി ബന്ധുക്കളും, കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി  പ്രാദേശിക നേതാവും ചേര്‍ന്ന് അയാളെ ഒരു കള്ളക്കേസിലാക്കുന്നു. പിന്നീട് പൊലീസ് ഇന്‍സ്‌പെക്ടറുടെ ഒത്താശയോടെ വെളുത്തയെഅടിച്ചു കൊല്ലിക്കുന്നതാണ് നോവലിന്റെ പ്രമേയം.

വളരെ അരോചകമായ ശൈശവകൌമാര ജീവിതത്തിനു ശേഷം റേച്ചൽ പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നു. അവിടെവെച്ച് കല്ല്യാണവും , വിവാഹമോചവും നടക്കുന്നു.  ശേഷം അയ്മനത്തെത്തുന്ന  റേച്ചൽ ശൈശവത്തിൽ പിരിഞ്ഞ ഇരട്ടസഹോദരൻ  എസ്തപ്പാനുമായി വീണ്ടും ഒത്തുചേരുന്നു. അവരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ കുറ്റബോധങ്ങളും ,വിഷമങ്ങളും സങ്കടങ്ങളും ഇരുവരെയും വിട്ടുമാറാതെ പിൻ തുടർന്നിരിക്കാം, അവ മാനസികമായി അവരെ തകർത്തുകളയുന്നു. എസ്തപ്പാന്റെ മൌനവും, റേച്ചലിന്റെ നിസ്സഹായതയുള്ള  മുഖഭാവങ്ങളും അവരുടെ മാനസികവ്യവഹാരങ്ങൾക്കു നേരെയുള്ള ഒരു ദർപ്പണം ആണ്.

കേരളത്തിലെ കോട്ടയത്തിനടുത്തുള് ള അയ്മനം എന്ന ഗ്രാമം പശ്ചാത് തലമാക്കിയുള്ള ഒരു നോവലാണ്‌ ‘കൊച്ചു കൊച്ചു ദൈവകാര്യങ്ങൾ’ .മീനച്ചിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം നെല്‍പാടങ്ങളാൽ സമൃദ്ധമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സുന്ദരമായ പ്രദേശമാണ്  അയ്മനം . ഈ പുസ്തകത്തിലൂടെ സ്വന്തം ഗ്രാമത്തിന്റെ സൗന്ദര്യവും നിഷ്‌കളങ്കതയും അരുന്ധതിയിലൂടെ വായനക്കാരിലെന്നപോലെ, ഇന്നും എന്റെ ആ ഗ്രാമത്തെ നെഞ്ചോട് ചേർത്തു സ്നേഹിക്കുന്ന എന്റെ മനസ്സിലും  ആഴ്ന്നിറങ്ങി.

ഈ പുസ്തകത്തിലെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രസക്തമായ ഒന്നാണ്, എസ്ത എന്ന എസ്തപ്പാൻ   റേച്ചലിന്റെ  ഇരട്ട സഹോദരനാണ്.  വളരെ ഗൌരവസ്വഭാവമുള്ള  എന്നാൽ വളരെ ബുദ്ധിമാനുമായ ഇദ്ദേഹം ‘ അക്കാലത്തെ  എൽവിസ് സ്റ്റൈൽ മുടിയും ഷൂസും ഒക്കെയാണ് ധരിക്കാറ്. ഒരു ‘നിശ്ശബ്ദപുസ്തകം‘ എന്നാണ് ഈ നോവലിൽ പലഭാഗത്തും അദ്ദേഹത്തെപ്പറ്റി പറയുന്നത്. ഈ നോവലിന്റെ കഥ റേച്ചിലിന്റെ കണ്ണിലൂടെയാണ് നാം പലപ്പോഴും കാണുന്നത്.  കഥയുടെ അവസാന ഭാഗങ്ങളീൽ ഉദ്ദേശങ്ങളൊന്നുമില്ലാത്ത എതോ ഒഴുക്കിലൂടെ , കടന്നു പോകുന്ന റേച്ചലിനെ ഒരു നിസ്സാരവസ്തുവായി കണക്കാക്കപ്പെടുന്നു. ചാക്കോ എന്ന ഇരട്ടകളുടെ  അമ്മയുടെ സഹോദരൻ , മാർഗറേച്ച് കൊച്ചമ്മയെ   ഒക്സ്ഫോഡ് സർവ്വകലാശാലയിൽ വെച്ചു പരിചയപ്പെടുകയും, പിന്നീടവർക്ക് സോഫി എന്നൊരു മകൾ ജനിക്കുകയും , പിന്നീട് അവളുടെ മരണം, ഈ കഥയെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നു. ബേബികൊച്ചമ്മ , ഇരട്ടകളുടെ അമ്മയുടെ സഹോദരിയും, വളരെ കർക്കശക്കാരിയായ ഒരു  കഥാപാത്രമാണ്. പൊക്കം കുറഞ്ഞ , നല്ല വണ്ണമുള്ള ഇവരുടെ  കുടുബമഹിമയും അഹങ്കാരവും  ഒരു പരിധിവരെ കഥകളുടെ പല ഘട്ടങ്ങളിലെയും ക്രൂരതകളും , നിർണ്ണായക ഘട്ടങ്ങളും തീരുമാനിക്കുന്നു.

ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്സ് ഇറങ്ങിയ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് ഒരു മലയാളിയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നോവലും ഇതുതന്നെയായിരുന്നു. കേരളീയ പശ്ചാത്തലത്തിൽ അരുന്ധതി റോയ്ക്ക് ബുക്കർ പുരസ്കാരം  നേടിക്കൊടുത്ത ‘God of small Things' എന്ന ഈ നോവൽ വെള്ളിത്തിരയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നു എന്നതും വളരെ സന്തോഷകരമാ‍യ ഒരു കാര്യമാണ്. നോവൽ മുഴുവനായോ ഭാഗീകമായോ ചലച്ചിത്രമാക്കാനായി കൂടുതൽ ചര്‍ച്ചകൾ നടക്കുന്നു.

അരുന്ധതി ജനിച്ചത് അയ്മനത്തല്ല, മേഘാലയായിലെ ഷില്ലോംഗിലാണ്. ബംഗാളിയായ അച്ഛൻ, അമ്മ മേരി റോയുടെ നാടാണ് അയ്മനം. കുട്ടിക്കാലത്ത് കുറച്ചു കാലം അയ്മനത്ത് ജീവിച്ചു. കോട്ടയത്ത് പ്രശസ്തമായ കോപ്പർ ക്രിസ്റ്റി സ്‌കൂളിൽ കുറച്ചു നാൾ പഠിച്ചു. പിന്നെയും കേരളം വിട്ടു ജീവിച്ചു. ആർക്കിടെക്ച്ചറിൽ ഉപരിപഠനം. പക്ഷെ 16 വയസവരെ താൻ ജീവിച്ച അയ്മനമെന്ന കൊച്ചു ഗ്രാമത്തിന്റെ കഥയിലൂടെയാണ് അരുന്ധതി റോയ് തന്റെ സാഹിത്യ ജീവിതം തുടങ്ങിയത്.  അവരുടെ നാടിനെ  അരുന്ധതി അത്രമാത്രം സ്‌നേഹിച്ചിട്ടുണ്ടാകാം. അവരുടെ ഉള്ളിലെ എഴുത്തുകാരി അയ്മനത്തെ അറിയാതെ പിന്‍തുടര്‍ന്നിട്ടുണ്ടാകാം. ആ പ്രദേശത്തെ ജീവിതത്തെ അവർ പഠിക്കുകയും മനസിൽ താലോലിച്ച് വളര്‍ത്തുകയും ചെയ്തിട്ടുണ്ടാകാം. ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സും അയ്മനത്തെ കൊച്ചു കൊച്ചു വിശേഷവും പുറത്തിറങ്ങിയിട്ട്  നീണ്ട20 വർഷങ്ങളാകുന്നു.