ദൈവമേ ഇത് എന്റെ ബിന്ദുവാണോ ? ബാഷ്പാഞ്ജലികൾ മോളൂ: സൂസൻ പാലാത്ര

ദൈവമേ ഇത് എന്റെ ബിന്ദുവാണോ ? ബാഷ്പാഞ്ജലികൾ മോളൂ: സൂസൻ പാലാത്ര

ഞാനിന്ന് ഒത്തിരി കരഞ്ഞു. ഇപ്പഴാ ഈ വാർത്ത ഞാനറിഞ്ഞത്. എന്റെ ബിന്ദു മരിച്ചെന്നോ! ഫോട്ടോ കണ്ടിട്ട് എന്റെ ബിന്ദുവിന്റെ ഛായ ലേശം പോലുമില്ല. എന്നാലും എന്റെ ചേച്ചിയും നാത്തൂനും പറഞ്ഞതിൽനിന്ന് ഞാൻ മനസ്സിലാക്കി. പാറേമാലിയിലെ അക്കമ്മയുടെയും ചേനപ്പാടിയിൽ ജോലിയുണ്ടായിരുന്ന തങ്കച്ചന്റെയും (വീട്ടിലെ വിളിപ്പേരു് ഞാൻ മറന്നോന്ന് സംശയം ) ഏക മകൾ ബിന്ദു തോമസ് ആണിത്. മോളുടെ ആത്മാവ് കർത്തൃസന്നിധിയിൽ വിശ്രമിയ്ക്കട്ടെ.
ആസാഫിന്റെ 73ാം സങ്കീർത്തനത്തിലെ കണ്ടന്റ്സ് എന്നെ പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ പ്രാർത്ഥന ഇതാണ്; ദൈവമേ, അങ്ങ് നിർമ്മലഹൃദയവും കാപട്യമില്ലാത്ത പെരുമാറ്റവും ഉള്ളവർക്ക് നന്മ മാത്രമേ ഈ ലോകത്തിലും നിത്യതയിലും നല്കാവൊള്ളേ.

പാറേമാലിയിലെ അമ്മയെ (ആ അമ്മയുടെ പേരറിയില്ല) പാമ്പാടി സിംഹാസനപ്പള്ളിയിൽ വച്ചാണ് കൂടുതൽ പരിചയപ്പെടുന്നത്. പള്ളിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഞങ്ങൾ ഒത്തിരി ഹൃദ്യമായി സംസാരിയ്ക്കും. അയൽക്കാരിയും നാട്ടുകാരിയും മാത്രമല്ല, പള്ളി സമാജത്തിലെ പ്രവർത്തനങ്ങളിൽ ശുഷ്ക്കാന്തിയുള്ള അംഗവും കൂടിയാണ് പ്രസ്തുത അമ്മ. മാസത്തിലൊരു ഞായർ പൊത്തമ്പുറം ദയറായിൽ പോകും, അഭയഭവനിലും സന്ദർശനം നടത്തും.
ഞാൻ കയ്യിൽ ഒരഞ്ചിന്റെ തുട്ടില്ലാതെ ഞെരുങ്ങുന്ന കാലം. ആ കാലത്ത് എന്റെ അയൽപക്കത്തുള്ള ഒരു ലക്ഷ്മിയമ്മച്ചി ( പേരു് നിശ്ചയമില്ല, മറവിയുടെ മാറാലകളിൽപ്പെട്ട് ഞാനുഴലുന്നു ) എനിയ്ക്ക് ഒരു ഒറ്റരൂപാ പ്രാർത്ഥിച്ചനുഗ്രഹിച്ചു തന്നു. ആ സംഭവം എന്റെ ' ഒറ്റരൂപാ നാണയങ്ങൾ ' എന്ന നോവലെറ്റിൽ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പണം എന്റെ കയ്യിൽ കിട്ടിയതിന്റെ തൊട്ടടുത്ത ദിനം, പാറേമാലിയിലെ അമ്മ എന്റെ വീട്ടിൽ വന്ന് എന്റെ അമ്മച്ചിയോടു പറഞ്ഞു എന്റെ അപ്പനോട് പറഞ്ഞ് അനുവാദം വാങ്ങിയിട്ട് അവരുടെ ഇളയ മകൾ അക്കമ്മയുടെ മകളെ പഠിപ്പിയ്ക്കണമെന്ന്. അങ്ങനെ ബിന്ദു എന്റെ സ്റ്റുഡന്റായി.
അഡ്വാൻസായി രൂപാ 10 ഇങ്ങു തന്നു. പിന്നെ പണ്ടുകാലത്തെ അധ്യാപകർക്ക് ശിഷ്യഗണങ്ങൾ നല്കിയതു പോലെ ആ വീട്ടിലെ കായ്കനികളുൾപ്പടെയുള്ള നടുതല വസ്തുക്കളൊക്കെയും ആ അമ്മ എന്റെ വീട്ടിൽക്കൊണ്ടെ തന്നു.
അന്ന് ബിന്ദുവിന് അക്ഷരപരിചയം കുറവ്. പഠിയ്ക്കാൻ പിന്നോക്കം. ബിന്ദു 3ാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്. പക്ഷേ ഞാൻ ഒരു കാര്യം മനസ്സിലാക്കി. നല്ല മാർഗ്ഗനിർദ്ദേശം മാത്രം നല്കിയാൽ മതി ബിന്ദുവിന്. നല്ല അനുസരണ ശീലമുള്ള കുട്ടിയാണ് ബിന്ദു. എന്നെ ബഹുമാനവും സ്നേഹവും ഉണ്ട്. ഞാൻ പറയുന്നതൊക്കെ ബിന്ദുവിന് വേദവാക്യമാണ്. ആ രീതിയിലാണ് പാറേമാലിയിലെ അമ്മ ബിന്ദുവിന് കൊടുത്തിരിയ്ക്കുന്ന സദുപദേശങ്ങൾ, ഞാൻ അവളെ നന്നായി പഠിപ്പിച്ചു. ആ വർഷം അവൾക്ക് നല്ല മാർക്കുകൾ ലഭിച്ചു. വായനാ കുതുകിയായിരുന്ന ഞാൻ അവളെ വായനാശീലവും അഭ്യസിപ്പിച്ചു. ആ വർഷത്തെ മദ്ധ്യവേനലവധിയ്ക്ക് അച്ഛനമ്മമാരുടെ അടുത്ത് ചെല്ലുമ്പോൾ പാടാൻ ഒരു പാട്ട് ഞാൻ പഠിപ്പിക്കണം എന്നു പറഞ്ഞു. അന്നേ ക്രിസ്തു ഭക്തയായിരുന്ന ഞാൻ,
"യേശുമഹേശനെ ഞാൻ ചിന്തിപ്പതെൻ ഉള്ളത്തിന്നാനന്ദമെ " എന്ന ഗാനം ഈണത്തിൽ പഠിപ്പിച്ചു. എന്റെ സ്വരം തീരെ മോശമാണെന്ന് എന്റെ അമ്മ എന്നെ പലപ്പോഴും ഡീഗ്രേഡു ചെയ്തിട്ടും ഞാൻ സമ്മതിച്ചിട്ടില്ല. ഞാൻ നല്ല ഉച്ച സ്വരത്തിൽ പഠിപ്പിച്ച് ബിന്ദുവിനെക്കൊണ്ടു പാടിച്ചു. ബിന്ദുവിന്റെ അമ്മ എനിയ്ക്കായി അരിപ്പൊടി വറുത്ത് കൊണ്ട് ആ അമ്മയെ ഏല്പിച്ചു. ചക്ക വറുത്തത്. അച്ചപ്പം ഒക്കെ കൊണ്ടെ ഏല്പിച്ചിട്ടുണ്ട്. ഞാൻ വീട്ടിൽച്ചെന്നു പഠിപ്പിയ്ക്കുമ്പോൾ എനിയ്ക്ക് കാപ്പിയും പലഹാരവും നല്കി എന്നെ സല്ക്കരിയ്ക്കാൻ. പാറേമാലിയിലമ്മയുടെ സങ്കടമിതാണ്, ബിന്ദു ഒന്നും കഴിയ്ക്കില്ല. ബിന്ദുവിന്റെ അച്ഛന് ന്യൂറോളജി സംബന്ധമായ ഗുരുതര രോഗമുണ്ട്, അതുപോലെ മോൾക്ക് വരാതിരിയ്ക്കാൻ അതീവ ശ്രദ്ധയോടെയാണ് അവർ ആ കുരുന്നിനെ വളർത്തുന്നത്. മിടുക്കിയായിരുന്നു , സുന്ദരിയായിരുന്നു ബിന്ദു. സ്വസമുദായത്തിലെ അടുത്ത ഇടവകപ്പള്ളിയിലെ 'കുഞ്ഞുശെമ്മാശ്ശനെ ' കാണുമ്പോഴെല്ലാം ആ മുത്തശ്ശി കൊച്ചുമകളുടെ ഭാവി വരൻ ഇതാകണം എന്ന് ഹൃദയം കൊണ്ട് അടുത്തവരോട് ആഗ്രഹം പറഞ്ഞു.
കാലങ്ങൾ കുറെ കഴിഞ്ഞ് മണർകാട് പള്ളിയിലേയ്ക്ക് അമ്മയോടൊപ്പം വരുന്ന ബിന്ദുവിനെക്കണ്ടു. എന്തൊരു സ്നേഹം, എന്തൊരു ബഹുമാനം? ഞാൻ ജോലി ചെയ്യുന്ന ഓഫീസിലേയ്ക്കുള്ള ബസ് പിടിയ്ക്കാൻ ഓടുകയാണ്. എങ്കിലും നിന്നു വർത്തമാനം പറഞ്ഞു; ബിന്ദുവിന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൾ ശോഭയെ എന്റെ മലേഷ്യയിലുള്ള ഒരു കസിനാണ് കെട്ടിയിരിയ്ക്കുന്നത്. ശോഭ നാട്ടിൽ വന്നിരുന്നു എന്നും ചുരിദാർ വാങ്ങിച്ചോളൂ എന്നു പറഞ്ഞ് അഞ്ഞൂറു രൂപ കൊടുത്തെന്നും ഒറ്റ ശ്വാസത്തിൽ ബിന്ദു പറഞ്ഞു. അതാണ് അവസാന കാഴ്ച,
ബിന്ദുവിന്റെ അമ്മ ഒരു ദു:ഖപുത്രിയാണ്. പാവമായിരുന്നു. ഭർത്താവിന്റെ ആരോഗ്യഹീനമായ ശരീരം കണ്ട് അവർ പൊട്ടിക്കരഞ്ഞു. അസ്ഥികൾക്ക് ബലക്ഷയമുളള ആ സാധു മനുഷ്യന് ത്യാഗോജ്ജ്വലയായ ആ നല്ല ഭാര്യ മികച്ച പരിചരണം നല്കി സ്വജീവനെക്കാൾ അധികമായി സ്നേഹിച്ചു. അക്കമ്മയെന്ന ആ സ്ത്രീയുടെ സ്വഭാവ മഹിമ അവർണ്ണനീയമാണ്. ഒരു ലിമിറ്റസ് കമ്പനിയിലെ ഓഫീസ് സ്‌റ്റാഫായിരുന്ന സൗമ്യശീലനും സൽസ്വഭാവിയുമായിരുന്നു ബിന്ദുവിന്റെ അച്ഛൻ. ഞാൻ കേട്ടിട്ടേയുള്ളൂ , ആ സാധുമനുഷ്യനെ ഞാൻ കണ്ടിട്ടേയില്ല. അവർ ചേനപ്പാടിയിലാണ് താമസം. ബിന്ദു അമ്മമ്മയോടൊപ്പം പാമ്പാടിയിലും. അക്കാലത്ത് ആ നല്ല അമ്മമ്മയുടെ തൊണ്ടയിൽ മാരകരോഗത്തിന്റെ ആരംഭം.

കലണ്ടർ മാറി മാറി വന്നു...
പിന്നീട് ബിന്ദുവിന്റെ അമ്മമ്മയ്ക്ക് തൊണ്ടയിലെ ക്യാൻസർ കലശലാവുകയും ബിന്ദു ചേനപ്പാടിയിലേയ്ക്ക് പോവുകയും ചെയ്തു.

എന്റെ വിവാഹം കഴിഞ്ഞു. പി. എസ്സ്. സി. വഴി ഞാൻ ആഗ്രഹിച്ച ജോലി ലഭിച്ചു. കാലങ്ങൾ പിന്നെയും ഏറെ കഴിഞ്ഞു. എന്റെ ചുമതലകളിലും ജീവിതത്തിരക്കിലും പെട്ട് ഞാൻ ഞാനല്ലാതായി മാറി.
എന്റെ നാട്ടുകാരെയോ ഞാൻ സ്നേഹിച്ചവരെയോ, എന്നെ സ്നേഹിച്ചവരെയോ കുറിച്ച് വല്ലപ്പോഴും ഓർമ്മിച്ചെങ്കിലും ചെന്നു കണ്ടില്ല, ഒന്നാം നമ്പർ കൃതഘ്നയാണു ഞാൻ . ഒരു ഒച്ചിനെപ്പോലെ ഞാൻ എന്റെ ഷെല്ലിൽ ഒളിച്ചു. എന്റെ ചിന്തയിൽ എന്റെ കർത്താവ്, ഭർത്താവ്, മക്കൾ, ഇപ്പോൾ മരുമക്കളും ജനിയ്ക്കാനിരിയ്ക്കുന്ന അനുഗ്രഹിയ്ക്കപ്പെട്ട തലമുറകളും മാത്രം.
ഞാൻ പറഞ്ഞല്ലോ, കഷ്ടം, എനിയ്ക്ക് എന്നോടു തന്നെ വെറുപ്പു തോന്നുന്നു. ഞാനാണ് ഒന്നാം നമ്പർ കൃതഘ്ന. യേശുവേ മഹാപാപിയായ എന്നോട് ക്ഷമിയ്ക്കണമെ!
കർത്താവായ യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമെ, അങ്ങ് ... ഹൃദയപരമാർത്ഥികൾക്കും നല്ലവർക്കും അങ്ങേലോകത്തിൽ മാത്രമല്ല ഈ ലോകത്തിലും നന്മ ചെയ്യണമെ!

ബിന്ദു തോമസ് എന്ന പ്രിയപ്പെട്ട എന്റെ ബിന്ദുമോൾക്ക്
കണ്ണീരിൽ കുതിർന്ന സ്നേഹാഞ്ജലികൾ. യേശു അപ്പച്ചനോടൊപ്പം മോൾ നിത്യതയിൽ സന്തോഷമായി വാഴൂ.