നൂറുകണക്കിന് മലയാളികള്‍ ചേര്‍ന്ന് 2 ബില്യണ്‍ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി; ആരോപണവുമായി കുവൈറ്റ് ബാങ്ക്

കുവൈറ്റ് : കുവൈറ്റ് അല്‍ അഹ്ലി ബാങ്കില്‍ നിന്ന് നൂറുകണക്കിന് മലയാളി പ്രവാസികള്‍ ചേർന്ന് 2 ബില്യണ്‍ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ഈ പണം തിരിച്ചടയ്ക്കാതെ ഇവർ കുവൈറ്റില്‍ മുങ്ങി. 2 ബില്യണ്‍ രൂപയിലധികം (6.9 ദശലക്ഷം കുവൈറ്റ് ദിനാർ) തട്ടിയ കേസില്‍ കേരളത്തില്‍ ഇതിനകം തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 806 പേർ നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ്.
2019 നും 2023 നും ഇടയില്‍ പ്രതികള്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇവർ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. ഇതിനുശേഷം ഇവർ രാജ്യം വിടുകയായിരുന്നു. ഇതില്‍ ചിലർ പിന്നീട് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് കുടിയേറിയതായി പൊലിസ് പറഞ്ഞു. ഈ അന്വേഷണത്തിന് പുറമേ, 2019 നും 2021 നും ഇടയില്‍ 10.3 മില്യണ്‍ രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നിലവില്‍ 13 മലയാളികള്‍ നിയമനടപടികള്‍ നേരിടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ബാങ്ക് പ്രതിനിധി മുഹമ്മദ് അല്‍ ഖത്താൻ സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കോട്ടയത്തും എറണാകുളത്തും എഫ്ഐആർ രജിസ്റ്റർ ചെയ്തു.