അതിവേഗ റെയിൽ പദ്ധതിയെ പിന്തുണച്ച് മുന്നണികൾ

Jan 25, 2026 - 20:00
 0  5
അതിവേഗ റെയിൽ പദ്ധതിയെ പിന്തുണച്ച്   മുന്നണികൾ

എറണാകുളം: കേരളത്തിൻ്റെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റം കുറിക്കാനൊരുങ്ങുന്ന പുതിയ അതിവേഗ റെയിൽ ഇടനാഴിയെ സ്വാഗതം ചെയ്ത് ഭരണ-പ്രതിപക്ഷങ്ങൾ.

 'മെട്രോമാൻ' ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതി സംസ്ഥാനത്തിന് ഗുണകരമാകുമെന്ന നിലപാടിലാണ് യുഡിഎഫും സിപിഎമ്മും.

കേരളത്തിന് ഒരു അതിവേഗ റെയിൽ ഇടനാഴി ആവശ്യമാണെന്നും കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് അത്തരമൊരു പദ്ധതിയെ എതിർക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സാമ്പത്തിക പ്രത്യാഘാതങ്ങളും പാരിസ്ഥിതിക ആശങ്കകളും കാരണം സംസ്ഥാന സർക്കാരിൻ്റെ സിൽവർലൈൻ പദ്ധതിയായ സെമി-ഹൈ സ്പീഡ് റെയിൽ ഇടനാഴിയെ യുഡിഎഫ് എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"കൃത്യമായ ഡിപിആർ ഇല്ലാതെയും പരിസ്ഥിതി പഠനങ്ങൾ നടത്താതെയുമാണ് സിൽവർലൈൻ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് ഞങ്ങൾ അതിനെ എതിർത്തത്. എന്നാൽ പുതിയ ബദൽ നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവർ ഡിപിആർ തയ്യാറാക്കട്ടെ," സതീശൻ കൊച്ചിയിൽ പറഞ്ഞു. സംസ്ഥാനത്തിന് ഒരു അതിവേഗ റെയിൽ ഇടനാഴി ആവശ്യമുള്ളതിനാൽ ഒരു ബദൽ പദ്ധതി പരിശോധിക്കാം.

കാലാവസ്ഥ വ്യതിയാനം ഗൗരവമായ വിഷയമായതിനാൽ ഇത്തരം പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമ്പോൾ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 30 അടി ഉയരത്തിൽ എംബാങ്ക്മെന്റ് പണിതാൽ കേരളം എവിടേക്ക് പോകുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സിൽവർ ലൈൻ തട്ടിക്കൂട്ടിയ പദ്ധതിയാണെന്നും വിഡി സതീശൻ വിമർശിച്ചു.

വിദഗ്ധരുമായി വിശദമായ പഠനം നടത്തിയ ശേഷമാണ് കെ-റെയിൽ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് യുഡിഎഫ് സബ് കമ്മിറ്റി വ്യക്തമാക്കിയതെന്നും, സർക്കാർ തന്നെ പിന്നീട് പദ്ധതി ഉപേക്ഷിച്ചത് ആ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമരം നടത്തിയതത് അതിവേഗ റെയിലിനെതിരെയല്ലെന്നും, നല്ല നിർദേശങ്ങളെയൊക്കെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും വിഡി സതീശൻ വ്യക്തമാക്കി. 

തിരുവനന്തപുരം മുതൽ എറണാകുളം വരെ നിലവിലുള്ള പാതയിൽ നിരവധി വളവുകളുണ്ടെന്നും, അവ നിവർത്തി ഡബിൾ റെയിൽ ലൈൻ നിർമ്മിച്ചാൽ വേഗത വർധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് സ്പീഡ് റെയിലും അടിസ്ഥാന സൗകര്യ വികസനവും ഒരുപോലെ വേണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

നിർദിഷ്ട പദ്ധതി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും ഒരു റെയിൽ പാത നിർദേശിക്കപ്പെടുന്നു എന്നതുകൊണ്ട് മാത്രം ആളുകൾ ആർക്കും വോട്ട് ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.