ഫാമിലി വിസയിൽ കഴിയുന്നവർക്ക് സൗദിയിൽ ജോലി ചെയ്യാം; പ്രത്യേക നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

Sep 26, 2025 - 15:37
Sep 26, 2025 - 19:09
 0  273
ഫാമിലി വിസയിൽ കഴിയുന്നവർക്ക് സൗദിയിൽ ജോലി ചെയ്യാം;  പ്രത്യേക നിയമത്തിന് മന്ത്രിസഭയുടെ  അംഗീകാരം

റിയാദ്:സൗദിയിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് രാജ്യത്ത് ജോലി ചെയ്യാൻ കഴിയുന്ന പ്രത്യേക നിയമത്തിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചു. ഇതിനായി നൽകേണ്ട ലെവി നിശ്ചയിക്കാനുള്ള അധികാരം മന്ത്രിക്ക് കൈമാറി. മലയാളി പ്രവാസികൾക്കടക്കം ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ നിയമം.

രാജ്യത്ത് ആശ്രിത വിസയിൽ എത്തിയവർക്ക് കൂടുതൽ മേഖലകളിലേക്ക് ജോലി ചെയ്യാൻ അവസരം നൽകുന്നതാണ് പുതിയ നിയമം. ഇതിനായി തൊഴിൽ മന്ത്രാലയത്തിന് അനുമതി നൽകി. ആശ്രിത വിസയിൽ ജോലി ചെയ്യുന്നവർക്കുള്ള ലെവി നിശ്ചയിക്കാനുള്ള അധികാരവും മന്ത്രിക്ക് കൈമാറി. ആശ്രിത വിസയിലുള്ള ജീവനക്കാരന്റെ കമ്പനികളായിരിക്കും ലെവി നൽകാൻ ബാധ്യസ്ഥരാവുക.

പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് പുതിയ നിയമം ഏറെ ഗുണം ചെയ്യും. പ്രവാസികളുടെ ആശ്രിതരെ ജോലിയിലെടുക്കുന്ന കാര്യം നേരത്തെ പരിഗണനയിലുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പകരമായാണ് തീരുമാനം. ഇതിനായുള്ള നടപടികളും ക്രമീകരണങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾക്കനുസൃതമായിരിക്കും പുതിയ നിയമം നടപ്പാക്കുക. ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന വനിതയുടെ പിതാവ് തുടങ്ങിയവർക്കായിരിക്കും ജോലി ചെയ്യാൻ അനുമതി.

സൗദി വൽക്കരണ പദ്ധതിയുടെ വ്യവസ്ഥകളാക്കനുസരിച്ചായിരിക്കും അവസരം. നിലവിൽ അധ്യാപക മേഖലയിലടക്കം നിരവധി പ്രവാസികൾ ഫാമിലി വിസയിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം ഇത്തരക്കാർക്കും ഗുണം ചെയ്യും. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാവുക.