തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രശ്‌ന ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധികസുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ബൂത്തില്‍ അക്രമസാധ്യതയുണ്ടാകുമെന്ന ഭയമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം.
മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഇതിന് അനുവാദം നല്‍കും. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നുമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.